മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് (92) അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ.മൻമോഹൻ സിംഗ് (92) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഇന്ന് രാത്രി എട്ടുമണിയോടെ ഡൽഹി എയിംസിലെ തീവ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, ആധുനിക ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് അടിത്തറപാകിയ സാമ്പത്തിക വിദഗ്‌ധൻ കൂടിയായ ഡോ. മൻമോഹൻ സിംഗ് രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്. സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിൻ്റെ നിർബന്ധത്തിനു നിർബന്ധത്തി വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. ഒടുവിൽ 2004 മേയ് 22ന് ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്.
മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ സാമ്പത്തിക വിദഗ്ദ്‌ധനായാണ് മൻമോഹനെ വിലയിരുത്തേണ്ടത്. പഞ്ചാബ് സർവ്വകലാശാല, കേംബ്രിഡ്‌ജ് സർവകലാശാല, ഓക്‌സ്‌ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചാണ് ഡോ. സിംഗ് സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിയത്. റിസർവ് ബാങ്ക് ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്.) അംഗമെന്നനിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്. ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. സോഷ്യലിസ്റ്റ്/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിൻ്റെ ആദ്യത്തെ പരിഷ്‌കാരം. ഈ സാമ്പത്തിക നയങ്ങൾ തുടക്കത്തിൽ ഒട്ടേറെ എതിർപ്പുകൾ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ പിന്നീട് മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മൻമോഹൻ സിങിൻ്റെ പരിഷ്കാരങ്ങളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതലത്തിൽ അംഗീകരിച്ചു. 1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്‌കർത്താവ് എന്ന നിലയിലും സിങ് വ്യവസായികളുടെ ഇടയിൽ അറിയപ്പെടുന്നുണ്ട്.
Comments are closed, but trackbacks and pingbacks are open.