ലേഖനം: വിശ്വാസത്തിന്റെ മനോഭാവം | സാം മാത്യൂ, ബഹ്റൈൻ

വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
2017 September 13 നു IS ഭീകരുടെ തടവിൽ നിന്നും മോചിതനായ ഫാദർ ടോം ഉഴുന്നാലിന്റെ ഒരു പ്രസ്താവന അടുത്ത ദിവസത്തെ പത്രത്തിൽ വന്നിരുന്നു. യെമനിൽ ഭീകരർ ആക്രമിക്കുന്നതിന്റെ തലേ ദിവസം നടന്ന ടീം മീറ്റിംഗിൽ യെമനിൽ ഉള്ള പ്രവർത്തനങ്ങളിൽ നേരിടുന്ന പ്രയാസങ്ങളെപ്പറ്റിയും ഇങ്ങനെ തുടർന്ന് പോയാൽ ക്രിസ്തുവിനു വേണ്ടി മരിക്കേണ്ടിവരും എന്നും ഡയറക്ടർ പറയുകയുണ്ടായി. അപ്പോൾ അതിലെ ഒരു യൗവനക്കാരൻ ക്രിസ്തുവിനുവേണ്ടി മരിക്കുന്നതിനേക്കാൾ ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നതാണ് എനിക്കിഷ്ട്ടം എന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം ഭീകരർ അപ്രതീക്ഷിതമായി അവരുടെ ആസ്ഥാനം ആക്രമിക്കുകയും ചിലർ മരണപ്പെടുകയും ചെയ്തു. എന്നാൽ തലേ ദിവസം ക്രിസ്തുവിനുവേണ്ടി ജീവിക്കാൻ ആഗ്രഹം പറഞ്ഞ യൗവനക്കാരൻ അത്ഭുതമായി രക്ഷപെട്ടു. ഇതാണ് വിശ്വാസത്തിന്റെ പ്രവർത്തിപഥം.
ലോകത്തിൽ കഷ്ടങ്ങളും പ്രതിസന്ധികളും ഉണ്ട്, എന്നാൽ അതിൽ തകർന്നു പോകുന്നതോ തീർന്നു പോകുന്നതോ അല്ല വിശ്വാസ ജീവിതം.
പൗലോസ് തന്റെ സുവിശേഷ യാത്രയിൽ ബഹുകഷ്ടങ്ങളും അനവധി പ്രതിസന്ധികളും ഉപദ്രവങ്ങളും ഒക്കെ നേരിട്ടു എന്നാൽ വലിയ പോരാട്ടത്തോടെ കർത്താവിന്റെ സുവിശേഷം പ്രസംഗിക്കാൻ വിശ്വാസത്തോടെ ദൈവത്തിൽ ധൈര്യപ്പെട്ടു പ്രവർത്തിച്ചു. വിശ്വാസത്തിന്റെ പ്രവർത്തിയാണ് പ്രധാനം. അതിനുള്ള മനോഭാവം ഉള്ളിൽ ഉണ്ടെങ്കിൽ വിശ്വാസത്തോടെ അതിനായി സ്റ്റെപ് വയ്ക്കുകയാണെങ്കിൽ അത് സാധിക്കുക തന്നെ ചെയ്യ്യും.
നമ്മുടെ മനോഭാവമാണ് വിശ്വാസത്തിന്റെ പ്രവർത്തി ഉണ്ടാക്കുന്നത്. അബ്രഹാം ദൈവം പറഞ്ഞത് വിശ്വസിച്ചു, അത് അവനു നീതിയായി കണക്കിട്ടു.
എബ്രായർ 11 മത്തെ അധ്യായത്തിൽ വിശ്വാസവീരന്മാരുടെ പ്രവർത്തികൾ ആണ് വിവരിച്ചിരിക്കുന്നത്. എല്ലാവരും ക്രിസ്തുവിനുവേണ്ടിയാണ് ജീവിക്കുന്നത്, പ്രവർത്തിക്കുന്നത് എന്നാൽ വിശ്വാസത്തിനു വ്യത്യാസം ഉണ്ട്. ചിലർ ക്രിസ്തുവിനുവേണ്ടി മരിക്കുന്നു, ചിലർ ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നു. ജീവിച്ചാലും മരിച്ചാലും ക്രിസ്തുവിന്റെ ഹിതം നമ്മളിൽ പൂർത്തിയാക്കുക എന്നതാണ് ഉദ്ദേശം.
എബ്രായർ 11 ന്റെ 34 മുതൽ 37 വരെയുള്ള വാക്യങ്ങൾ നോക്കുമ്പോൾ ചിലർ വാളിന്റെ വായ്ക്ക് തെറ്റി ഒഴിഞ്ഞു, ചിലർ ഈർച്ച വാളാൽ അറുക്കപ്പെട്ടു. രണ്ടു കൂട്ടരും ക്രിസ്തുവിനുവേണ്ടിയാണ് പ്രവർത്തിച്ചത്. ചിലർ വാളാൽ കൊല്ലപ്പെടുന്നു ചിലർ വാളിൽ നിന്നും രക്ഷപ്പെടുന്നു. ചിലർ തങ്ങളുടെ മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിനാൽ തിരികെ കിട്ടി, മറ്റു ചിലർക്ക് നല്ലൊരു ഉയർത്തെഴുന്നേൽപ്പ്‌ ലഭിക്കേണ്ടതിനു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.
ഇവിടെ വിശ്വാസത്താൽ മരിച്ചവരിൽ ചിലർ ഉയർത്തെഴുന്നേറ്റു. മറ്റു ചിലർക്ക് ഉടൻ ഉയർത്തെഴുന്നേൽപ്പ്‌ ലഭിക്കുന്നില്ല മറിച്ചു കർത്താവിന്റെ മടങ്ങിവരവിൽ നല്ലൊരുഉയർത്തെഴുന്നേൽപ്പ്‌ ലഭിക്കും എന്ന് വിശ്വസിച്ചു ഭേദ്യപ്പെട്ടു. ഒരേ കൂട്ടർക്ക് രണ്ടു വിധത്തിൽ പ്രവർത്തി. ഇതാണ് വിശ്വാസത്തിന്റെ മനോഭാവം.
പ്രീയ ദൈവമക്കളെ, നാം എല്ലാവരും കർത്താവിനു വേണ്ടി ജീവിക്കുന്നു, അവനെ വിശ്വസിക്കുന്നു. എന്നാൽ വിഷയങ്ങളുടെ മുൻമ്പിൽ നമ്മുടെ മനോഭാവം എങ്ങനെയാണ്. നാം ഏതു തരത്തിൽ ആണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഫലവും.
നമ്മുടെ ഓരോരുത്തരുടെയും വിശ്വാസത്തിന് ഏറ്റക്കുറച്ചിൽ ഉണ്ട്. എന്നാൽ എന്ത് ആകണം അല്ലെങ്കിൽ എന്ത് ഭവിക്കണം എന്നാണോ നാം ആഗ്രഹിക്കുന്നത് ആ മനോഭാവത്തിലുള്ള വിശ്വാസമാണ് നമ്മെ അതിന്റെ പ്രവർത്തിയുടെ പൂർത്തീകരണത്തിൽ എത്തിക്കുന്നത്. ക്രിസ്തുവിനുവേണ്ടി ജീവിക്കണമെങ്കിൽ അങ്ങനെയും മരിക്കണമെങ്കിൽ അങ്ങനെയും രണ്ടും വിശ്വാസം കൊണ്ട് സംഭവിക്കുന്നു. എന്ത് ആഗ്രഹിക്കുന്നുവോ അത് വന്നു ചേരുന്നു, വിശ്വാസം ഉണ്ട് എന്നാൽ മനോഭാവം വ്യത്യസ്തം.
ആയതിനാൽ എന്ത് നാം ആഗ്രഹിക്കുന്നുവോ അത് ദൈവഹിതം എങ്കിൽ വിശ്വാസത്തോടെ ചഞ്ചലിക്കാതെ ഉറച്ച തീരുമാനത്തോടെ, മനോഭാവത്തോടെ ദൈവത്തിൽ വിശ്വസിക്കുക, ആശ്രയിക്കുക, ദൈവം അത് സാധ്യമാക്കിത്തരും.
ദൈവം ഏവരേയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.