ഡേവിഡ് ലിവിംഗ്സ്റ്റൺ | ബിജോയ് തുടിയൻ
1813 മാർച്ച് 19 ന് നീൽ ലിവിംഗ്സ്റ്റന്റെയും ആഗ്നസിന്റെയും ഏഴ് മക്കളിൽ രണ്ടാമത്തെ മകനായി സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോ നഗരത്തിലാണ് ഡേവിഡ് ലിവിംഗ്സ്റ്റൺ ജനിച്ചത്. ഭക്തിയും , കഠിനാധ്വാനാവും , വിദ്യാഭ്യാസത്തോടുള്ള തീക്ഷ്ണതയും ദൗത്യ ബോധവുമുള്ള ഒരു പ്രത്യേക സ്കോട്ടിഷ് കുടുംബ അന്തരീക്ഷത്തിലാണ് ഡേവിഡ് ലിവിങ്സ്റ്റൺ വളർന്നത്. കോട്ടൺ ഫാക്ടറിയിലെ തൊഴിലാളികൾക്കായി നിർമിച്ച ഒരു കെട്ടിടത്തിന്റെ മുകളിലുള്ള ഒറ്റ മുറിയിൽ ഏഴ് കുട്ടികളിൽ ഒരാളായി ഡേവിഡ് ലിവിംഗ്സ്റ്റൺ വളർത്തപ്പെട്ടു.
കുടുംബത്തിന്റെ സാമ്പത്തിക ഞെരുക്കം മൂലം പത്താം വയസ്സിൽ തന്നെ ഈ കോട്ടൺ മില്ലിൽ ജോലിക്ക് പ്രവേശിക്കുവാൻ നിർബന്ധിതനായി . ദിവസം14 മണിക്കൂർ ജോലി ചെയ്യണമായിരുന്നു. ആദ്യ ആഴ്‌ചയിലെ വേതനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് അദ്ദേഹം ഒരു ലാറ്റിൻ വ്യാകരണ പുസ്തകം വാങ്ങി . ജോലി കഴിഞ്ഞുള്ള സമയത്തു പഠനത്തിൽ മുഴുകിയിരുന്നു. ദൈവശാസ്ത്രം, വൈദ്യശാസ്ത്രം, ഗ്രീക്ക്ഭാഷ എന്നിവ പഠിച്ചു.
1834-ൽ ചൈനയിലേക്കു ഒരു മെഡിക്കൽ മിഷനറി ആയി പോകുവാൻ ആഗ്രഹിക്കുകയും അതിനുള്ള പരിശീലനം നേടുകയും ചെയ്തു . എന്നാൽ ആ കാലഘട്ടത്തിൽ ഉണ്ടായ യുദ്ധത്താൽ ചൈനയിലേക്കുള്ള വാതിൽ അടഞ്ഞു. ചില നാളുകൾക്കു ശേഷം സ്കോട്ട്ലാൻഡിൽ നിന്നും ദക്ഷിണാഫ്രിക്കയിലെ മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന റോബർട്ട് മോഫറ്റിനെ പരിചയപ്പെട്ടു . അദ്ദേഹത്തിൽ നിന്ന് ആഫ്രിക്കയിലെ സുവിശേഷ പ്രവർത്തനത്തിന്റെ ആവശ്യത്തെക്കുറിച്ചു മനസ്സിലാക്കുവാൻ ഇടയായി . ആഫ്രിക്കയാണ് തന്റെ സേവന മേഖലയെന്ന് ഡേവിഡ് ലിവിംഗ്‌സ്റ്റണ് ബോധ്യപ്പെട്ടു . 1841 മാർച്ച് 14-ന് ഒരു മിഷനറിയായി അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് കപ്പലിൽ യാത്രയായി . ആഫ്രക്കയിലെ അതി മനോഹരസ്ഥലമായ കേപ്ടൗണിൽ എത്തി.
ഡേവിഡ് ലിവിംഗ്‌സ്റ്റൺ ആഫ്രിക്കയുടെ ഉൾപ്രദേശങ്ങൾ വഴി സഞ്ചരിച്ചപ്പോൾ കണ്ടത് ദയനീയമായ കാഴ്ചകൾ ആയിരുന്നു. അപരിഷ്‌കൃതരായവരെ അടിമകളാക്കി വിവിധ രാജ്യങ്ങളിലേക്ക് അനേകരെ കൊണ്ടുപോകുന്നത് കണ്ട് അവരോടു ദയ തോന്നി . അവരെ അടിമത്വത്തിൽ നിന്ന് രക്ഷിക്കുവാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഈ അടിമ കച്ചവടത്തെ എതിർക്കുകയും ചെയ്തു . മാത്രമല്ല അവർക്കു വേണ്ടുന്ന മരുന്നുകളും വസ്ത്രങ്ങളും വിദ്യാഭ്യാസവും നൽകി. അവരോട് സുവിശേഷം അറിയിക്കുകയും നിരന്തരം അവരിൽ ഒരാളെന്നപോലെ ഇടപെഴുകുകയും ചെയ്തുപോന്നു . എന്നാൽ മറ്റു യൂറോപ്യൻ മിഷനറിമാർക്കും വെള്ളക്കാരായവർക്കും ഡേവിഡ് ലിവിങ്സ്റ്റൺൻറെ കറുത്ത വർഗ്ഗക്കാരോടുള്ള അടുപ്പവും അവരെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുവാനുള്ള പ്രവൃത്തികളും ഇഷ്ട്ടപെട്ടിരുന്നില്ല.
എന്നാൽ തന്റെ ഈ പ്രവർത്തങ്ങളിലൂടെ ഒരു സമർപ്പിത ക്രിസ്ത്യാനി ധീരനായി സുവിശേഷത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു എങ്ങനെ ജീവിക്കണമെന്ന് ലോകത്തിനു കാണിച്ചു കൊടുക്കുകയായിരുന്നു ഡേവിഡ് ലിവിങ്സ്റ്റൺ ചെയ്തത് . ആഫ്രക്കയിലുള്ള എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കണം എന്നായിരുന്നു ഡേവിഡ് ലിവിങ്സ്റ്റൺന്റെ ഏറ്റവും വലിയ ആഗ്രഹം.
1844-ൽ മിഷനറി റോബർട്ടിന്റെയും മേരി മോഫറ്റിന്റെയും മൂത്ത മകളായ മേരി മൊഫറ്റിനെ ഡേവിഡ് വിവാഹം കഴിച്ചു. അവർക്ക് ആറ് കുട്ടികൾ ജനിച്ചു, ഒരാൾ ശൈശവാവസ്ഥയിൽ മരിച്ചു.
1845-ൽ ഡേവിഡ് ലിവിങ്സ്റ്റൺ ചോനുവാനിലേക്കും പിന്നീട് കോലെബെംഗിലേക്കും താമസം മാറ്റി, അവിടെ ഗോത്ര വർഗ്ഗക്കാരുടെ തലവനായ സെച്ചെലെ സുവിശേഷം കേട്ട് ക്രിസ്തു വിശ്വാസിയായി തീർന്നു . ഡേവിഡ് ലിവിംഗ്‌സ്റ്റന്റെ സുവിശേഷ പ്രവർത്തനത്തിന്റെ ആദ്യഫലമായിരുന്നു ഈ ഗ്രാമത്തലവൻ. ആഫ്രിക്കയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വിശാലമായ ഒരു വഴി സുവിശേഷത്താൽ തുറന്നാൽ അവിടെയുള്ള ഭീരുക്കളും, പാവപ്പെട്ടവരും, അടിമകളും ആയ ജനങ്ങൾക്ക് ആത്മീകവും ഭൗതീകവുമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിയും എന്ന ആശയം ഡേവിഡ് ലിവിങ്‌സ്റ്റണ് ഉണ്ടായി . എന്നാൽ ഈ ഉദ്യമത്തിൽ വളരെയധികം ബുദ്ധിമുട്ടുകളും ഉൾപ്പെട്ടിരുന്നു. ഈ സമയത്താണ് അദ്ദേഹം ഇങ്ങനെ എഴുതിയത്, “ക്രിസ്തുവിന്റെ രാജ്യവുമായി ബന്ധപ്പെട്ടതല്ലാതെ എനിക്കുള്ളതോ കൈവശമുള്ളതോ ആയ ഒന്നിനും ഞാൻ വില കല്പിക്കുന്നില്ല.”1852 ഏപ്രിൽ 23 ന് സുവിശേഷത്തിന്റെ അഭിവൃദ്ധിക്കും, തന്റെ ഭാര്യയ്ക്കും കുട്ടികൾക്കും സാഹസികത നിറഞ്ഞ ഈ യാത്ര വളരെ ബുദ്ധിമുട്ടായതുകൊണ്ടും അവരെ ഇംഗ്ലണ്ടിലേക്ക് കണ്ണീരോടെയും ഹൃദയഭാരത്തോടും കൂടെ യാത്ര അയച്ചു.
അതിനു ശേഷം തന്റെ പുതിയ ലക്ഷ്യത്തിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചു. എന്നാൽ പല തടസ്സങ്ങളും അദ്ദേഹം നേരിടേണ്ടി വന്നു . നാട്ടുകാരെ കൊള്ളയടിക്കുകയും ഏറ്റവും മോശമായ അടിമത്തത്തിന് വിധേയമാക്കുകയും ചെയ്യുന്ന ഡച്ച്കാർ ഡേവിഡിന്റെ വീട് നശിപ്പിക്കുകയും വീട്ടുപകരണങ്ങൾ കൊണ്ടുപോകുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ എതിർക്കുകയും ചെയ്തു. എന്നിരുന്നാലും, ഏത് എതിർപ്പിലും തളരാതെ സുവിശേഷവുമായി പോകുക എന്ന ദൃഢ നിശ്ചയത്തിൽ സ്വർഗ്ഗീയ പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ യാത്ര ആരംഭിച്ചു .യൂറോപ്യൻ മിഷനറിമാരാരും പോകാത്ത ആഫ്രിക്കയുടെ ദുർഘടമായ സ്ഥലത്തേക്ക് ഡേവിഡ് ലിവിങ്സ്റ്റൺ പോകുകയും പ്രാദേശിക ഭാഷകളും സംസ്കാരങ്ങളും സ്വയം പരിചയപ്പെടുകയും പഠിക്കുകയും ചെയ്തു. ഒരു മിഷൻ സെന്റർ സ്ഥാപിക്കുന്നതിനായി മബോത്സയിലേക്കുള്ള യാത്രയ്ക്കിടെ ഒരു സിംഹം അദ്ദേഹത്തെ ആക്രമിച്ചു. അദ്ദേഹത്തിന്റെ ഇടത് കൈയ്‌ക്ക് പരിക്ക് പറ്റുകയും ചെയ്തു .തെക്കൻ ആഫ്രിക്കയിലെ സാംബിയയുടെയും സിംബാബ്വേയുടെയും അതിർത്തിയിലുള്ള സാംബെസി നദിക്കരയിലെ മനോഹരമായ ഒരു വെള്ളച്ചാട്ടം ഡേവിഡ് കാണുവാൻ ഇടയായി . 1855 നവംബർ 16 ന് ഡേവിഡ് ലിവിംഗ്സ്റ്റൺ ആണ് ഈ വെള്ളച്ചാട്ടത്തെകുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ചത്. തുടർന്ന് അദ്ദേഹം വിക്ടോറിയ രാജ്ഞിയോടുള്ള ബഹുമാനസൂചകമായി “വിക്ടോറിയ വെള്ളച്ചാട്ടം” എന്നു പേര് നല്കി. ലോകത്തിലെ ഏറ്റവും ഉയർന്നതും, വിശാലമായ വെള്ളച്ചാട്ടവുമാണ് ഇത്. വിക്ടോറിയ വെള്ളച്ചാട്ടത്തിന് 1,708 മീറ്റർ നീളവും 108 മീറ്റർ ഉയരവും ഉള്ളതായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി എന്ന് പറയപ്പെടുന്ന നൈൽ നദിയുടെ ആരംഭവും വിക്ടോറിയ വെള്ളച്ചാട്ടത്തിൽ നിന്നാണ്. ഏകദേശം 6,650 കിലോമീറ്റർ നീളമുള്ള നൈൽ നദി പതിനൊന്ന് രാജ്യങ്ങളിലായി ആഫ്രിക്കൻ വൻകരയിലൂടെ ഒഴുകി ഈജിപ്റ്റിന്റെ വടക്ക് ഭാഗത്ത് മെഡിറ്ററേനിയൻ കടലിൽ അവസാനിക്കുന്നു .നീണ്ട പതിനാറ് വർഷത്തെ ആഫ്രിക്കയിലെ സാഹസീക പ്രവർത്തനത്തിന് ശേഷം 1856 ഡിസംബർ 9 ന് ഡേവിഡ് ലിവിംഗ്സ്റ്റൺ ഇംഗ്ലണ്ടിലേക്ക് തന്റെ ആദ്യ സന്ദർശനം നടത്തി. തന്റെ ഭാര്യയും മക്കളും ക്ഷീണിതനായ അദ്ദേഹത്തെ കണ്ടപ്പോൾ വളരെ ദുഃഖവും ഒപ്പം സന്തോഷവും ഉണ്ടാകുവാൻ ഇടയായി. മാത്രമല്ല അദ്ദേഹത്തെ ആദരിക്കുന്നതിൽ ലണ്ടനിലുള്ള സൊസൈറ്റികളും കോളേജുകളും മറ്റുള്ളവരും അനേക ബഹുമതികളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും കണ്ടു പിടുത്തങ്ങൾക്കു നൽകുകയും ചെയ്തു .
1858 മാർച്ച് 10ന്, ഡേവിഡ് ലിവിങ്‌സ്റ്റണും തന്റെ ഭാര്യയും മകൻ ഓസ്വെല്ലിനൊപ്പം ഇംഗ്ലണ്ടിൽ നിന്ന് കപ്പൽ കയറി. കേപ്ടൗണിൽ എത്തുകയും അവിടെ വച്ച് മിസ്സിസ് ലിവിംഗ്സ്റ്റൺ വളരെ അസുഖം ബാധിച്ചതു കാരണം കേപ്‌ടൗണിൽ തന്നെ താമസിച്ചു . ഡേവിഡ് സാംബേസിയുടെ ഷയർ നദിയിലൂടെ മൂന്ന് യാത്രകൾ നടത്തി, അവസാനം ന്യാസ തടാകം കണ്ടെത്തി. 1861-ൽ അദ്ദേഹം റോവുമ നദി പര്യവേക്ഷണം ചെയ്യുകയും അവിടെ ഒരു യൂണിവേഴ്സിറ്റി മിഷൻ സ്ഥാപിക്കുന്നതിൽ സഹായിക്കുകയും ചെയ്തു. ഈ കാലഘട്ടനങ്ങളിലെല്ലാം അദ്ദേഹംപല മിഷൻ സെന്ററുകൾ സ്ഥാപിക്കുകയും അവിടെ സുവിശേഷം പ്രസംഗിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു പോന്നു . കൂടാതെ ഇംഗ്ലണ്ടിലെ ആനുകാലികങ്ങളിൽ ആത്മീകവും ശാസ്ത്രീയവുമായ ലേഖനങ്ങൾ എഴുതുകയും ചെയ്തു. അടിമക്കച്ചവടത്തിന്റെ ക്രൂരതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണങ്ങൾ ലോകത്തെ മുഴുവൻ ഇളക്കിമറിച്ചു.1862 ൽ ഡേവിഡ് ലിവിങ്സ്റ്റൺന്റെ ഭാര്യ ആഫ്രിക്കയിൽ വെച്ചു കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
1869 ജൂലൈ മുതൽ 1871, ഒക്ടോബർ, വരെ ഉജിജിയിൽ നിന്ന് ലീലാബ നദിയിലേക്കുള്ള ഒരു യാത്രയിൽ അനേക ഗ്രാമങ്ങൾ അദ്ദേഹം കണ്ടു, അത് ആഫ്രിക്കയ്ക്ക് വേണ്ടി തന്റെ മുഴുവൻ ജീവിതവും സമർപ്പിക്കാൻ കാരണമായി തീർന്നു. പതിനായിരക്കണക്കിന് നാട്ടുകാരോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. എന്നാൽ 1871- ൽ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. അൾസർ മൂലമുള്ള വേദന, പല്ലുകൾ കൊഴിഞ്ഞു പോകുന്നു, ശരീരത്തിന് തളർച്ച ബാധിച്ചു , ഹൃദയരോഗിയായി എൺപത് ദിവസം തന്റെ കുടിലിൽ കിടന്നു. തിരിച്ചു വീട്ടിലേക്കു പോകണമെന്ന് കൊതിച്ചു. ഈ സമയത്തു അദ്ദേഹത്തിന്റെ ഏക ആശ്വാസവും സഹായവും അദ്ദേഹത്തിന്റെ ബൈബിളായിരുന്നു. ഈ കാലയളവിൽ അദ്ദേഹം നാല് തവണ ബൈബിൾ വായിച്ചു. ഒരു ദിവസം അദ്ദേഹം ഒരു ഇലയിൽ ഈ സുപ്രധാന വാക്കുകൾ എഴുതി: “മൂന്നു വർഷമായി കത്തുകളൊന്നുമില്ല, പൂർത്തിയാക്കി വീട്ടിലേക്ക് പോകാൻ എനിക്ക് വല്ലാത്ത ആഗ്രഹമുണ്ട്.” കത്തുകളും സാധനങ്ങളും അദ്ദേഹത്തിന് അയച്ചിരുന്നുവെങ്കിലും പോർച്ചുഗീസുകാർ അത് തടഞ്ഞു. അത് കാരണം ലോകത്തിനു ഡേവിഡ് ലിവിങ്‌സ്റ്റണ് എന്ത് സംഭവിച്ചു എന്ന് ഒരു അറിവും ഉണ്ടായിരുന്നില്ല. റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റി തിരച്ചിൽ നടത്തിയെങ്കിലും ഡേവിഡ് ലിവിങ്‌സ്റ്റനെ കണ്ടെത്താനായില്ല.എന്നാൽ 1873 മെയ് 1, പുലർച്ചെ നാലിന്, ലിവിംഗ്സ്റ്റണിന്റെ വാതിൽക്കൽ ഉറങ്ങിക്കിടന്ന തന്റെ സഹായി ഉണർന്നു നോക്കിയപ്പോൾ കത്തുന്ന മെഴുകുതിരി വെളിച്ചത്തിൽ കിടക്കയിൽ മുട്ടുകുത്തി ഡേവിഡ് ലിവിങ്‌സ്റ്റനെയാണ് കണ്ടത്. സങ്കടകരവും എന്നാൽ അപ്രതീക്ഷിതവുമായ സത്യം പെട്ടെന്ന് തെളിഞ്ഞു, ഡേവിഡ് ലിവിങ്സ്റ്റൺ പ്രാർത്ഥനയിൽ കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു .
ഡേവിഡ് ലിവിങ്‌സ്റ്റന്റെ ഹൃദയം ആഫ്രിക്കയിലുള്ളവർക്കു വേണ്ടി ഉള്ളതാണെന്ന് അവിടെയുള്ള ആളുകൾക്ക് അറിയാമായിരുന്നു . അതുകൊണ്ടുതന്നെ അവർ തങ്ങൾക്കു ജീവവഴി കാട്ടി തന്ന ഡേവിഡ് ലിവിങ്‌സ്റ്റന്റെ ചലന മറ്റ ശരീരത്തിൽ നിന്ന് ഹൃദയം പുറത്തെടുത്ത് അദ്ദേഹം മരിച്ച സ്ഥലത്തിന് സമീപമുള്ള ഒരു മര ചുവട്ടിൽ കുഴിച്ചിട്ടു. പിന്നീട് അവർ ശരീരം വെയിലത്ത് വെച്ച് ഉണക്കി. അതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം ചുമന്ന് കൊണ്ട് ആഫ്രിക്കയുടെ ദുർഘടമായ വഴികളിലൂടെ ഒമ്പത് മാസം നടന്ന് തീരത്ത് എത്തിച്ചു. അവിടെ നിന്ന് കപ്പലിൽ ഇംഗ്ലണ്ടിലേക്ക് കയറ്റി അയച്ചു. 1874 ഏപ്രിൽ 18 -ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഏറ്റവും വലിയ ബഹുമതികളോടെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചു.ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ നടന്ന സാഹസികനും, നൈൽ നദിയുടെ ഉത്ഭവം ലോകത്തിനു കാണിച്ചു കൊടുത്തവനും, അടിമത്വത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിച്ചവനും, നരഭോജികളെ നരസ്‌നേഹികളാക്കി തീർത്തവനുമായിരുന്നു ഡേവിഡ് ലിവിങ്സ്റ്റൺ.
ഇന്ന് ലോകത്തിലുള്ള എല്ലാ ക്രിസ്തീയ സംഘടനകളുടെയും സഭാ വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ ആഫ്രിക്കയിൽ നടക്കുന്നുണ്ട് . ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് സുവിശേഷവുമായി ലോകത്തിന് കയറിച്ചെല്ലുവാൻ വിശാലമായ വഴി ഒരുക്കി നൽകിയ ദൈവം തിരഞ്ഞെടുത്ത മഹാനായ വ്യക്തിയായിരുന്നു ഡേവിഡ് ലിവിങ്സ്റ്റൺ.
Comments are closed, but trackbacks and pingbacks are open.