ഒരുക്കങ്ങൾ പൂർത്തിയായി; സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) രാജ്യാന്തര കൺവൻഷൻ ഇന്ന് മുതൽ ശ്രീലങ്കയിൽ
കൊക്കാവിള / (ശ്രീലങ്ക): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കൊക്കാവിള സാർവ്വദേശീയ കണ്വൻഷൻ ഡിസംബർ 27 മുതൽ 31 ചൊവ്വാഴ്ച വരെ ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻസിലെ സി.പി.എം ആരാധനാലയത്തിൽ നടക്കും.
45 ഏക്കർ വിസ്തൃതിയുള്ള ഹെവൻ ഗാർഡനിൽ 25000 ആളുകൾക്ക് ഇരിക്കാവുന്ന ആരാധനാലയത്തിലാണ് രാജ്യാന്തര കൺവൻഷൻ. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ശനിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗവും നടക്കും. ചീഫ് പാസ്റ്റർമാരും സഭയുടെ സീനിയർ ശുശ്രൂഷകരും പ്രസംഗിക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന സഭ ശ്രീലങ്കയിൽ സിലോൺ പെന്തെക്കൊസ്ത് മിഷൻ എന്നും ഇന്ത്യയിൽ ദി പെന്തെക്കൊസ്ത് മിഷൻ എന്നുമാണ് അറിയപ്പെടുന്നത്. സഭയുടെ രാജ്യന്തര കൺവൻഷനുകൾ ശ്രീലങ്കയിൽ കോക്കാവിളയിലും ഇന്ത്യയിൽ ചെന്നൈയിലും കൊട്ടാരക്കരയിലും അമേരിക്കയിൽ പെൻസിൽവാനിയയിലുമാണ് എല്ലാ വർഷവും നടക്കുന്നത്. ചീഫ് പാസ്റ്റർ എബ്രഹാം മാത്യൂ, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ്, അസോ. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ സഭക്ക് നേതൃത്വം നൽകുന്നു.
വാർത്ത: ജോൺ വർഗീസ് ( പൊന്നച്ചൻ എറണാകുളം)
Comments are closed, but trackbacks and pingbacks are open.