ഉരിഞ്ഞെടുത്ത അങ്കികൾ | രാജൻ പെണ്ണുക്കര
Harvey Mackay യുടെ ‘The importance of the truth’ എന്ന ലേഖനത്തിലെ വളരെ ചിന്തനീയമായ ചില വരികൾ അദ്ദേഹത്തിന്റെ മൗനാനുവാദത്തോടെ വായനക്കാരുടെ സൗകര്യാർത്ഥം ഇവിടെ ഉദ്ധരിക്കുന്നു.
“One day a man named Truth and a man named Lie stood by a river just outside of town. They were twin brothers. Lie challenged Truth to a race, claiming he could swim across the river faster than Truth. Lie laid out the rules to the challenge stating that they both must remove all their clothes and at the count of 3, dive in to the freezing cold water swim to the other side and back. Lie counted to 3, but when Truth jumped in, Lie did not. As Truth swam across the river, Lie put on Truth’s clothes and walked back in to town dressed as Truth. He proudly paraded around town pretending to be Truth. Truth made it back to shore, but his clothes were gone and he was left naked with only Lie’s clothes to wear. Refusing to dress himself as Lie, Truth walked back to town naked. People stared and glared as naked Truth walked through town. He tried to explain what happened and that he was in fact Truth, but because he was naked and uncomfortable to look at, people mocked and shunned him; refusing to believe he was really Truth. The people in town chose to believe Lie because he was dressed appropriately and easier to look at. From that day until this, people have come to believe a lie rather than believe a naked truth.”.
യഥാർത്ഥത്തിലിന്ന് നടക്കുന്നത് ഈ കഥ പോലെയല്ലേ. എവിടെ നോക്കിയാലും സത്യത്തിനു വിലകൊടുക്കാത്ത, സത്യത്തേ അംഗീകരിക്കാത്ത, സത്യത്തേ തിരിച്ചറിയാൻ കഴിയാത്ത, തിരിച്ചറിയാൻ ക്ഷമയില്ലാത്ത, തിരിച്ചറിയാൻ പൊലുമൊന്ന് ശ്രമിക്കാൻ മനസ്സില്ലാത്ത ലോകത്തിലല്ലേ നാം ഇപ്പോൾ ആയിരിക്കുന്നത്. അത് ആത്മീക മേഖലയിൽ ആയാലും ലൗകീക മേഖലയിൽ ആയാലും തഥൈവ.
ഇവിടെ സത്യവും അസത്യവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടും തേടിയുള്ള യാത്ര ഉല്പത്തി പുസ്തകത്തിൽ നിന്നും തുടങ്ങുകയാണ്. അത് എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല. പലപ്പോഴും അവിശ്വസനീയമെങ്കിലും നാം കണ്ടതും പഠിച്ചതും അനുഭവിച്ചതും വെച്ച് ഇന്നും എല്ലാം മണ്ഡലങ്ങളിലും സത്യത്തിന്റെ സ്ഥാനവും അതിനു കിട്ടുന്ന പ്രതിഫലം പൊട്ടകിണറും കാരാഗ്രഹവും മാത്രമെന്ന് പറയാതെ വയ്യ.
അപ്പന്റെ വാക്കുകൾ ആണുവിട തെറ്റാതെ പൊതികെട്ടുമായി സഹോദരങ്ങളുടെ ക്ഷേമം അന്വേഷിച്ചിട്ട് ഉടനെ മടങ്ങി വരാമെന്ന് വാക്ക് കൊടുത്തിട്ട് പോകുന്ന ഇഷ്ടപുത്രൻ കണ്മുൻപിൽ നിന്നും മറയുന്നതുവരെ നെടുവിർപ്പോടെ നോക്കി നിന്ന വൃദ്ധനായ യാക്കോബ് വർഷങ്ങൾക്ക് ശേഷം അവനെ കണ്ടത് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്ന മകനായിട്ടാണ്.
അതാണ് ദൈവഹിത പ്രകാരമുള്ള ജൈത്യയാത്ര. ഈ ജൈത്യയാത്രയിൽ ആരും ഉദ്ദേശിക്കാത്തതും സങ്കൽപ്പിക്കാൻ പറ്റാത്തതുമായ പല സംഭവങ്ങൾ വന്നു ഭവിക്കുണ്ട്. എന്നാൽ അതിലെല്ലാം പരിപാവനമായ ദൈവീക കരുതലും ദൈവീക പ്ലാനും ഉണ്ടായിരുന്നു എന്നതാണ് സത്യം. നമ്മുടെ ജീവിതയാത്രയിൽ ഉണ്ടാകുന്ന ഏടുകളും മേടുകളും ഉയർച്ചയും താഴ്ചയും പൊട്ടകിണറും, നമ്മേ വിൽക്കുന്നതും അപവാദങ്ങൾ കേൾക്കുന്നതുമെല്ലാം ദൈവം അറിഞ്ഞു മാത്രം സംഭവിക്കുന്നു എന്നതാണ് വാസ്തവം. അതിനെയെല്ലാം തരണം ചെയ്താലേ സ്വർഗ്ഗം ആഗ്രഹിക്കുന്ന പദവിയിലും പ്ലാനിലും നാം എത്തിച്ചേരുകയുള്ളൂ എന്നകാര്യം മറന്നുപോകരുത്. അത് നമ്മേ പാകമാക്കാനുള്ള പരിശീലന കളരി ആണെന്ന് മാത്രം ആശ്വസിക്കുക.
യോസേഫിന്റെ ചരിത്രവും നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. അവൻ അപ്പന്റെ ഇഷ്ടപുത്രൻ ആയിരുന്നു. അവനോട് അൽപ്പം വാത്സല്യം കൂടിയതുകൊണ്ട് അവനെ സ്വന്തസഹോദരങ്ങൾ പകച്ചു എന്ന് വായിക്കുന്നു. ഇന്ന് നമുക്ക് ചുറ്റും നടക്കുന്നതും ഇതുതന്നെയാണ്, അത് ആത്മീകത്തിൽ ആയാലും ശുശ്രുഷയിൽ ആയാലും സഭയിൽ ആയാലും, ഔദ്യോഗിക ജീവിതത്തിൽ ആയാലും, സ്വന്തം കുടുംബത്തിൽ ആയാലും, വാത്സല്യവും, പരിഗണനയും, സ്നേഹവും കരുതലും അൽപ്പമൊന്ന് കൂടിയാൽ അസൂയ മൂത്ത് ശത്രുത ഉണ്ടാകും നിശ്ചയം. പിന്നെ പകയ്ക്കാനും ഒതുക്കാനും ഒടുക്കാനും ശ്രമം തുടങ്ങും എന്നതല്ലേ വാസ്തവം. ഇതിനെല്ലാം നാം ഓരോരുത്തരും ഉത്തമ ഉദാഹരണങ്ങൾ ആകുന്നു എന്നതല്ലേ സത്യം.
ഒരാൾ ഉയരുന്നതും നന്നാകുന്നതും വളരുന്നതും ഇഷ്ടപ്പെടാത്ത ലോകം, അതിനു തടസ്സം നിൽക്കാനും തകർക്കാനും ഗൂഢാലോചന ചെയ്യാൻ പൊലും മടിക്കാതെ മനുഷ്യർ.
യോസേഫിനെ രണ്ടു തവണ സ്വപ്നങ്ങൾ കാണിച്ചത് യഹോവയായ ദൈവം ആകുന്നു. അതും പലരീതിയിൽ പല അർത്ഥത്തിൽ കാണിച്ച് ഉറപ്പുവരുത്തി കൊടുത്തു. അപ്പോൾ ദൈവം കാണിച്ചതും പറഞ്ഞതും വള്ളിപുള്ളി തെറ്റാതെ ഒന്നും മറച്ചു വെക്കാതെ പറയേണ്ടിയവരോട് പറയാനുള്ള ചുമതലയും ഉത്തരവാദിത്തവും യോസേഫിന്റേതാണ്. എന്നാൽ യോസേഫ് ദൈവ മുൻപാകെ വിശ്വാസ്തനും നിതിമാനും ആയപ്പോൾ സ്വന്ത കുടുംബത്തിലെ അംഗങ്ങളുടെ കണ്ണിലെ കരടായി മാറി. സത്യം പറയാൻ തുനിയുന്ന ഏതു മനുഷ്യന്റെയും അവസ്ഥ ഇതുതന്നെ എന്ന് പറയേണ്ടി വരുന്നു. സത്യം പറയാൻ തുടങ്ങിയാൽ നാം മറ്റുള്ളവരുടെ കണ്ണിലെ കരടാകും, പിന്നെ വിരൽ ചൂണ്ടാനും ഹത്യ ചെയ്യാനും മടിക്കാത്ത ലോകം.
അറിയേണ്ട കാര്യങ്ങൾ അഥവാ പറയേണ്ടിയ കാര്യങ്ങൾ മറച്ചുവെക്കുന്നവന് ശുഭം വരികയില്ല എന്നാണ് തത്വം. അതു സഭയിൽ ആയാലും അങ്ങനെതന്നെ വേണം. അറിയിപ്പുകൾ മറച്ചുവെക്കുന്നതും നശിപ്പിക്കുന്നതും ഒളിപ്പിക്കുന്നതും വലിയ പാപം ആകുന്നു. അതിൽ മായം കലർത്തിയാൽ അത് മറച്ചുവെച്ചാൽ അത് അതുപോലെ പറയാതിരുന്നാൽ അവൻ ദൈവമുൻപാകെ കുറ്റകാരൻ ആകും. ഉള്ള കാര്യങ്ങൾ പറയാതിരിക്കുന്നതും, ഇല്ലാത്ത കാര്യങ്ങൾ ഉള്ളതുപോലെ ആക്കി പറയുന്നതും വലിയ അപരാധവും പാപവും ആകുന്നു.
പല സ്വപ്നങ്ങൾ കണ്ട യോസേഫ് സ്വന്ത സഹോദരങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതികാണില്ല. നാം ചിന്തിക്കാത്തതും പ്രതീക്ഷിക്കാത്തതും ആണ് പലപ്പോഴും പലരിൽ നിന്നും വരുന്നത്. നിന്നെ കൊല്ലുവാനും നശിപ്പിച്ചു കളയാനും ഒരുകൂട്ടം പദ്ധതി ഇടുമ്പോൾ, അവൻ പറഞ്ഞതിൽ എന്തെങ്കിലും കഴമ്പും, സത്യവും ഉണ്ടെന്ന് ഒരുനിമിഷത്തേക്ക് ഒരുവാക്കിൽ എങ്കിലും തിരിച്ചറിയുന്ന ഒരു രൂബേൻ ഉണ്ടായാലും ഭൂരിപക്ഷം അല്ലേ ജയിക്കുന്നത്.
ചിലപ്പോൾ സത്യത്തിന്റെ കൂടെ നിൽക്കാൻ ആരും കാണില്ല. ചിലർക്ക് മക്കളുടെ വിവാഹവും മറ്റുചിലർക്ക് കഷ്ടതയിൽ ചെയ്ത സഹായത്തിന്റെ ഉപകാരസ്മരണ, അങ്ങനെ പല മാനുഷിക കടപ്പാടുകൾ ബാധ്യതകൾ കൊണ്ട് പല സത്യങ്ങളുടെ മുന്നിൽ മനപ്പൂർവം കണ്ണടച്ച് ഇരുട്ടാക്കി മൗനമായിരിക്കേണ്ട ഗതികേട് വരുന്നു. അഥവാ അസത്യത്തിനും അനീതിക്കും അന്യായതിനും പരോക്ഷമായി കൂട്ടുനിന്ന് വിജയിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നു എന്ന് ചുരുക്കം. അപ്പോഴാണ് ആത്മീക ഗോളവും ദർശനവും പരാജയപ്പെട്ട് അസത്യം സത്യത്തിന്റെ വസ്ത്രം ധരിച്ച് വിലസുന്നതും വിജയാഘോഷം നടത്തുന്നതും.
ഇവിടെ സത്യത്തിന്റെ അങ്കി ഊരിയെടുത്ത് നിരപരാധിയായ കുഞ്ഞടിന്റെ രക്തത്തിൽ മുക്കി വെച്ചിരിക്കുന്നു. ഇപ്പോൾ സത്യം പൊട്ടകിണറിൽ ഏകനായി കിടന്ന് മുകളിലോട്ട് നോക്കുമ്പോൾ പരമ സത്യം (സ്വർഗ്ഗം) താഴോട്ടു നോക്കുന്ന കാര്യം സഹോദരങ്ങൾ കാണുന്നില്ല. ഇവിടെ സ്നേഹമാകുന്ന വാത്സല്യമാകുന്ന അപ്പൻ സമ്മാനിച്ച അങ്കി നിന്റെ സഹോദരങ്ങൾ ഊരിയെടുത്ത് രക്തകറ പുരട്ടി എങ്കിൽ, ഞാൻ വിശ്വസിക്കുന്നു സ്വർഗ്ഗം പ്രധാനമന്ത്രിക്ക് ധരിക്കുവാനുള്ള മോടിയുള്ള വിശിഷ്ട്ടമായ അങ്കി തുന്നുവാൻ ആരംഭം കുറിച്ചു എന്നതല്ലേ വാസ്തവം. പലപ്പോഴും സത്യത്തിന്റെ വില തുച്ഛമായ വെള്ളികാശ് ആയി മാറുന്നില്ലേ. “നീ സത്യം വിൽക്കയല്ല വാങ്ങുയത്രേ വേണ്ടതു;” (സദൃ 23:23).
ഇവിടെ സത്യമാകുന്ന അങ്കിയിൽ രക്തകറ പുരട്ടി പത്ത് അസത്യങ്ങൾ അതിനെ ഉയർത്തി പിടിച്ചുകൊണ്ട് ഒരു പരമ സാധുവായ വൃദ്ധന്റെ മുന്നിൽ നിന്ന് പച്ചകള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് തത്കാലം വിജയിച്ചു നിൽക്കുമ്പോൾ അത് സ്ഥാപിച്ചെടുക്കാൻ ഒരുകുഞ്ഞാടിന് ബലിയക്കേണ്ടി വന്നു എന്നതല്ലേ കഷ്ടം. പല അസത്യങ്ങളും വിജയിക്കുന്നത് ആരെയെങ്കിലും കുരുതി കഴിച്ചും ബലിയാടാക്കിയും ആണെന്ന കാര്യം മറക്കരുത്. ഒരു സത്യത്തേ അസത്യം ആക്കുവാൻ നൂറ് അസത്യങ്ങൾ പറയേണ്ടി വരുന്നു, അതുപോലെ ഒരസത്യത്തെ സത്യമാക്കുവാൻ ആയിരം അസത്യം (കള്ളം) പറയേണ്ടിവരും എന്നതാണ് സൂത്രവാക്യം (ഫോർമുല).
അടുത്തത് പൊത്തിഫെറിന്റെ ഭവനത്തിൽ സത്യത്തിന്റെ അങ്കിയുടെ ഒരുഭാഗം കൈയ്യിൽ ഉയർത്തി പിടിച്ചുകൊണ്ട് അസത്യം പതിവ്രത ചമഞ്ഞ്, സത്യത്തിന്റെ രൂപവും ഭാവവും വേഷവും ആയി മാറുന്നില്ലേ. ഇവിടെ സത്യവിരുദ്ധമായ സ്വഭാവഹത്യ ചെയ്യാൻ മടിക്കാത്ത ഒരു ദുഷ്ട വ്യാപാരശക്തി അപവാദവും വെല്ലുവിളിയും നടത്തുന്ന പ്രതിയോഗിയായി മാറി സത്യത്തിന്റെ വേഷം അണിഞ്ഞു താണ്ഡവം ആടുന്നു. ആർക്കെങ്കിലും അസത്യത്തെ തിരിച്ചറിയാൻ കഴിഞ്ഞോ. അതുപോലല്ലേ അവിടെ കാര്യങ്ങൾ അവതരിപ്പിച്ചതും സ്ഥാപിച്ചെടുത്ത് വിജയിച്ചതും. അത് കണ്ണും അടച്ചു വിശ്വസിച്ച് പ്രയോജനം കൊയ്യുന്ന ഒരു കൂട്ടം.
ഇങ്ങനെയുള്ള പൊത്തിഫെറിന്റെ വീട്ടിലെ ശക്തികൾ എല്ലാ മണ്ഡലങ്ങളിലും കാണുവാൻ ഇടയായാൽ അതിശയിക്കണ്ട, അവരെ കൊണ്ട് പ്രയോജനം ഉണ്ടാക്കുന്ന ഒരു കൂട്ടം എല്ലാത്തലങ്ങളിലും ഉണ്ട്. ഇങ്ങനെയുള്ള ശക്തികളെ ശാസിക്കാതെ പ്രോത്സാഹിപ്പിച്ചും വളർത്തിയും നിലനിർത്തിയാൽ മാത്രമേ അവരുടെ നിലനിൽപ്പിനും വിജയത്തിനും പ്രയോജനത്തിനും ഉപയോഗിക്കാൻ സാധിക്കൂ. എന്നാൽ ജീവിതത്തിലെ സത്യസന്ധത, വിശ്വസ്തത, നിതി, വിശ്വാസം ആകുന്ന ചില അങ്കികൾ ഊരുന്നതും കീറിയെടുക്കുന്നതും വരും കാലത്ത് അതിലും ശ്രേഷ്ടമായതും ആരും കണ്ടിട്ടില്ലാത്തതും ഊഹിക്കാൻ പറ്റാത്തതുമായ പുതിയ അങ്കി ധരിപ്പിക്കാൻ ആണെന്ന മർമ്മം ഓർത്തുകൊൾക.
യഥാർത്ഥത്തിൽ പൊത്തിഫെറിന്റെ ഭവനത്തിലെ സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാനും സത്യം എന്തെന്ന് ചോദിച്ചറിയാനും ഒരു നിമിഷം കൊണ്ട് തെളിയിക്കാനും അധികാരവും ചുമതലയും കഴിവും ഉള്ളവനെ പോലും നിശബ്ദനാക്കിക്കൊണ്ട് അസത്യം പറഞ്ഞതിനെ കണ്ണും അടച്ചു വിശ്വസിപ്പിച്ചതും ദൈവപ്രവർത്തി എന്നു വേണം കരുതാൻ. അതിന്റ മറുവശം ചിന്തിച്ചാൽ നടന്ന സംഭവത്തിന്റെ നീതിയും ന്യായവും നിജസ്ഥിതിയും മനസ്സിലാക്കിയാൽ സത്യം പുറത്തുവരും അസത്യം എന്നേക്കുമായി അകത്താകും. എന്നാൽ സത്യം കുറച്ചുനാൾ അകത്തു കുണ്ടറയിൽ കിടക്കണം എന്നതാണ് ദൈവീക പദ്ധതി.
പലപ്പോഴും അസത്യം സത്യത്തിന്റെ വേഷം അണിഞ്ഞു നിന്ന് തെളിവുകളും പ്രസ്താവനകളും നിരത്തിവെക്കുമ്പോൾ സത്യത്തിന്റെ വായ് മൂടി കേട്ടപ്പെടുന്നു, സത്യം നഗ്നമായി പോകുന്നു എന്നതാണ് സങ്കടം. എന്നാൽ അവിടെ ന്യായം മറിയണം എന്നാലേ സത്യം കുണ്ടറയിൽ അകപ്പെടുകയുള്ളൂ. അവന്റെ യാത്ര കുണ്ടറയിൽ കൂടിയുള്ള യാത്രയാണ്, അങ്ങനെ അവനെ തീയിൽ കൂടി ശോധന കഴിച്ചാലെ ശുദ്ധമായ പൊന്നുപോലെ പുറത്തു വന്ന് ദൈവം ഒരുക്കി വെച്ചിരിക്കുന്ന പ്രധാനമന്ത്രി കസേര അവന് ലഭിക്കൂ എന്നതാണ് സത്യം. ഇവിടെ ഒരുകാര്യം നാം മനസ്സിലാക്കണം, സത്യത്തിന്റെ അങ്കി അസത്യത്തിന്റെ കയ്യിൽ അകപ്പെട്ട നിമിഷം ഒരു പ്രധാനമന്ത്രിക്ക് ധരിക്കാനുള്ള അതിവിശിഷ്ട്ടമായ അങ്കി സ്വർഗ്ഗം തുന്നികഴിഞ്ഞിരുന്നു. ഒന്ന് നഷ്ടമായാൽ അതിലും ശ്രേഷ്ഠമായതു കൊടുക്കുന്ന സ്വർഗ്ഗം. പലപ്പോഴും നഷ്ടങ്ങളെ ലാഭങ്ങൾ ആക്കി മാറ്റുന്ന ദൈവത്തിന്റെ വിശ്വസ്ഥത നാം ഇവിടെ കാണുന്നു. സ്വർഗ്ഗം ഒരാളെ പ്രധാന മന്ത്രിയുടെ ഇരിപ്പിടത്തിൽ ഇരുത്താൻ പദ്ധതി ഇടുമ്പോൾ ചില ഒറ്റപെടിലുകൾ, ഏകാന്ത, അപവാദങ്ങൾ, പരിശീലനങ്ങൾ എല്ലാവരേയും വിസ്മയിപ്പിക്കുന്ന ഒരുക്കങ്ങൾ അനിവാര്യമെന്ന് നാം ഇതിൽ നിന്നും മനസ്സിലാക്കുന്നു.
ഇനിയും സഹോദരന്മാരുടെ ഊഴം. ഒരിക്കൽ ചെയ്ത മഹാ അപരാധത്തെ കുറിച്ച് അൽപ്പം പൊലും പശ്ചാത്താപം ഇല്ലാത്തവർ പറയുകയാണ് ഞങ്ങൾ പരമാർത്ഥികൾ അഥവാ പരമമായ സത്യം പറയുന്നവർ, കലർപ്പില്ലാത്തവർ എത്ര വലിയ നുണയാണ് പറയുന്നത്. ഒരു സത്യത്തിന്റെ മുന്നിൽ നിന്നുകൊണ്ട് പത്ത് അസത്യങ്ങൾ തെളിവുകളും പരമാർത്ഥയുടെ സർട്ടിഫിക്കറ്റും നിരത്തി വെക്കുന്നു. യഥാർത്ഥത്തിൽ ആവാക്കിന്റെ അർത്ഥവുമായി അവരുടെ വാക്കുകൾക്കും പ്രവർത്തികൾക്കും ഒരുശതമാനമെങ്കിലും പൊരുത്തം ഉണ്ടോ. അവരുടെ സംസാരവും വാക്കുകളും പ്രസ്താവനകളും കരച്ചിലും അവതരണവും കേട്ടാൽ ആരാണ് അവിശ്വസിക്കുക, ആർക്കാണ് പരമാർത്ഥികൾ അല്ലെന്ന് പറയാനും തെളിയിക്കാനും ധൈര്യം വരുക. എന്നാൽ രക്തം രക്തത്തെ തിരിച്ചറിയും അതാണ് രക്തബന്ധം.
ഒരു പായിൽ ഉറങ്ങി ഒരപ്പത്തിൽ നിന്നും കഴിച്ചും കുടിച്ചും കളിച്ചും ചിരിച്ചും കഴിഞ്ഞവനെ ഈ വിധമാക്കുവാൻ നികൃഷ്ടവും ഹീനമായ രീതിയിൽ പ്രവർത്തിച്ചവരും കയ്യടിച്ചവരും ഒത്താശ ചെയ്തവരും ഒരു നിരപധിയായ കുഞ്ഞാടിനെ ബലി കൊടുത്തവരും അതിനു കാരണഭൂതരായവരും ഇപ്പോഴും ജീവനോടിരിക്കുന്നവനെ ജീവനോടില്ല എന്ന് ഭാവനയിൽ ചിത്രീകരിക്കുന്നതിനും മനസ്സിൽ മരിച്ചവനായി സങ്കൽപ്പിക്കുന്നതും ദൈവം പോലും പൊറുക്കാത്ത സ്വന്തം സന്തതികളുടെ തലയിൽ തീകനൽ വരുന്ന ശാപം വലിച്ചു വെക്കുന്ന കൊടും പാപം ആണെന്ന സത്യം തിരിച്ചറിയാതെ പോയ നിമിഷങ്ങൾ. ഞങ്ങളുടെ ഡയറക്റ്ററിയിൽ അവന്റെ പേരില്ല, ഞങ്ങളുടെ മനസ്സിൽ അവൻ എന്നേ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് സങ്കൽപ്പിക്കയും പറയുകയും ചെയ്യുന്നവർക്ക് ഐയ്യോ കഷ്ടം എന്ന് ജോസഫ് പോലും ചിന്തിച്ചിട്ടുണ്ടാകും. അതാണ് യഥാർത്ഥ ഹത്യ അല്ലെങ്കിൽ കൊലപാതകം, അത് പാപം ആകുന്നു. അയ്യോ അങ്ങനെ ഹൃദയത്തിൽ ചിന്തിക്കാനോ ഭാവിക്കാനോ പോലും പാടില്ല, ഒരുനാൾ നിന്നേ അവന്റെ മുന്നിൽ കൊണ്ടുപോയി നിർത്തുന്ന ദൈവം ഉണ്ടെന്ന കാര്യം അവർ മറന്നു, ആരും മറക്കരുത്.
ഇന്ന് എല്ലാമേഖലകളിലും നടക്കുന്നതും ഇങ്ങനെയല്ലേ. ചില സന്ദർഭങ്ങളിൽ അസത്യം സത്യത്തിന്റെ വേഷം ധരിച്ച് നമ്മുടെ മുന്നിൽ നിന്നാൽ പൊലും തിരിച്ചറിയാൻ കഴിയില്ല. അത്ര ഒർജിനാലിറ്റി തോന്നിപോകും. അതു തിരിച്ചറിയാൻ വിവേചനാവരം കൂടിയേ മതിയാവൂ.
ഒരു പ്രതിയോഗി അങ്കിയുടെ ഒരുഭാഗം കൈയ്യിൽ ഉയത്തിപ്പിടിച്ചുകൊണ്ട് തന്റെ ഇച്ഛകളും മോഹങ്ങളും പ്രയത്നങ്ങളും സാധിക്കാതെ വന്നപ്പോൾ ഞാൻ പരിശുദ്ധയും നിരപരാധിയും അവൻ മഹാഅപരാധിയും ആണെന്ന് സ്ഥാപിച്ചെടുക്കുന്നു. ആർക്കെങ്കിലും സത്യത്തെ തിരിച്ചറിയാൻ കഴിഞ്ഞോ, കേട്ടവരും കണ്ടവരും അസത്യം അല്ലെ വിശ്വസിച്ചത്.
എന്നാൽ ഇവിടെ എഴുതാത്ത വരികളിൽ വായിക്കേണ്ട ഒരു കാര്യം ഉണ്ട്. ഒരിക്കൽ തന്നേ കുണ്ടറയിൽ ഇടാൻ കാരണമായവർ നമ്രശിരസ്കരായി തലമൂടി കൊണ്ട് ആർക്കും മനസ്സിലാകരുതേ എന്ന് വിചാരിച്ച് പലവട്ടം പ്രധാനമന്ത്രിയുടെ മുന്നിൽ കൂടി കടന്നു പോയിട്ടുണ്ടാകും. എന്നാൽ എല്ലാവരെയും നന്നായി മനസ്സിലാക്കിയ ജോസഫിന് പ്രതികാരം ചെയ്യാൻ സുവർണ്ണ അവസരവും അധികാരത്തിന്റെ ചെങ്കോൽ ഉണ്ടായിട്ടും ചെയ്തു കാണില്ല എന്നതാണ് സത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത.
എന്നാൽ സകല അസത്യവും ഒരുനാൾ സത്യത്തിന്റെ മുൻപാകെ ശ്രഷ്ടാഗം വീണ് തെറ്റുകൾ ഏറ്റുപറയുന്ന ദിനം ഉണ്ടെന്ന് തിരിച്ചറിയുക. അല്ലയോ അസത്യമാകുന്ന സഹോദരങ്ങളെ നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് നിങ്ങളേയും നിങ്ങളുടെ പ്രവർത്തികളെയും പ്രസ്താവനകളെയും നന്നയി തിരിച്ചറിയുന്ന, തൂക്കി നോക്കി മൂല്യം നിശ്ചയിക്കുന്ന സത്യത്തിന്റ മുന്നിൽ ആണെന്ന് തിരിച്ചറിയുക. സത്യം അമൃത്യമാണ്, സത്യത്തെ കുഴിച്ചു മൂടാനോ തുറുങ്കലിൽ അടക്കാനോ മൂടി വെക്കാനോ ആർക്കും കഴിയില്ല. സത്യം ദൈവം ആണ് അത് സകല ഇരുമ്പ് ഓടമ്പാലും പൊട്ടിച്ച് സകല കല്ലറയും പൊട്ടിച്ചു ഉയർത്തെഴുന്നേൽക്കും. ഇത് സത്യം സത്യം, കാത്തിരുന്നു കാണുക.
Comments are closed, but trackbacks and pingbacks are open.