വാക്കുകളുടെ ശക്തി | ജോബി വർഗീസ് നിലമ്പൂർ

ദൈവത്തിന്റെ മഹാ ശക്തിയാലും, കരുണയാലും അടിമത്തത്തിൽനിന്നു വിമോചിതരായി മഹത്തായ വാഗ്ദാത്തവും സ്വീകരിച്ച് ദൈവത്തിന്റെ സ്വന്ത ജനം സ്വപ്ന ഭൂമിയിലേക്ക് യാത്ര ചെയ്തു. തങ്ങളെ പിന്തുടർന്ന ശത്രു സൈന്യം ആഴിയിൽ മുങ്ങി താണതും, സാഗര മദ്ധ്യേ വഴിതുറന്നതും, കയ്പേറിയതിനെ മധുരമാക്കിയതും, കടുത്ത ചൂടിൽ തളരാതെ ആകാശവിതാനത്തിൽ മേഘ തണൽ ഒരിക്കിയതും, ഇരുളകറ്റിയ അഗ്നി തൂണായി വഴി നടത്തിയതും, സ്വർഗീയ വിഭവമൊരുക്കി വിശപ്പകറ്റിയതും, ചെരുപ്പും വസ്ത്രവും പുതുമയുള്ളതായിരുന്നതും, അത്ഭുതങ്ങളും വീര്യ പ്രവർത്തികളും ദർശിച്ചവരും, അനുഗ്രഹങ്ങൾ അളവില്ലാതെ അനുഭവിച്ചവരും ആയിരുന്നു ഇസ്രായേൽ എന്ന ദൈവ ജനം. എന്നാൽ എന്തുകൊണ്ട് ആ സമൂഹത്തിനു ദൈവീക വാഗ്ത്തങ്ങളിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല? അവർ യാത്ര മദ്ധ്യേ നശിച്ചു പോയതിന്റെ കാരണമെന്ത്? നാം വളരെ ഗൗരവത്തോടെ മനസിലാക്കേണ്ട ഒരു വസ്തുതയാണിത്.

വാഗ്ത്തനാട് നിരീക്ഷിക്കേണ്ടതിനായി മോശ പന്ത്രണ്ടു യുവാക്കളുടെ സംഘത്തെ വ്യക്തമായ പദ്ധതികളോടെ കനാൻ നാട്ടിലേക്കയച്ചു. ആ ദേശം ചുറ്റി നടന്നു പഠിച്ചു നാൽപതു ദിവസങ്ങൾക്കു ശേഷം തങ്ങളുടെ “അവലോകന വിവരവുമായി” അവർ തിരികെയെത്തി. ” നമ്മൾ ദൈവത്തിൽ നിന്ന് കേട്ടതുപോലെ അത് പാലും തേനും ഒഴുകുന്ന സമൃധിയുടെ നാടാണ് “. വിജകരയമായി ദൗത്യം പൂർത്തീകരിച്ചവർ ആവേശത്തോടെ ആ സ്വപ്ന ഭൂമിയുടെ വിശേഷങ്ങൾ എല്ലാവരോടും പങ്കുവച്ചു. എന്നാൽ പന്ത്രണ്ടു പേരിൽ പത്തുപേരും പറഞ്ഞത് ” ഞങ്ങൾ കണ്ട ദേശം വളരെ മനോഹരമാണ്. പക്ഷെ ആ നാട്ടിൽ കരുത്തരായ മനുഷ്യരും, ശക്തമായ കോട്ടകളും ഉണ്ട്. ആ ജനത്തെ നമ്മുക്ക് ജയിക്കുക അസാധ്യമാണ് “. അതികയാകാരായ എതിരാളികൾക്കു മുൻപിൽ “വെറും വെട്ടുക്കിളികളായി സ്വയം ചിത്രീകരിച്ചു ” ഒന്നിനും കഴിയില്ലെന്ന് അവർ വിശ്വസിച്ചു. പോരാട്ടം തുടങ്ങുന്നതിനു മുൻപേ അവർ പരാജയം സമ്മതിച്ചു. ഈ വാക്കുകൾ ജനസമൂഹത്തിന്റെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തി. അവർ നിരാശരായി ദൈവത്തോട് പറഞ്ഞത് ” ഈ മരുഭൂയിൽ ഞങൾ മരിച്ചു വീണെകിൽ നന്നായിരുന്നു ” എന്നാണ്. അത്യുന്നതൻ അവർ പറയുന്നത് ശ്രദ്ധാപൂർവം കേട്ടു അവിടുത്തെ അനിഷ്ടം മോശയെ അറിയിച്ചു അരുളിച്ചെയ്തത് ” ഈ ജനം സ്വയം പറഞ്ഞത് അവർക്കു സംഭവിക്കും. ആരും വാഗ്ത്ത നാട്ടിൽ പ്രവേശിക്കുകയില്ല “. ആ ജനസമൂഹത്തിന്റെ നിഷേധാത്മക വിശ്വാസവും വാക്കുകളുമാണ് അവർക്കായി ഒരുക്കപ്പെട്ട മഹത്തായ നന്മകളെയും, അനുഗ്രഹങ്ങളെയും അവരിൽ നിന്ന് കവർന്നു കളഞ്ഞത്.

തിരുവെഴുത്തു പറയുന്നു ” ജീവനും മരണവും നാവിന്റ അധികാരത്തിൽ ഇരിക്കുന്നു. അതിൽ ഇഷ്ടപെടുന്നവർ അതിന്റെ ഫലം അനുഭവിക്കും ” സാദൃശ്യ വാക്യം 18:21. നമ്മുടെ വാക്കുകൾക്ക് നമ്മെ നശിപ്പിക്കുവാനും, ജീവിപ്പിക്കുവാനും, പണിതുയർത്താനും, തകർത്തുകളയാനും ഉള്ള ശക്തിയുണ്ട്. പ്രതിസന്ധികളിലും, വെല്ലുവിളികളിലും നിരാശയുടെ വാക്കുകൾ പറയാതെ വാഗ്ത്തങ്ങളിലും, ദൈവാശ്രയത്തിലും ഉറച്ചു നിന്ന് മഹത്തായ കാര്യങ്ങളെ ചെയ്തെടുക്കാം. വിശ്വാസത്തിന്റെ വാക്കുകൾ മലകളെ ചലിപ്പിക്കും, അത്ഭുതങ്ങളെ സൃഷ്ടിക്കും, ശൂന്യതകളെ മറ്റും, അനുഗ്രഹങ്ങളെ നമ്മിൽ നിറയ്ക്കും. ആവിശ്വാസത്തിന്റ വാക്കുകൾ നമ്മുടെ മനസ്സിൽ നിന്ന് നീക്കി കളഞ്ഞിട്ടു ദൈവം ഒരുക്കിയിരിക്കുന്ന വിജയകരമായ ജീവിതത്തിലേക്കു ചുവടുവയ്ക്കാം.
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ!

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.