അനുസ്മരണം: സഹോദരിന്മാർക്ക് മാതൃകയായി ശുശ്രൂഷയിലും ജീവിതത്തിലും വ്യത്യസ്തത പുലർത്തിയ സിസ്റ്റർ കുഞ്ഞമ്മ എബ്രഹാം | പാസ്റ്റർ വർഗ്ഗീസ് മത്തായി

വർഷിപ്പ് ലീഡറും ഗാനരചയിതാവുമായ ബ്ലെസൻ മേമനയുടെയും വേർഡ് മിഷ്ണറിയായ ജോൺസൻ മേമനയുടെയും പ്രത്യാശ നാട്ടിൽ ചേർക്കപ്പെട്ട മാതാവ്, കുഞ്ഞമ്മ എബ്രഹാമിനെ പാസ്റ്റർ വർഗീസ് മത്തായി അനുസ്മരിക്കുന്നു…

 

ഒരു ക്രിസ്തീയ ശുശ്രൂഷകന്റെ ഭാര്യ എങ്ങനെ ചിന്തിക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ മറ്റ് ആളുകളോടു ഇടപെടണം, എങ്ങനെ ശുശ്രൂഷ ചെയ്യണം, എങ്ങനെ ജീവിക്കണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞദിവസം നമ്മെ വിട്ടു കർത്തൃസനിധിയിൽ പ്രവേശിച്ച സിസ്റ്റർ കുഞ്ഞമ്മ എബ്രഹാം.

അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ എം ടി എബ്രഹാമിന്റെ ഭാര്യയായി 43 വർഷങ്ങൾ സഭാ ശുശ്രൂഷയിൽ തന്റെ ഭർത്താവിനോടൊപ്പം നിന്ന കുഞ്ഞമ്മാമ്മ ശുശ്രൂഷിച്ച സഭകൾക്കും ദേശങ്ങൾക്കും അനുഗ്രഹമായിരുന്നു. പാസ്റ്റർ എം ടി എബ്രഹാമിന്റെ മരണശേഷം സോദരി സമാജം പ്രവർത്തനങ്ങളിൽ സജീവമായ സിസ്റ്റർ കുഞ്ഞമ്മ എബ്രഹാം ആറ് പതിറ്റാണ്ടുകൾ ക്രിസ്തുവിന് വേണ്ടി അധ്വാനിച്ചിട്ടാണ് അരുമ നാഥന്റെ അടുക്കലേക്ക് പോയത്. അതിനു സഹായകരമായ ഒരു ആത്മീയ പൈതൃകം തന്റെ കുടുംബത്തിൽ നിന്നും മാതൃസഹോദരനായ ഐപിസിയുടെ മുൻ ജനറൽ പ്രസിഡൻറ് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ സി കെ ഡാനിയേലിൽ നിന്നും ഈ കർത്തൃദാസിക്കു ലഭിച്ചിട്ടുണ്ട്.

ആകർഷണീയമായ വ്യത്യസ്തതയുള്ള സ്വഭാവത്തിന്റെ ഉടമയായിരുന്നു പ്രിയ കർത്തൃദാസി. വളരെ സൗമ്യതയോടും ചുറുചുറുക്കോടും കൂടെ എല്ലാവരോടും ഹൃദ്യമായി ഇടപെടുന്ന കുഞ്ഞമ്മാമ്മയെ ഒരിക്കൽ പരിചയപ്പെട്ട ആരും മറക്കില്ല. പരിചയപ്പെട്ടവരെ കുഞ്ഞമ്മാമ്മയും മറക്കാറില്ല.

ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭ വുമൺസ് ഫെലോഷിപ്പിന്റെ (സോദരി സമാജം) കൊട്ടാരക്കര മേഖലാ പ്രസിഡൻറ്, സംസ്ഥാന കമ്മിറ്റി അംഗം, വേങ്ങൂർ സെൻറർ പ്രസിഡൻറ് എന്നീ നിലകളിൽ തൻ്റെ നേതൃത്വപാടവവും കഴിവും തെളിയിച്ച കുഞ്ഞമ്മ എബ്രഹാം പ്രസ്ഥാനത്തിന് ഒരു അനുഗ്രഹമായിരുന്നു. ഉപദേശവും ജീവിതവും കാത്തുസൂക്ഷിച്ചിരുന്നു എന്നു മാത്രമല്ല മറ്റുള്ളവരെ അതിനുവേണ്ടി ഉപദേശിക്കുകയും, വേണ്ടിവന്നാൽ സ്നേഹത്തോടെ ശാസിക്കുകയും ചെയ്യുമായിരുന്നു.

മുൻവിധികളോ, പകയോ, പിണക്കമോ കൂടാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും; മറ്റുള്ളവരുടെ വളർച്ചയിൽ സന്തോഷിക്കുകയും, അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കുഞ്ഞമ്മ.
നല്ല ഒരു സുവിശേഷകയും ഉപദേഷ്ടാവും ആയിരുന്നു. ആദരവുകളും അംഗീകാരങ്ങളും ലഭിച്ചപ്പോഴും വളരെ വിനയത്തോടെ മാത്രം അതു കൈപ്പറ്റി.

‘യഹോവ ഭക്തന്റെ ഭാര്യ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെ’ എന്നു തിരുവചനത്തിൽ എഴുതിയിരിക്കുന്നതു പോലെ സ്വന്തം കുടുംബത്തിൽ സുവിശേഷീകരണത്തിന്റെ ഫലസമൃദ്ധി നേടാൻ കഴിഞ്ഞ ഒരു നല്ല വീട്ടമ്മ ആയിരുന്നു. ഭർത്താവിനോടൊപ്പം സഭാ ശുശ്രൂഷയിൽ സജീവ പങ്കാളിത്തം വഹിച്ച പ്രിയ കുഞ്ഞമ്മാമ്മ തൻ്റെ മക്കളിൽ നാലു പേരെ ക്രിസ്തീയ സേവനത്തിലും പങ്കാളികളാകുവാൻ വളർത്തിയെടുത്തു. അനുഗ്രഹീത സംഗീതജ്ഞനും സുവിശേഷകനുമായ ഡോ. ബ്ലസൻ മേമന യുവാക്കൾക്കിടയിൽ ഒരു സെലിബ്രിറ്റി ആണ്. തൻ്റെ ശുശ്രൂഷയിലൂടെ നൂറുകണക്കിന് ചെറുപ്പക്കാരെ യേശുക്രിസ്തുവിങ്കലേക്ക് നയിക്കുന്നു. മിഷനറി സുവിശേഷകനും പ്രഭാഷകനുമായ പാസ്റ്റർ ജോൺസൺ മേമന കൺവെൻഷൻ വേദികളിലെ പ്രവാചക ശബ്ദമാണ്. ഡോക്ടർ ജെയിംസ് എബ്രഹാം അമേരിക്കയിലും പാസ്റ്റർ സ്റ്റീഫൻ ഏബ്രഹാം നൈജീരിയയിലും താമസിച്ചുകൊണ്ട് ജോലിയോടൊപ്പം കർത്താവിൻ്റെ വേലയിൽ വളരെ പ്രയോജനപ്പെടുന്നു. മറ്റു മക്കൾ പ്രിയ ജോസ് എബ്രഹാമിനെയും മേഴ്സി ഏബ്രഹാമിനെയും സ്നേഹത്തോടെ ഇത്തരുണത്തിൽ ഓർക്കുന്നു.

മക്കളെ പ്രസംഗിക്കുവാൻ മാത്രമല്ല എല്ലാവരെയും സ്നേഹിക്കുവാനും അർഹിക്കുന്നവർക്ക് കരുണയോടെ സഹായം ചെയ്യുവാനും പ്രിയ കുഞ്ഞമ്മാമ്മ പഠിപ്പിച്ചു. ഏത് സഹായവും വളരെ രഹസ്യമായി മാത്രം ചെയ്യാൻ ആഗ്രഹിക്കുന്ന മേമന കുടുംബം സുവിശേഷ പ്രവർത്തനങ്ങൾക്കും കഷ്ടതയിൽ ആയിരിക്കുന്നവർക്കും ഇന്നൊരനുഗ്രഹമാണ്.

എന്നെ സ്നേഹത്തോടെ കൊച്ചുമോൻ എന്ന് വിളിക്കുന്ന വളരെ ചുരുക്കം പേരിൽ ഒരാളാണ് പ്രിയ കർത്തൃദാസി. ഞങ്ങളുടെ ശുശ്രൂഷയ്ക്ക് എന്നും പ്രോത്സാഹനവും അനുഗ്രഹവും ആയിരുന്നു. പ്രിയ അമ്മാമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് ഞാനും സോഫിയും ഞങ്ങളുടെ മകൻ അലനും മേമന ഭവനത്തിൽ എത്തിയപ്പോൾ അമ്മാമ്മയുടെ മക്കൾ പ്രിയ ജയിംസും, സ്റ്റീഫനും, പാസ്റ്റർ ജോൺസനും അമ്മാമ്മയ്ക്ക് ഞങ്ങളോടുള്ള സ്നേഹത്തെകുറിച്ചും താല്പര്യത്തെക്കുറിച്ചും പറഞ്ഞ വാക്കുകൾ ഞങ്ങളുടെ കണ്ണുകളിൽ ഈറനണിയിക്കുന്നതായിരുന്നു. സോഫിയുമായി ഫോണിൽ സംസാരിക്കുമ്പോൾ ഞങ്ങളുടെ കാര്യവും, ശുശ്രൂഷയുടെ കാര്യവും മാത്രമല്ല ഞങ്ങളുടെ അമ്മമാരെ കുറിച്ചും, മക്കളെ കുറിച്ചും, സഹോദരങ്ങളെ കുറിച്ചും, പേര് പറഞ്ഞ് ക്ഷേമമന്വേഷിക്കുമായിരുന്നു. എന്തിനേറെ, ഞങ്ങളുടെ കൊച്ചുമക്കൾ മിരിയമിൻ്റെയും മീഖളിൻ്റെയും പേരുകൾ മറക്കാതെ പേരുപറഞ്ഞ് അവരെ അന്വേഷിക്കുമായിരുന്നു. ഇത് ഞങ്ങളുടെ മാത്രമല്ല, പ്രിയ കുഞ്ഞമ്മാമ്മയുമായി പരിചയപ്പെട്ട അടുപ്പമുള്ള എല്ലാവരുടെയും അനുഭവമാണ്. പുഞ്ചിരിക്കുന്ന ആ മുഖം കാണാനും കുഞ്ഞമ്മാമ്മയുടെ ഹൃദ്യതയുള്ള വാക്കുകൾ കേൾക്കാനും ഇനി ഈ ഭൂമിയിൽ നമുക്ക് കഴിയില്ല. കർത്താവിൻ്റെ മഹത്വ പ്രത്യക്ഷതയിൽ വീണ്ടും കാണാമെന്നുള്ള പ്രത്യാശയോടെ കാത്തിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.