പരിജ്ഞാനം സൂക്ഷിക്കേണ്ട പുരോഹിതന്മാർ | ജോസ് പ്രകാശ്
അറക്കകത്ത് പറയുന്നത് പുരപ്പുറത്ത് വൈറലാക്കപ്പെടുന്ന വല്ലാത്ത കാലമാണിത്. ദുഷ്കാലത്തിൽ സമയം ബുദ്ധിപൂർവ്വം ഉപയോഗിക്കുവാനാണ് പ്രമാണം. ജ്ഞാനികളായിട്ട് നടക്കണമെന്നാണ് പ്രബോധനം. ക്രിസ്തു ശിഷ്യരായ ഏവർക്കും ഉള്ള സന്ദേശമാണിത്. സത്യവചനം യഥാർത്ഥമായി പ്രസംഗിച്ചാൽ മാത്രം പോരാ, ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരായി നിൽക്കുവാനുള്ള പരിജ്ഞാനവും ഉണ്ടാകണം. അല്ലെങ്കിൽ പ്രസംഗിക്കുന്നവർ ലജ്ജിതരാകയും സത്യമാർഗ്ഗം ദുഷിക്കപ്പെടുകയും ചെയ്യും.
പടചേർത്തവനെ പ്രസാദിപ്പിച്ച സാക്ഷികളുടെ വലിയൊരു സമൂഹം നമുക്ക് മുന്നിലുണ്ട്. സഭാരാധന, പരസ്യയോഗം, വിവാഹം, ശവസംസ്കാരം തുടങ്ങിയ എല്ലാ ആത്മീയ ശുശ്രൂഷകളിലും വളരെ വിവേകത്തോടു കൂടെ വചന പ്രഭാഷണം നിർവഹിക്കേണ്ടതാണ്. ഭയത്തോടെ ദൈവത്തെ സേവിക്കണം. പുരോഹിതൻ (ശുശ്രൂഷകൻ) സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചു വെക്കേണം. നേരുള്ള ഉപദേശം നാവിൽ നിന്നും പുറപ്പെടണം. അധരങ്ങളിൽ അനീതി ഉണ്ടാകരുത്.
നമ്മുടെ ഉപദേശങ്ങളാൽ ആരും ഇടറരുത്. ഇടർച്ച വരുത്തുന്നവർക്ക് കഷ്ടം എന്നാണ് കർത്താവ് പറഞ്ഞത്. വിവേകം ഇല്ലെങ്കിൽ നടത്തിപ്പുകാരും നടത്തപ്പെടുന്നവരും നശിച്ചുപോകും. അതുകൊണ്ട് നമ്മുടെ വാക്കുകൾ കൃപയോടു കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതും ആയിരിക്കണം. അധരത്തിൽ നിന്നും കയ്പ്പ് പുറപ്പെട്ടു ആരും ദൈവകൃപ വിട്ട് പിന്മാറുവാൻ ഇടയാകരുത്. അറപ്പുളവാക്കുന്ന വാക്കുകളിലൂടെ ആരെയും മുറിപ്പെടുത്താതെ സൂക്ഷിക്കണം.
കേൾക്കുന്നവർക്ക് ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്ന നല്ല വാക്കുകൾ സന്ദർഭം അനുസരിച്ച് സംസാരിക്കണം. സഭ്യമല്ലാത്തതൊന്നും നമ്മുടെ അധരങ്ങളിൽ നിന്ന് പുറപ്പെടാതിരിക്കട്ടെ (എഫെ 4:29). വാക്കുകളാൽ ആരെയും നശിപ്പിക്കരുത്, തകർത്തുകളയരുത്. നാം ആത്മീകമായി പണിത് ഉയർത്തുന്നവർ ആകണം. ശക്തി നൽകി, വിശ്വസ്തരായി പരിഗണിച്ച് നമ്മെ അവിടുത്തെ മഹത്വമേറിയ ശുശ്രൂഷയ്ക്ക് നിയോഗിച്ചത് ആരെയും ഇടിച്ചു കളയുവാൻ അല്ല, ആത്മീയമായി പണിത് ഉയർത്തേണ്ടതിന് വേണ്ടിയാണ് (2കൊരി 13:10).
അധരങ്ങളുടെ ശുദ്ധീകരണത്തിനായി അവിടുത്തോട് അപേക്ഷിക്കാം. ദോഷം ചെയ്യാതെ നാവിനെയും
വ്യാജം പറയാതെ അധരത്തെയും
അടക്കുവാനുള്ള കൃപയ്ക്കായി യാചിക്കാം (സങ്കീ 34:13). നാവിന് കടിഞ്ഞാണും അധരകവാടത്തിന് കാവലും ഏർപ്പെടുത്തേണ്ടതിന് അത്യുന്നതനോട് പ്രാർത്ഥിക്കാം. നാവു കൊണ്ട് പാപം ചെയ്യാതിരിക്കുവാൻ പരിശ്രമിക്കാം. പരിജ്ഞാനത്തോടെ നമ്മുടെ അധരത്തെ ഉപയോഗിക്കുവാൻ ദൈവം കൃപ നല്കട്ടെ.
Comments are closed, but trackbacks and pingbacks are open.