ലേഖനം: എന്തായിത് ? കൊച്ചുകുട്ടികളെപ്പോലെ… | സുരേഷ് ജോൺ

ശിശുദിനചിന്തകൾ

ശിശുദിനചിന്തകൾ

എന്തായിത് ? കൊച്ചുകുട്ടികളെപ്പോലെ…
പക്വതയും പരിജ്ഞാനവും ഇല്ലാതെ സംസാരിക്കുമ്പോൾ,പെരുമാറുമ്പോൾ,ഒന്നും ആലോചിക്കാതെ അന്ധമായി എല്ലാം വിശ്വസിക്കുമ്പോൾ, അതിനോട് ബന്ധപ്പെട്ട് എളുപ്പത്തിൽ പറ്റിക്കപ്പെടുമ്പോൾ മുതിർന്നവർ  സാധാരണ കേൾക്കുന്ന ഒന്നാണിത്. വിശ്വാസത്തോടുള്ള ബന്ധത്തിലും ചിലരുടെ ഇടയിൽ ഇത് വളരെ പ്രകടമാണ്.തങ്ങളെ വിലകൊടുത്ത്‌ വാങ്ങിയവന്റെ വാക്കുകളേക്കാൾ,എന്നേക്കും സ്‌ഥിരമായ വചനത്തേക്കാൾ സ്റ്റേജുകളിൽ വാചാലരാകുന്ന ചില പ്രശസ്തരുടെ വാഗ്ധോരണികൾക്കും പാഷണ്ഡതകൾക്കും  വില കല്പിക്കുന്നവർ.കേൾക്കുന്നതൊക്കെ ഉള്ളതുതന്നെയോ എന്ന് നോക്കാതെ അതേപടി വിഴുങ്ങുന്നവർ. അവരുടെ കൺകെട്ടുകൾക്ക് മുന്നിൽ ധനവും മാനവും സമയവും നഷ്ട്ടപ്പെടുത്തുന്നവർ.പാറപ്പുറത്തും മുള്ളിനിടയിലും വീണ വിത്ത് പോലെ ഇത്തരക്കാർ പെട്ടെന്ന് വിശ്വാസത്തിൽ ക്ഷീണിച്ചുപോകാനും  പിന്മാറിപ്പോകാനും അല്ലെങ്കിൽ ക്രിസ്തുസമർപ്പിത ജീവിതത്തിന് ലജ്ജ വരുത്തുന്നവരും ആകാനിടയുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കും വലിയ പ്രാധാന്യം കൽപ്പിക്കാത്ത ഒരു സമൂഹത്തിന്റെ നടുവിൽ നിന്നുകൊണ്ട് ക്രിസ്തു ഒരിക്കൽ ആരാണ് വലിയവൻ എന്ന ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ് വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്ന് ഞാൻ സത്യമായി നിങ്ങളോട് പറയുന്നു”.ആദ്യം സൂചിപ്പിച്ചത് ചിന്തിക്കുമ്പോൾ വൈരുദ്ധ്യമെന്ന് തോന്നാവുന്ന പ്രസ്താവന. എന്നാൽ എന്താണ് യഥാർഥത്തിൽ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്? ശിശുത്വം എന്ന നിഷ്കളങ്കതയുടെ ചിത്രത്തേക്കാൾ സമ്പൂർണ്ണമായ ആശ്രയത്വവും വിനയവുമാണ്  ഇതുകൊണ്ട് അർഥമാക്കുന്നത്. ശിശു ഒരിക്കലൂം തന്റെ അവസ്‌ഥകളെപ്പറ്റിയും സാഹചര്യങ്ങളെപ്പറ്റിയും  നിരാശപ്പെടുന്നില്ല.തന്റെ കുറവുകൾ ഓർത്ത് വ്യാകുലപ്പെടുകയോ  മറ്റുള്ളവരോട് അസൂയപ്പെടുകയോ ചെയ്യുന്നില്ല.സ്‌ഥാനമാനങ്ങളെപ്പറ്റിയുള്ള ചിന്തകളോ മാത്സര്യമോ ഇല്ല. അധികാരമോഹങ്ങളെ പ്രതിയുള്ള കിടമത്സരങ്ങളില്ല. എല്ലാകാര്യങ്ങളിലും ഒരു ശിശു മാതാപിതാക്കളെ ആശ്രയിക്കുന്നതുപോലെ നാമും ദൈവത്തിൽ ആശ്രയിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തിയാൽ വലിയവൻ ആകുമെന്നും അങ്ങനെയുള്ള ഒരുവനെ കൈക്കൊണ്ടാൽ ക്രിസ്തുവിനെ കൈക്കൊള്ളുന്നതിന് തുല്യമാണെന്നും അവിടുന്ന് ഓർമ്മിപ്പിക്കുന്നു. ശിശുസഹജമായ ഈ ആശ്രയത്വം വെടിഞ്ഞു സ്വയപരിശ്രമത്താൽ ദൈവമാകാനുള്ള ശ്രമത്തിലാണ് ഏദനിൽ ആദിമാതാപിതാക്കളിൽ പാപം കടന്നുകൂടിയത് എന്നുള്ളത് എക്കാലത്തേക്കും മനുഷ്യരാശിക്കുള്ള ഓർമ്മപ്പെടുത്തലാണ്.

ഒരു ശിശുദിനം (നവംബർ 14) കൂടി കടന്നു വന്നിരിക്കുന്നു.കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന, അവരാണ് നാളത്തെ ഇന്ത്യയുടെ ഭാവിയെന്ന് ചിന്തിച്ചിരുന്ന, കുട്ടികൾക്കിടയിൽ ഒരിക്കലും പക്ഷാഭേദം അവർ തന്നെ കണ്ടുപിടിക്കില്ല എന്ന് ഓർമ്മിപ്പിച്ചിരുന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം.മറ്റേതൊരു ആഘോഷം പോലെ ഇതിനെ കാണാതെ ഭരണഘടന ഉറപ്പു നൽകുന്ന  കുട്ടികളുടെ അവകാശങ്ങൾ,അവർക്കെതിരെയുള്ള വിവേചനങ്ങൾ,അവർക്കുള്ള സ്വാതന്ത്ര്യം,അവർക്ക് നാം ചെയ്തുകൊടുക്കേണ്ട വിദ്യാഭ്യാസം ഉൾപ്പെടെയുള്ള  കടമകൾ എന്നിവയെപ്പറ്റിയൊക്കെ നമുക്ക് ബോധവാന്മാരാകാം. സ്വകുടുംബങ്ങൾക്ക് മാത്രമല്ല സമൂഹത്തിനും മാതൃകയുമുള്ള തലമുറകൾ നമ്മിൽ നിന്നുണ്ടാവട്ടെ. ദൈവത്തിന്റെ ദാനവും പ്രതിഫലവും ആയ അവരിൽ അഭിമാനിക്കാനും, വിവേചനവരം ഉള്ളവരാകാനും, ദൈവാശ്രയബോധം അവസാനത്തോളം നിലനിർത്താനും മാതാപിതാക്കൾക്ക് ഇടയാകട്ടെ…

(സുരേഷ് ജോൺ)

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.