ക്രൈസ്തവ സഭകളെ തകര്‍ക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നു: സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: രാജ്യത്ത് ക്രൈസ്തവ സഭകളെ തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ മെട്രോ പോളിറ്റന്‍ പ്രോവിന്‍സ് പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഭാസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതും ദുരുദ്ദേശ്യപൂര്‍വ്വം അനാവശ്യ സമരങ്ങള്‍ സൃഷ്ടിക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് മാര്‍ താഴത്ത് പറഞ്ഞു.

ഇരിഞ്ഞാലക്കുട രൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. രാമനാഥപുരം രൂപത അധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്, പാലക്കാട് രൂപത അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആത്മീയതയില്‍ അധിഷ്ഠിതമായ സമുദായ ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി റിട്ട.ജസ്റ്റിസ് എബ്രഹാം മാത്യുവും, സംരംഭകത്വവും നേതൃത്വവും എന്ന വിഷയത്തെ ആസ്പദമാക്കി ജോയ്‌സ് മേരി കോതമംഗലം എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.
വിവിധ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മോണ്‍. ജോളി വടക്കന്‍ , മോണ്‍. ജീജോ ചാലക്കല്‍, ഫാ. ഡൊമിനിക് തലക്കോടന്‍, ഫാ. ജിയോ കുന്നത്തുപറമ്പില്‍, ജോഷി വടക്കന്‍, സിസ്റ്റര്‍ നമിത റോസ് എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍ സഭ പ്രഖ്യാപിച്ചിട്ടുള്ള സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക രിച്ച് സമയബന്ധിതമായി നടപ്പിലാക്കണമെന്ന് യോഗം തീരുമാനിച്ചു.

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ പുരോഹിതരെയും സുവിശേഷകരെ പോലും ജയിലില്‍ അടയ്ക്കുന്നതായും, ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാ വകാശങ്ങള്‍ വരെ നിഷേധിക്കപ്പെടുന്നതായും, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത നിസംഗത പുലര്‍ത്തുന്നതായും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
തൃശൂര്‍ മെട്രോപൊളിറ്റന്‍ പ്രോവിന്‍സില്‍ ഉള്‍ക്കൊള്ളുന്ന പാലക്കാട്, ഇരിഞ്ഞാലക്കുട, രാമനാഥപുരം, തൃശൂര്‍ രൂപതകളിലെ വൈദികരും, സമര്‍പ്പിതരും, അത്മായരും ഉള്‍പ്പെടെ അഞ്ഞൂറോളം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.