അറ്റുപോകുന്ന മുത്തശ്ശി കഥകളും, പെട്ടുപോകുന്ന ബാല്യവും | നിഖിൽ മാത്യു
കഴിഞ്ഞ കുറച്ചു നാളുകളായി പല മാധ്യമങ്ങളിലൂടെയും നാം കേട്ടുകൊണ്ടിരിക്കുന്ന പദങ്ങളാണ് Gen Z, Aplha, Beta ജനറേഷൻ. ഭൂമിയിലെ ഏകദേശം 800 കോടി ജനങ്ങളും പല കാലയളവിൽ ജനിച്ചവരാണ്. ഓരോ കാലത്തിലെയും സാമൂഹിക സാഹചര്യങ്ങൾ, മാറ്റങ്ങൾ, വ്യക്തികൾ, ഉപകരണങ്ങൾ എന്നിവ ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ഓരോ തലമുറയും മുൻതലമുറകളിൽ നിന്നും വ്യത്യസ്തമാണ്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സാങ്കേതിക വിപ്ലവങ്ങൾ നടക്കുന്ന ഒരു കാലത്തിലേക്കാണ് Beta ജനറേഷൻ സ്വാഗതം ചെയ്യപ്പെടുന്നത്.Gen Z, Alpha ജനറേഷൻസ് എല്ലാം തന്നെ സമാനതകളില്ലാത്ത സംഘർഷങ്ങളിലൂടെയും, വിചിത്ര ഭാവനകളുടെയും, ഭ്രാന്തൻ ചിന്താഗതികളുടെയും പായി മരം കെട്ടിയ വഞ്ചി തുഴഞ്ഞു നീങ്ങുകയാണ്.
ഓരോ തലമുറയുടെയും തനതായ സവിശേഷതകളും വെല്ലുവിളികളും മനസ്സിലാക്കുന്നതിലൂടെ അവരിലേക്ക് ഫലപ്രദമായി എത്തിച്ചേരുവാൻ സാധിക്കും. അവിടെയാണ് പേരെന്റിങ്ങിന്റെ സാധ്യതകൾ തെളിഞ്ഞുവരുന്നത്. അറ്റുപോയ മുത്തശ്ശി കഥകളുടെ ഇരകൾ കൂടിയാണ് ഈ കാലഘട്ടത്തിലെ കുഞ്ഞുങ്ങൾ. മാതാപിതാക്കൾ സ്വയം നിശബ്ദരായും കുഞ്ഞുങ്ങളെ നിശബ്ദരാക്കിയും മുൻപോട്ടു കടന്നു പോകുമ്പോൾ നാം തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട് ഒരാൾ അയാളായി മാറുന്നതിന്റെ പിമ്പിൽ മുൻപേ കടന്നുപോയ നിരവധി മനുഷ്യരും അവരുടെ ജീവിതവും ഉണ്ട്. ഒരു മനുഷ്യനെ പൊതിഞ്ഞു സൂക്ഷിക്കുവാനും പിന്നീട് തുറന്നു പറക്കുവാനും പ്രാപ്തരാക്കുന്ന ഒരു പ്രക്രിയ കൂടിയാണ് രക്ഷാകർതൃത്വം അഥവാ പേരെന്റിങ്.
Ai യും ഓട്ടോമേഷനും കൂടുതൽ പ്രബലം ആകുമ്പോൾ ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ച മനുഷ്യനും ആ മനുഷ്യൻ മനുഷ്യനായി തന്നെ നിലനിൽക്കണം എന്നതിനോട് ഒരുപക്ഷേ കുട്ടികൾക്ക് പൊരുത്തപ്പെടാൻ കഴിയുന്നുണ്ടാവില്ല മനുഷ്യന്റെ ഐഡന്റിറ്റിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ കുടുങ്ങി നിൽക്കുകയാണ് പല കുഞ്ഞുങ്ങളും.
കുട്ടികൾ മാതാപിതാക്കളെ സരളമായി കേട്ടിരുന്ന കാലം മാറി എന്നും മാതാപിതാക്കൾ കുട്ടികളെ നിരീക്ഷിക്കുന്നതിനേക്കാൾ കുട്ടികൾ മാതാപിതാക്കളെ നിരീക്ഷിക്കുന്നു എന്ന ബോധ്യം ഓരോ മാതാപിതാക്കൾക്കും ഉണ്ടാവട്ടെ. എല്ലാ ഘട്ടത്തിലും കുട്ടികളിൽ ഉണ്ടാവുന്ന മാനസിക ശാരീരിക വളർച്ചയെ കുറിച്ചുള്ള കൃത്യമായ ധാരണ മാതാപിതാക്കൾക്ക് ഉണ്ടാകേണ്ടതുണ്ട്.
ഈ തലമുറയുടെ ഭാഷ നാം തിരിച്ചറിയേണ്ടതുണ്ട്. അവരിൽ ഒരാളായി നിന്നുകൊണ്ട് ക്രിസ്തുവിനെ അവർക്ക് പ്രസന്റ് ചെയ്യുക. എല്ലാവർക്കും അവരവർ നന്മയുള്ളവരാണ്, നന്മ ചെയ്യുന്നതിലും അപ്പുറം നന്മയായി മാറുകയാണ് പ്രധാനം. സ്വന്തം കുടുംബത്തിന്റെ ഉള്ളിൽ ക്രിസ്തുവിനെ പ്രസന്റ് ചെയ്യുക എന്നുള്ളത് തന്നെയാണ് പേരെന്റിങ്ങിലെ ഏറ്റവും വലിയ വെല്ലുവിളി, നമ്മിൽ നിറഞ്ഞു കവിയുന്ന ദൈവ സ്നേഹത്തിന് മാത്രമേ അതിനെ സാധ്യമാക്കാൻ കഴിയുകയുള്ളൂ.
വഴിതെറ്റിക്കാത്ത വാൽനക്ഷത്രങ്ങൾ ആയി മാറുവാൻ മാതാപിതാക്കൾക്ക് മാത്രമല്ല ചേട്ടനും, ചേച്ചിക്കും എന്തിനേറെ ഒരു സൺഡേ സ്കൂൾ അധ്യാപിക അധ്യാപകനോ വരെ സാധിക്കും എന്നതാണ് യാഥാർത്ഥ്യം.
എഫെസ്യർ 6:4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ എന്ന് ലേഖകൻ വിളിച്ചു പറയുമ്പോൾ നാം സ്വയം ചോദിക്കേണ്ട ചോദ്യം നമ്മുടെ കുഞ്ഞുങ്ങളെ നാം പഥ്യോപദേശത്തിലാണോ ധർമ്മോപദേശത്തിലാണോ വളർത്തുന്നത് എന്നതാണ്. രണ്ടും തികച്ചും വ്യത്യസ്തമാണ്.
നമുക്ക് നിഷേധിക്കപ്പെട്ടത് അവർക്ക് നിഷേധിച്ചും നാം പേടിച്ചതിനെ കാട്ടി അവരെ പേടിപ്പിച്ചു ദുർബലരാക്കി നാം നമ്മുടെ കുഞ്ഞുങ്ങളെ വളർത്താൻ ശ്രമിക്കരുത്. അവരെ കുറച്ചുകൂടി കേൾക്കുന്നവരായി തീരുക, അവർക്ക് പറന്നുയരാൻ ഒരു ആകാശം തുറന്നു കൊടുക്കുക. ഒരു പൂമ്പൊടിയിൽ നിന്നും മനോഹരമായ പൂന്തോട്ടം വിടരുന്നത് പോലെ വരാനിരിക്കുന്ന ഒരായിരം വസന്തങ്ങൾ അവർക്കായി തുറന്നു കൊടുക്കുക.
സ്വയപ്രയത്നങ്ങൾക്കപ്പുറത്ത് ഈ വലിയ പ്രക്രിയയ്ക്ക് ദൈവകൃപ കൂടിയ മതിയാകൂ.
സദൃശവാക്യങ്ങൾ 22:6 ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
PARENTING IS AN ART, AN ART WITH ETERNAL PERSPECTIVE…
Comments are closed, but trackbacks and pingbacks are open.