കവിത: ബേഥാന്യ | പാ. അനിൽ കെ സാം, ഹൈദരാബാദ്
വന്നില്ല ഞാനവനെ നോക്കി നിന്നീടുകിൽ
വന്നിടുമെന്നുള്ളം ചൊല്ലുന്നുണ്ടാശയാൽ
വന്നീടുവാനിതു താമസമെന്തഹോ
വന്നുടൻ സൗഖ്യമതേകൂ നിൻ തൊഴന്..
ജാലകത്തിൻ പടിവാതിലിൽ തന്നെയാ
കാന്തന്റെ ആഗമനത്തിൻ പ്രതീക്ഷയോ –
ടേവം നിലകൊണ്ടിതിപ്പോഴും ദാസി ഞാൻ
കേഴുന്നു വേഗത്തിൽ വന്നീടുക പ്രഭോ..
സ്നേഹിതനായൊരു ലാസറിൻ ദീനത്തെ
കേട്ടുടൻ യാത്രപുറപ്പെടാതപ്പോഴും
പാർത്തു താൻ നാലു ദിനം വരെ പിന്നേയും
പാർത്തലം സൃഷ്ടിച്ച നാഥനവിടെയായ്..
കേട്ടൊരു വാർത്തയതേറ്റം ദയനീയം
ലാസറിൻ ദീനം മരണമായ് തീർന്നതോ
ഇല്ലില്ല നാഥൻ പറഞ്ഞു തൻ സ്നേഹിതൻ
ലാസറിൻ ദീനം മഹത്വമായ് തീർന്നിടും…
യേശുവിൻ പാദം പതിഞ്ഞതാം ബേഥാന്യ
ഈശ്വരനിൻ തവ സ്നേഹം അറിഞ്ഞിടാൻ
കാത്തിരുന്ന തന്റെ ദാസിയാം മേരിതൻ
ആംശു തുടച്ചിടാൻ ആഗതനായഹോ..
ഓടി കിതച്ചെത്തി മാർത്ത തൻ ചാരത്തു
നീയിവിടുണ്ടേൽ മരിക്കില്ലെൻ സോദരൻ
ചൊല്ലിയതേറ്റം വിവശയായ് കേണവൾ
ചൊല്ലുവാനില്ലിനി വാക്കുകളേറെയും..
വിശ്വസിച്ചീടുക മാർത്തയേ നീയിന്നു
ദൈവ മഹത്വത്തിൻ ദർശനം കാണുക
പോകുന്നു ഞാനവൻ കല്ലറ മുമ്പിലായ്
ഏകുന്നു ജീവനെ വീണ്ടും പുണർന്നീടാൻ…
ഓടിയവളെത്തി, മേരിതൻ കാതിലായ് –
ഓതിയതേവം നിൻ നാഥൻ വന്നിട്ടുണ്ട്
പാടുകൾ ദൂരത്തെറിഞ്ഞവൾ വേഗത്തിൽ
ഓടിക്കിതച്ചെത്തി യേശുവിൻ ചാരത്തായ്..
കല്ലുരുട്ടിമാറ്റിയ കല്ലറതൻ മുമ്പിൽ-
നിന്നുമുയർന്നതാം യേശുവിൻ ശബ്ദവും
കേട്ടുനിന്നോർജ്ജനം നോക്കിനിന്നീടുമ്പോൾ
വന്നുടൻ ലാസറാ കല്ലറ മുമ്പിലായ്..
ആർപ്പിട്ട് ബേഥാന്യ, ആർത്തുഘോഷിച്ചങ്ങു
വാർത്തയും നാഥന്റെ കീർത്തിയും പെട്ടത്
സാക്ഷിച്ചു ലാസറും ബേഥാന്യയിൽ തന്നെ
യേശുവിൻ സ്നേഹത്തിൻ ആഴമതത്രയും..
Comments are closed, but trackbacks and pingbacks are open.