വയനാട് ഉരുൾപൊട്ടൽ; 83 മരണം; നിരവധി പേർക്ക് പരിക്ക് മരണസംഖ്യ ഉയരും

മേപ്പാടി (വയനാട്): മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്‌കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കെ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതുവരെ 83 പേർ മരിച്ചതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റു. മേപ്പാടി ആശുപത്രിയിൽ 33 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

ക്യാംപ് പ്രവർത്തിച്ചിരുന്ന സ്‌കൂളിൽ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവു ം തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായി മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. സൈന്യമെത്തി താൽക്കാലിക പാലം നിർമിക്കും.

അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേത്യത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ കലക്‌ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. ഫയർഫോഴ്‌സ്, എൻഡിആർഎഫ് ടീം സ്‌ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ എൻഡിആർഎഫ് സംഘങ്ങൾ പ്രദേശത്തേക്കു പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. വലിയ ശബ്‌ദത്തോടെ ഉരുൾപൊട്ടി എന്ന് പ്രദേശവാസികൾ പറയുന്നു. 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയ്ക്കു സമീപമാണ് ചൂരൽമലയും മുണ്ടക്കൈയും.

കോഴിക്കാട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. മഞ്ഞക്കിളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയിൽ ഒട്ടേറെ വീടുകളും കടകളും തകർന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പുഴകളിൽ ജലനിരപ്പുയരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply