സഭയിലെ ചിരി | പാസ്റ്റർ സാം തോമസ്, ഡൽഹി

ഒരു കാലമുണ്ടായിരുന്നു, പെന്തക്കോസ്ത് വിശ്വാസികൾ കർശനമായ വേർപാട് പാലിച്ചിരുന്ന കാലം. ”അരുത്” എന്ന ദൈവ വചനപരവും മാനുഷീക വചനപരവുമായ അലംഘനീയ കല്പനകളെ മുറുകെപ്പിടിച്ചു ജീവിച്ച ഒരു കാലം. ആഭരണം ധരിക്കുന്നതു മുതൽ ടെലിവിഷൻ കാണുന്നതു വരെ “അരുത്” ആയിരുന്ന കാലം….! നിറമുള്ള സാരി ധരിക്കുന്നതു മുതൽ തലമുടി പിന്നുന്നതുവരെ “അരുത്” ആയിരുന്ന കാലം….! മീശ വയ്ക്കുന്നത് മുതൽ അരക്കയ്യൻ ഷർട്ട് ധരിക്കുന്നതു വരെ “അരുത്” ആയിരുന്ന കാലം….!

കാലം മാറി… “അരുത്” ആയിരുന്നതെല്ലാം ഇന്ന് “അവകാശ”മായിക്കഴിഞ്ഞു. ടെലിവിഷൻ കാണുന്നത് പാപമാണെന്നു പഠിപ്പിച്ചവർ ഇന്ന് തന്റെ യു ട്യൂബ് ചാനലിന് സബ്സ്ക്രിപ്ഷൻ യാചിക്കുന്നു … സെക്കുലർ ഗാനങ്ങൾ പാപമാണെന്നു പഠിപ്പിച്ചവരും അവരുടെ മക്കളും സെക്കുലർ മ്യൂസിക് ബ്രാൻഡുകളുടെ മ്യൂസിഷ്യൻമാരും, നടത്തിപ്പുകാരും ആയിരിക്കുന്നു…മീശ വയ്ക്കരുതെന്നു വാശി പിടിച്ചവർ സ്വന്തമുഖത്തെ ബുൾഗാൻ ഷേപ്പ് ചെയ്യുന്നതിൽ വ്യാപൃതരായിരിക്കുന്നു…

ഹാ..! ഇരട്ടത്താപ്പേ, നിന്റെ പേരോ പെന്തക്കോസ്ത്…!!

ഇതുപോലെ മറ്റൊരു വിരോധാഭാസമാണ് സഭയിലെ ചിരി. മനുഷ്യന്റേതു മാത്രമായ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് ചിരിക്കുവാനും ചിരിപ്പിക്കുവാനുമുള്ള കഴിവാണ്. വെറുതെയുള്ള പൊട്ടച്ചിരിയല്ല,മറ്റുള്ളവരുടെ വേദനകളെയും,കുറവുകളേയും പറഞ്ഞു പരിഹസിച്ചുള്ള കളിയാക്കിച്ചിരികളുമല്ല. മറിച്ചു നല്ലൊരു നർമ്മം പറയുവാനോ, അത് കേൾക്കുമ്പോൾ ആസ്വദിക്കുവാനോ അതിനോട് സ്വാഭാവികമായി പ്രതികരിക്കുവാനോ ഉള്ള മനുഷ്യ സഹജവാസന. പിരിമുറുക്കം നിറഞ്ഞ ജീവിതഭാരങ്ങളുടെ മധ്യത്തിൽ, മാനസീക സംഘർഷങ്ങളാൽ മുഖരിതമായ ഈ ലോകത്തു ഒന്ന് തുറന്നു ചിരിക്കുവാൻ സാധിച്ചാൽ, അല്ലെങ്കിൽ നിർദ്ദോഷ ഫലിതങ്ങളാൽ ഒന്ന് ചിരിപ്പിക്കാൻ സാധിച്ചാൽ അതും ഒരു സന്തോഷമില്ലേ…? ക്രിസ്തീയ കൂട്ടായ്മയുടെ അടിസ്ഥാന ശിലകളിലൊന്ന് ഹൃദയഭാരങ്ങളെ ലഘൂകരിക്കുവാൻ പര്യാപ്തമായ, മനസ്സുതുറന്നുള്ള നിഷ്ക്കളങ്കമായ പങ്കുവയ്ക്കലുകളുംകൂടിയല്ലേ?

എന്നാൽ, അരസികന്മാരും മുരടന്മാരുമായ പരീശ മനോഭാവം പുലർത്തുന്ന ഒരു ന്യൂനപക്ഷത്തിന് ചിരിക്കുന്നതും പാപമാണ്. ആരെങ്കിലും ചിരിക്കുന്നത് കണ്ടാൽ ഈ ചിരിക്കാൻ അറിയാത്തവർക്ക് ദേഷ്യം വരും. ഉടനെ പൊട്ടച്ചൊല്ല്, കളിവാക്ക്, പരിഹാസം തുടങ്ങിയ തനതു പാരമ്പര്യ പെന്തക്കോസ്ത് ആയുധങ്ങളുമായി ചാടി വീഴും. പിന്നെയൊരു യുദ്ധമാണ്. ചിരിക്കുന്നത് പാപം, ചിരിപ്പിക്കുന്നവൻ പാപി…!

സരസ സംഭാഷണവും, നർമ്മ രസികത്വവും പാപമാണെന്നു കരുതുന്നവർ കർത്താവിനെ വേണ്ട വിധം മനസ്സിലാക്കിയിട്ടില്ല എന്നേ കരുതാനാകൂ…. കർത്താവായ യേശു ക്രിസ്തു താൻ ഭൂമിയിൽ ആയിരുന്നപ്പോൾ തന്റെ മുഖത്തെ എല്ലാ മസിലുകളും മുറുക്കി ശ്വാസം പിടിച്ചു വെയ്റ്റിട്ടു നടന്നു എന്നാണോ ഇത്തരക്കാർ കരുതുന്നത്? യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷാ കാലയളവിൽ, താൻ സാധാരണക്കാരായ മനുഷ്യരോട് ഇടപെടുമ്പോഴും, അവരെ പഠിപ്പിക്കുമ്പോഴുമെല്ലാം നമുക്ക് തന്റെ ശ്രേഷ്ഠമായ നർമ്മ ബോധം കാണാനാകും.

ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെയായിരിക്കും എന്ന് പറയുമ്പോൾ യേശു അവിടെ സ്വീകരിച്ച അതിശയോക്തിപരമായ നർമ്മം നമുക്ക് മനസ്സിലാക്കാം. ഇത് കേട്ട യേശുവിന്റെ ശ്രോതാക്കൾ ഉടനെ ഇന്ന് നാം ചെയ്യുന്നതുപോലെ കേട്ട പാതി കേൾക്കാത്ത പാതി ആമേൻ പറഞ്ഞു കയ്യടിച്ചു വ്യാജമായ ആത്മീയ ഓളം സൃഷ്ടിച്ചുവെന്നു കരുതേണ്ടതുണ്ടോ..? ഒരിക്കലുമില്ല, സൂചിക്കുഴയിലൂടെ കടക്കുവാൻ ശ്രമിക്കുന്ന ഒട്ടകത്തിന്റെ വൃഥാ പരിശ്രമവും, ധനം സമ്പാദിച്ചു, അത് സ്വാർത്ഥതയോടെ കൂട്ടിവച്ചു ജീവിക്കുകയും, എന്നിട്ടും സ്വർഗ്ഗത്തിൽ പോകുമെന്ന് വ്യാമോഹിക്കുകയും ചെയ്യുന്ന ധനവാന്മാരെയും തമ്മിൽ താരതമ്യം ചെയ്തു സംസാരിക്കുന്ന യേശുവിന്റെ അതിശയോക്തിപരമായ നർമ്മം ആസ്വദിക്കുകയും അതേസമയം , യേശു ഈ ഉപമയിലൂടെ മുൻപോട്ടു വയ്ക്കുന്ന കാര്യത്തിന്റെ ഗൗരത്തെ ഉൾക്കൊള്ളുകയുമാണ് ചെയ്തിരിക്കുക.

ഇതേ അതിശയോക്തി തന്നെയാണ് അവനവന്റെ കണ്ണിൽ തടിയിരിക്കുമ്പോൾ അപരന്റെ കണ്ണിലെ കരട് അന്വേഷിക്കുന്ന മനോഭാവത്തെ യേശു വിമർശിക്കുമ്പോഴും നാം കാണുന്നത്. അതുപോലെതന്നെ, “വൈദ്യാ , നീ നിന്നെത്തന്നെ സുഖപ്പെടുത്തുക” എന്ന് തന്നെ സംശയിക്കുന്നവരോട് പറയുമ്പോഴും, “വെള്ളതേച്ച ശവക്കല്ലറകൾ” എന്ന് പരീശന്മാരെയും, ശാസ്ത്രിമാരെയും സംബോധന ചെയ്യുമ്പോഴും, ഭീരുവും, ദുഷ്ടനുമായ ഹെരോദാവിനെ “കുറുക്കൻ” എന്ന് വിളിക്കുമ്പോഴും യേശു ഉപയോഗിക്കുന്ന ആക്ഷേപഹാസ്യത്തെ മനസ്സിലാക്കാൻ ഈ ആധുനിക ചിരിക്കാത്ത പരീശന്മാർക്കു സാധിക്കുമോ? പത്രോസിനോട് ‘നീ പാറക്കഷണമാകുന്നു, എന്നാൽ താനാകുന്ന പാറമേൽ സഭയെ പണിയും’ എന്ന് പറയുമ്പോൾ യേശു ഉപയോഗിച്ച സമർത്ഥമായ സരസ പ്രയോഗത്തെ മനസ്സിലാക്കുവാൻ മുരട്ടുഹൃദയങ്ങൾക്കു എങ്ങനെ സാധിക്കാനാണ്? നിരന്തരമായ പ്രാർത്ഥനകൾ എങ്ങനെയാണു ഫലമുളവാക്കുന്നതെന്നു കാണിക്കാൻ യേശു പറഞ്ഞ അന്യായം ചെയ്യുന്ന ന്യായാധിപനെ സ്ഥിരമായി അസഹ്യപ്പെടുത്തുന്ന വിധവയുടെ നർമ്മ സാദൃശ്യം അരസികന്മാർക്കു ഇനിയും ഒരു അമ്പതു വർഷത്തിന് ശേഷവും അപ്രാപ്യമാണെന്നതിൽ സംശയമൊന്നുമില്ല. അതുപോലെ തന്നെ, മരിച്ചു നാറ്റം വമിക്കുന്ന ലാസറിനെ ഉയിർപ്പിക്കുവാൻ നാലാം ദിനം ഇറങ്ങിത്തിരിക്കുന്ന യേശുവിന്റെ പിന്നാലെ “അവനോടു കൂടെ മരിക്കേണ്ടതിനു നാമും പോക” എന്ന് പറയുന്ന തോമസിനെ മനസ്സിലാക്കുവാൻ സഭകളിലെ സംശയാലുക്കളായ ചില തോമസുമാർക്കു ഇനിയും സാധിച്ചിട്ടില്ല.

സുവിശേഷങ്ങളിലുടനീളം യേശു താൻ നടത്തിയ ചെറുതും വലുതുമായ പ്രസംഗങ്ങളും പഠിപ്പിക്കലുകളുമെല്ലാം കേവലം വിരസതയുളവാക്കുന്ന തത്വചിന്താ പ്രഭാഷണങ്ങളായിരുന്നില്ല , പ്രത്യുതാ സാധാരണക്കാരായ തന്റെ കേൾവിക്കാരുടെ അനുദിന ജീവിത സാഹചര്യങ്ങളോട് ചേർന്ന് നിൽക്കുന്ന, അവരുടെ മുഴുവൻ ശ്രദ്ധയെയും തന്നിലേക്ക് ആകർഷിക്കുവാൻ പാകത്തിൽ യുക്തവും, യോജിച്ചതുമായ സരസമായ സംഭാഷണ ശൈലിയിൽ നടത്തിയ സംഭാഷണങ്ങളായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അതുപോലെ തന്നെ സുവിശേഷകന്മാർ ക്രിസ്തുവിന്റെ ജീവിതത്തെ തങ്ങളുടെ എഴുത്തുകളിലൂടെ വെളിപ്പെടുത്തുമ്പോഴും അനാവശ്യവും, ദുർഗ്രഹവുമായ സാങ്കേതികത്വത്തിന്റെ മാറാപ്പുകൾ ഉപയോഗിച്ചിട്ടുമില്ല.എന്നാൽ, വചനത്തിലുടനീളമുള്ള സരസമായ സംഭാഷണങ്ങളെയും, സാഹചര്യങ്ങളെയും അമിതഭക്തിയുടെയും അനാവശ്യ ഗൗരവത്തിന്റെയും ഭാണ്ഡക്കെട്ടിനുള്ളിൽ മൂടിവയ്ക്കുവാനാണ് നാം ഇന്നും ശ്രമിക്കുന്നത്.

ദൈവവും, ദൈവ വചനവും, നാം എല്ലായ്പ്പോഴും സന്തോഷിക്കുന്നവരായിരിക്കേണം എന്നും, മറ്റുള്ളവരാൽ ദ്വേഷവും പുറന്തള്ളപ്പെടലും അവഹേളനവും സഹിക്കുമ്പോൾപ്പോലും ആഹ്ലാദിക്കുവാനും, സന്തോഷിച്ചു കുതിച്ചുചാടുവാനും പ്രബോധിപ്പിക്കുമ്പോൾ, സ്വന്തം വീട്ടിലും, സമൂഹത്തിലും സഭയിലും കപട ഗൗരവത്തിന്റെ മതിൽകെട്ടി, ആ മതിൽകെട്ടിനുള്ളിലെ രാജാവായി, സ്വയം ബുദ്ധിജീവിയാണ് എന്ന് നടിക്കുന്ന, അതാണ് ഘനശാലിത്വം എന്ന് ചിന്തിക്കുന്ന, സ്വന്തം ശ്വാസ കോശത്തിനു ഉൾക്കൊള്ളാനാകുന്നതിലുമധികം വായുവും വലിച്ചു കയറ്റി, ചത്താലും ചിരിക്കൂല്ലെടാ എന്ന മനോഭാവത്തിൽ ജീവിക്കുന്ന, അരസികത്വമാണ് ആത്മീയതയുടെ മുഖമുദ്ര എന്ന് ചിന്തിക്കുന്ന, വ്യർത്ഥത നിരൂപിച്ചു, ആവശ്യമില്ലാതെ എന്തിനും ഏതിനും ആരോടും കലഹിക്കുന്ന സമാധാനലംഘികളെക്കുറിച്ചു വചനം പറയുന്നു, “സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവു അവരെ പരിഹസിക്കുന്നു.” (സങ്കീർത്തനം 2:4).

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.