ലേഖനം: എക്സ്ട്രാ ലഗ്ഗ്വേജ് | രാജൻ പെണ്ണുക്കര

വിമാനം പുറപ്പെടാൻ അപ്രതീക്ഷിതമായി താമസിക്കുന്ന കാരണം യാത്രക്കാരുടെ ചെക്കിന്നും സെക്യൂരിറ്റി ചെക്കിങ്ങും ആരംഭിക്കാൻ ഇനിയും ഏറെ നേരം കാത്തിരിക്കണം. എന്നാൽ ഒരു കാര്യം പറയട്ടെ ഈ കാത്തിരിപ്പ് എന്നത് അസഹനീയവും സമയം വൈകുന്തോറും ക്ഷമപോലും നഷ്ടപ്പെട്ട് സ്വയം നിയന്ത്രണം വിട്ടു പോകുന്ന അവസ്ഥ എന്നുകൂടി പറയുന്നതല്ലേ ഉത്തമം. അങ്ങനെയുള്ളപ്പോൾ എയർപോർട്ടിലെ ട്രോളിയിൽ വലിയ പെട്ടികൾ കയറ്റിവെച്ച് ഉന്തിയും തള്ളിയും അങ്ങോട്ടും ഇങ്ങോട്ടും തിരിയാനും പിരിയാനും വയ്യാതെ പലവട്ടം വാഷ്റൂമിലൊക്കെ പോകേണ്ട സാഹചര്യത്തേ പറ്റി ആലോചിക്കാൻ കൂടി കഴിയുമോ?.

അതുമാത്രമല്ല ഈ പെട്ടികളിൽ അമൂല്യമായ നിരവധി സാധനങ്ങൾ ഉള്ളതുകൊണ്ടാണല്ലോ എവിടെയെങ്കിലും തനിയെ വിട്ടിട്ടോ അപരിചിതരെ ഏൽപ്പിച്ചിട്ടോ പോകാൻ പറ്റാത്തതും. ഈ പെട്ടികളെ ചെക്കിൻ കൗൺണ്ടറിൽ ഏൽപ്പിച്ച് സ്വസ്ഥം ആകും വരെ അതിനെ വലിച്ചുകൊണ്ട് നടക്കേണ്ടിയ ഉത്തരവാദിത്വം അവരവർക്ക് മാത്രം.

കൗണ്ടർ തുറന്നതും ഓടിച്ചെന്ന് പെട്ടികൾ തൂക്കാൻ യന്ത്രത്തിൽ കയറ്റി വെച്ചപ്പോൾ തൂക്കം അനുവദനീയമായ തൂക്കത്തേക്കാൾ മൂന്നിരട്ടി കൂടുതൽ. പെട്ടികൾ സ്കാൻ ചെയ്തു നോക്കിയപ്പോൾ അതിന്റെ ഉള്ളിൽ പല സാധനങ്ങളും കൊണ്ടുപോകാൻ അനുവാദം ഒട്ടും ഇല്ലാത്ത പട്ടികയിൽ പെടുന്നവയാണെന്ന് പറയുന്നത് കേട്ടപ്പോൾ ചങ്ക് തകരുന്ന പോലെ തോന്നി. യാത്ര മുടങ്ങാൻ സാധ്യതൾ ഏറിവരുന്നു. സെക്യൂരിറ്റി ചെക്കിങ് മുതൽ അനേക ഗേറ്റുകളും കടമ്പകളും കടന്നുവേണം വിമാനത്തിൽ കയറുവാൻ. അതിനു മുൻപായി ഒത്തിരി എക്സ്ട്രാ ലാഗ്ഗെജ് ചാർജ് അടക്കണം. കയ്യിലെ പേഴ്സിന്റെ കനം ഞാൻ മാത്രം അറിയുന്നു, ഒന്നുകിൽ യാത്ര ഇവിടെ അവസാനിപ്പിക്കുക അല്ലെങ്കിൽ യാത്രയിൽ കൊണ്ടുപോകാൻ അനുവാദം ഇല്ലാത്ത എല്ലാ സാധനങ്ങളും ചവറ്റു കുട്ടയിൽ ഉപേക്ഷിക്കുക എന്ന അവസാന കർശന നിർദ്ദേശം വന്നു. ധൃതി കൂട്ടുന്ന യാത്രക്കാർ വരിവരിയായി പുറകിൽ പിറുപിറുത്തുകൊണ്ട് നിൽക്കുന്നു. എല്ലാവരോടും ദേഷ്യവും വെറുപ്പും തോന്നി, പക്ഷെ കുറ്റം എന്റേതല്ലേ എന്ന് സ്വയം ആശ്വസിച്ച് മൗനം നടിച്ചു, രാവിലെ ആരെ കണ്ടുകൊണ്ടാണ് ഇറങ്ങി തിരിച്ചത് എന്നുപോലും ചിന്തിച്ച നിമിഷം. വേറെ മാർഗ്ഗവും, പോംവഴിയും നിവൃത്തിയുമില്ലാതെ വന്നപ്പോൾ ഓരോന്നും പെറുക്കി ചവറ്റു കുട്ടയിൽ കളയുവാൻ ഞാനും നിർബന്ധിതനായി. ഓരോന്നും പെറുക്കി കളയുമ്പോൾ ചങ്ക് തകരുന്ന പോലെ തോന്നിപോയി.

ഇവിടെ ചിന്തിക്കേണ്ടിയ വിഷയം ഇത്രയും നേരം ചുമ്മിയും വലിച്ചും ഉന്തിയും കൊണ്ടുനടന്ന് കാവൽ ഇരുന്ന വിലയുള്ളവ എന്ന് നാം സ്വയം വിലയിരുത്തിയ പല വസ്തുക്കളും ആരോ കർശനമായി പറഞ്ഞതു കൊണ്ടും നമ്മുടെ മുന്നോട്ടുള്ള ഗമനത്തിന് തടസ്സമായപ്പോൾ ഇന്ന് ചവറ്റു കുട്ടയിൽ ഉപേക്ഷിക്കേണ്ടിയ ഗതിയിൽ ആയില്ലേ. എന്നാൽ നാം യാത്ര തുടങ്ങും മുൻപൊന്ന് സ്വയം ശോധന ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് ചിന്തിക്കേണ്ട നിമിഷങ്ങൾ അല്ലേ. മനസ്സില്ലാമനസ്സോടെ വേണ്ടാത്തതെല്ലാം ഉപേക്ഷിച്ചിട്ട് മുന്നോട്ട് പോകുവാൻ തുടങ്ങുമ്പോൾ കൗണ്ടറിൽ ഇരുന്ന സ്റ്റാഫ്‌ പറയുന്നത് കേട്ടു, സർ നിങ്ങൾക്ക് ഞങ്ങളുടെ വക ഒരു സമ്മാനം ഉണ്ട് അത് ആ ട്രെയിൽ നിന്നും എടുത്തുകൊള്ളൂ പക്ഷേ ഇപ്പോൾ പൊട്ടിക്കരുത് വീട്ടിൽ ചെന്നിട്ട് സാവധാനം ആകാം.

ഒന്ന് ചോദിച്ചുകൊള്ളട്ടെ നമ്മുടെ ആത്മീക യാത്ര എങ്ങോട്ടാണെന്ന ഉത്തമ ബോധ്യം ഉണ്ടോ. ഉണ്ടെങ്കിൽ ആ യാത്രയിൽ മുന്നോട്ടുള്ള ഗമനത്തിന് തടസ്സമായി നിൽക്കുന്ന എന്തെല്ലാം കാര്യങ്ങൾ നാമും നിരന്തരം ചുമന്നു കൊണ്ട് സഞ്ചരിക്കുന്നു. ഊണിലും ഉറക്കത്തിലും ആരാധനയിലും എല്ലായ്പോഴും നമ്മുടെ മുന്നിലും പുറകിലും ട്രോളിയിലെ പെട്ടികൾ പോലെ ഉന്തിയും തള്ളിയും കൊണ്ടുനടക്കുന്ന സൂക്ഷിക്കുന്ന ഭാണ്ഡകെട്ടുകളിൽ ഉള്ളത് ഇപ്രകാരം വേണ്ടിയതോ വേണ്ടാത്തതോയെന്ന് സ്വയപരിശോധന ചെയ്യുവാനുള്ള അവസരമായി നമുക്ക് എടുക്കാം. ഇതെല്ലാം നമുക്ക് വലിയ തടസ്സങ്ങൾ മാത്രം, അതിന്റെ മൂല്യത്തിലല്ല മറിച്ച് നിഷ്കർഷിച്ച തോതിൽ കവിഞ്ഞ്, ചിലത് ഒട്ടുമേ പാടില്ലാത്തത് ആകുന്നു. അവകൾ നമ്മേ മുമ്പോട്ടുള്ള ഗമനത്തിനും ലക്ഷ്യത്തിൽ എത്തുന്നതിനും തടസ്സമായി നിൽക്കുന്നു ചിലത് നമ്മേ കാർന്നു തിന്നുന്നു, നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നു, നമ്മേ തെറ്റായ മാർഗ്ഗത്തിലേക്ക് നയിക്കുന്നു, നമ്മേ തുറങ്കലിൽ എത്തിക്കുന്നു എന്നതല്ലേ സത്യം. അങ്ങനെയുള്ളതിനെ നാം മനപ്പൂർവം ഉപേക്ഷിച്ചേ മതിയാവൂ അല്ലെങ്കിൽ ഫ്ലൈറ്റ് മിസ്സ്‌ ആകാൻ സാധ്യതയുണ്ട്. നമ്മുടെ പെട്ടികൾ ഒന്ന് താഴെയിറക്കിവെച്ച് സ്വയം തരം തിരിച്ച് പരിശോധിക്കാം.

ഞാൻ ഇച്ഛിക്കാത്ത നിങ്ങൾ ഇച്ഛിക്കാത്ത പക, ജാരശങ്ക, പിണക്കം, ഈർഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പു, നിഗളം, കലഹം, ആഭിചാരം എന്നിവ ഉണ്ടാകുമോ എന്നും… അശുദ്ധി, ദുർന്നടപ്പു, ദുഷ്ക്കാമം, വിഗ്രഹാരാധന.. സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം.. അന്യോന്യം കടിക്കയും തിന്നുകയും ചെയ്ത് ഒരുവനാൽ ഒരുവൻ ഒടുങ്ങുന്നു… സകലദുഷ്ടത എല്ലാ ചതിവ് വ്യാജഭാവം അസൂയ എല്ലാനുണ, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു, അന്യോന്യമുള്ള പോരിന്നു വിളി, അന്യോന്യമുള്ള അസൂയ, വൃഥാഭിമാനം, കുരളക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ, ദുർബ്ബുദ്ധിയും നിറഞ്ഞവർ; തുടങ്ങി വചനം നിഷ്കർശിക്കുന്ന എത്രയോ വേണ്ടാത്ത ഉപയോഗശൂന്യമായ പാഴ്വസ്തുക്കൾ സ്വഭാവങ്ങൾ ഓരോ നിമിഷവും ചുമന്നുകൊണ്ട് യാത്ര ചെയ്യുന്നു. ഇവകൾ നമ്മുടെ മുന്നോട്ടുള്ള യാത്രയുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മാർഗ്ഗ തടസ്സങ്ങൾ അല്ലേ. ഉപേക്ഷിക്കണോ വേണ്ടയോ നിങ്ങളുടെ തീരുമാനം. പിന്നെ പലതിനേയും ചൊല്ലി ഖേദിപ്പാനും സംഗതിവരരുത്.. എന്നാൽ നമുക്ക് കോംപ്ലിമെന്റായി ചിലത് വെച്ചിട്ടുണ്ട് ആ കവർ അഴിച്ചു നോക്കാം അതിൽ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; വെച്ചിരിക്കുന്നു. ഇവയിൽ ഏറ്റവും വലുതും അമൂല്യവും സ്നേഹം തന്നേ. തീരുമാനം നിങ്ങളുടെ മുന്നിൽ.

– രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.