ഐപിസി കറുകച്ചാൽ സെൻ്റർ പാസ്റ്ററായി സാം പി.ജോസഫ് നിയമിതനായി.

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കറുകച്ചാൽ സെൻ്റർ പാസ്റ്ററായി സഭാപ്രസ്ബിറ്ററി അംഗമായ പാസ്റ്റർ സാം പി.ജോസഫ് നിയമിതനായി. സഭയുടെ സീനിയർ ശുശ്രൂഷകൻ പരേതനായ പാസ്റ്റർ ടി.എ.ചെറിയാൻ്റെ പിൻഗാമിയായാണ് നിയമനം.നിലവിൽ തിരുവല്ല സെൻ്ററിലെ വേങ്ങൽ ഐപിസി സഭാ ശുശ്രൂഷകനും ഐപിസി സ്റ്റേറ്റ് പിജി ബോർഡ് ചെയർമാനുമാണ്.

മല്ലപ്പള്ളി- നെടുങ്ങാടപ്പള്ളി പേഴത്തോലിക്കൽ പരേതരായ പാസ്റ്റർ പി.ടി.ജോസഫ് (മേലുകാവ് മുൻ സെൻ്റർ പാസ്റ്റർ) – ചിന്നമ്മ ജോസഫ് ദമ്പതികളുടെ മകനാണ്. ഹരിയാന ഗ്രേസ് ബൈബിൾ കോളജ്, ഐപിസി സീയോൻ ബൈബിൾ കോളജ് എന്നിടങ്ങളിലെ പഠനത്തിനു ശേഷം സെറാംപൂർ സർവകലാശാലയിൽ നിന്നും ബിഡിയും തിരുവല്ല മാർത്തോമ്മ കോളജിൽ നിന്നും ബിഎ ബിരുദവും നേടി. സഭയുടെ കുമ്പനാട്, തിരുവല്ല സെൻ്ററുകളുടെ സെക്രട്ടറി, മേലുകാവ് സെൻ്റർ പാസ്റ്റർ, കുവൈത്ത് റീജൻ വൈസ് പ്രസിഡൻ്റ്, പിവൈപിഎ മേഖല സെക്രട്ടറി, സൺഡേസ്കൂൾ കേന്ദ്ര കമ്മറ്റി അംഗം, മേഖല വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഐപിസി സഭാ സ്റ്റേറ്റ് കൗൺസിൽ അംഗം, മല്ലപ്പള്ളി യുപിഎഫ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

മല്ലപ്പള്ളി സെൻ്ററിലെ ചുങ്കപ്പാറയാണ് ശുശ്രൂഷിച്ച ആദ്യ പ്രദേശിക സഭ. ഐപിസി കുവൈറ്റ്, അബുദാബി, പട്ടാഭിരാം – ചെന്നൈ, തോട്ടഭാഗം, ചെങ്ങരൂർ, പൂവത്തൂർ, തട്ടയ്ക്കാട് – കുമ്പനാട്, കിടങ്ങന്നൂർ എന്നീ സഭകളിൽ പാസ്റ്റർ ആയിരുന്നു. 41വർഷമായി കുടുംബമായി സഭാ ശുശ്രൂഷയിലാണ്.
ഭാര്യ: വൽസമ്മ സാം.
മക്കൾ: സ്റ്റീവ്, ജൊഹാൻ.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.