കാലികം: ദൈവഭയം നഷ്ടപ്പെട്ട തലമുറ | ഡെല്ല ജോൺ, താമരശ്ശേരി
മാർച്ചിലെ അന്തരീക്ഷ ഊഷ്മാവിനെ വെല്ലുന്ന ഉള്ളു പൊള്ളിക്കുന്ന വാർത്തകളുമായിട്ടാണ് ഓരോ ദിവസത്തെയും വാർത്താമാധ്യമങ്ങൾ കൺമുമ്പിൽ എത്തുന്നത്. പ്രകൃതി പ്രതിഭാസത്തിന്റെ ചൂടുകൊണ്ട് വരണ്ടതും വറ്റിയതും ജലാശയങ്ങളും അരുവികളുമാണെങ്കിൽ മറ്റെന്തൊക്കെയോ ഘടകങ്ങൾ വറ്റിച്ചു കളഞ്ഞത് മനുഷ്യഹൃദയത്തിൽ സൂക്ഷിച്ചിരുന്ന സ്നേഹത്തിന്റെ കണികകളും നന്മയുടെ ഉറവുകളും ആയിരുന്നു. വറ്റി വരണ്ട് ശോഷിച്ചു ശോഷിച്ചു ഇല്ലാതെയായി എന്നതല്ലേ വാസ്തവം? എവിടെയാണ് നമുക്ക് തെറ്റുപറ്റിയത്? ഭരണസംവിധാനത്തിലോ? നിയമസംഹിതകളിലോ? കുടുംബബന്ധങ്ങളിലോ? ഗുരുശിഷ്യബന്ധങ്ങളിലോ? കൂട്ടുകെട്ടുകളിലോ?? ആത്മീയ കൂട്ടായ്മകളിലോ? എവിടെയൊക്കെയോ എന്തെല്ലാമോ തകരാറുകൾ സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ മനസ്സാക്ഷിയുള്ളവർക്ക് ആർക്കും കഴിയാത്ത വണ്ണം യുവതലമുറ മാറിക്കഴിഞ്ഞു.
സംസ്കാരത്തിലും സഹജീവി സ്നേഹത്തിലും ഊറ്റം കൊള്ളുന്ന മലയാളിയുടെ മനസ്സുലയ്ക്കുന്ന എത്രയോ സംഭവങ്ങൾ ഈയിടെയായി ഇവിടെ ഉണ്ടായിക്കഴിഞ്ഞു.
നല്ല സൗഹൃദബന്ധങ്ങൾ രൂപപ്പെടുത്തി ജീവിതത്തെയും സമൂഹത്തെയും യാഥാർത്ഥ്യബോധത്തോടെ കണ്ടു തുടങ്ങേണ്ട ചെറുപ്രായത്തിൽ അടിപിടി അക്രമവും കൊലപാതകവാസനയുമാണ് യുവതയെ നയിക്കുന്നത്. വർണ്ണവും പ്രപഞ്ചവും പ്രശസ്തിയും കൗമാരത്തെയും യൗവനത്തെയും മാടിവിളിക്കുകയാണ് എവിടെയും ചതിക്കുഴികൾ. സുഹൃത്തിന്റെയും രക്ഷകന്റെയും ഒക്കെ റോളിൽ ഫേസ്ബുക്ക്, ഇന്റർനെറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ മക്കളെ വലവീശിപ്പിടിച്ചു കൊണ്ടിരിക്കുകയാണ്.ഒരു ചുവടു പാളിയാൽ കൗമാരം നാശത്തിലേയ്ക്ക് വഴിമാറും. പക്വതയിലേക്ക് വളരുവാൻ തലമുറകളെ പഠിപ്പിക്കാം.
സാങ്കേതികവിദ്യ അങ്ങേയറ്റം വളർന്നപ്പോൾ തളർന്നുപോയത് നമ്മുടെ മൂല്യ വ്യവസ്ഥകളാണ്.
നാളെയുടെ പ്രതീക്ഷകളെ തല്ലി കെടുത്തുന്ന അപരിചിത വഴികളിലേക്ക് നമ്മുടെ കുഞ്ഞുങ്ങൾ തിരിയാതിരിക്കാൻ പ്രയോജനപ്രദമായ വഴികൾ കണ്ടെത്തണം . അവരുടെ ഊർജ്ജത്തെ തിരിച്ചുവിടാൻ പോംവഴികൾ ആസൂത്രണം ചെയ്യണം . എവിടെയാണ് പാളിച്ചകളെന്ന് തിരിച്ചറിയണം.
ആകുല ചിന്തകൾ മനസ്സിൽ ആധിപത്യം നേടി മാനസിക സമ്മർദ്ദങ്ങളിൽ അകപ്പെട്ട് നിരാശപ്പെട്ട് പോകാതെ നമ്മുടെ കുഞ്ഞുങ്ങൾക്ക് കൂട്ടായ്മയുടെ സംരക്ഷണ കവചം ഒരുക്കണം.
ഇന്നത്തെ തലമുറയ്ക്ക് ദൈവഭയം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഏതു തെറ്റിലേക്കും വലിച്ചിഴയ്ക്കപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം.
ദൈവഭയം ശരിയായത് ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. ജ്ഞാനത്തിന്റെ പാഠശാലയിലെ ആദ്യ പാഠം ദൈവഭയമാണ്. അത് നഷ്ടപ്പെട്ടാൽ എന്തും ചെയ്യാൻ മടിക്കാത്തവരായി തലമുറ മാറും.
“Just as courage is the danger of life, so is fear its safeguard.
ധൈര്യം ജീവനെ അപായപ്പെടുത്തുന്നു, ഭയം അതിനെ സംരക്ഷിക്കുന്നു.”
പ്രശസ്ത ഇറ്റാലിയൻ കലാകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ വാക്കുകൾ എത്രയോ അർത്ഥവത്താണ് . ജീവനെ അപായപ്പെടുത്തുന്ന ധൈര്യത്തേക്കാൾ ജീവിതത്തെ സംരക്ഷിക്കുന്ന ഭയമാണ് നമുക്ക് ആവശ്യം. അത് തന്നെയാണ് ഇന്നത്തെ തലമുറയ്ക്ക് ഇല്ലാതെ പോയതും.
ദോഷത്തെ വെറുക്കുന്നതും ദോഷത്തെ വിട്ടകലുന്നതുമായ ദൈവഭയമുള്ളവരായി നമ്മുടെ തലമുറ മാറേണ്ടതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ദൈവത്തെ ഭയപ്പെട്ട സൂതികർമ്മിണികൾ മിസ്രയിം രാജാവിന്റെ കൽപ്പനയെക്കാൾ രാജ്യത്തെ ഇസ്രായേൽ മക്കളുടെ ആൺകുട്ടികളുടെ ജീവന് വിലകൽപ്പിച്ചു. ദൈവം അവരുടെ ഗൃഹത്തെ അനുഗ്രഹിച്ചു എന്നാണ് വചനം പറയുന്നത്. ദൈവഭയമുള്ള യോസേഫ് പൊത്തിഫേറിന്റെ ഭാര്യയുടെ പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ നീതിമാനായി നിലകൊണ്ടു,ദൈവം യോസേഫിനെ മിസ്രയീം ദേശത്തിന് ഒക്കെയും അധിപതിയാക്കി .ദാനിയേലും കൂട്ടുകാരും ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് രാജാവിന്റെ ഭോജനം കൊണ്ടും താൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തങ്ങളെ തന്നെ അശുദ്ധമാക്കാതെ തന്നെത്താൻ സൂക്ഷിക്കുവാൻ തീരുമാനിച്ചു.രാജാവ് ദാനിയേലിനെ മഹാനാക്കി.ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ നമുക്ക് വേദപുസ്തകത്തിൽ കാണുവാൻ കഴിയുന്നുണ്ട്. എന്നാൽ തൻ കാര്യങ്ങളുടെ വിളംബരങ്ങൾക്കു മാത്രം സമയം കണ്ടെത്തുന്ന ആത്മീയ നേതൃത്വവും മുതിർന്നവരും അപരന്റെ വിലാപങ്ങൾക്ക് വേണ്ടത്ര ഇടവും പ്രാധാന്യവും കൊടുക്കാൻ ശ്രമിക്കാറില്ല . ദൈവഭയമില്ലാതെ ഒരു തലമുറ മുതിർന്നു വരുന്നു എന്ന് ആരും ഗൗനിക്കുന്നില്ല.
എന്നാൽ
നിരീക്ഷണ ക്യാമറകൾക്ക് നടുവിൽ സത്യസന്ധരാകുന്നതുപോലെ ദൃക്സാക്ഷികൾ ഇല്ലാത്തപ്പോഴും നേർവഴിയിൽ സഞ്ചരിക്കാൻ തലമുറകളെ പ്രേരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
ജീവിതത്തിന് അവബോധം നൽകുന്ന അദൃശ്യസാന്നിധ്യത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കാം. എല്ലാവരുടെയും കൂടെ ഒരാൾ ഉണ്ടെന്നും ആ ദൈവം എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട് എന്നുമുള്ള ബോധ്യം അസാധാരണമായ ഉൾപ്രേരണയും ദൃഢ നിശ്ചയവും നൽകി നമ്മുടെ കുഞ്ഞുങ്ങളെ വഴി നടത്തട്ടെ….
പക്ഷികളെപോലെ പറന്ന് ആകാശത്തിൽ നടക്കുവാനും മത്സ്യത്തെപ്പോലെ ഊളിയിട്ട് കടലിന്റെ അഗാധതയിൽ നീന്താനും ഒക്കെ പഠിപ്പിക്കുന്നതിനിടയിൽഈ ഭൂമിയിലെ മനുഷ്യർക്കിടയിൽ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള പരിശീലനം കൂടി നൽകുവാൻ നാം മറന്നു പോകരുത്..
ഡെല്ല ജോൺ
താമരശ്ശേരി
Comments are closed, but trackbacks and pingbacks are open.