ലേഖനം: യോഗ്യത വേണം; യോഗ്യത | പാ. റോയി എം ജോർജ്, ഇലന്തൂർ
ചില നാളുകൾക്ക് മുൻപ് ഒരു സ്നേഹിതൻ്റെ ആവശ്യപ്രകാരം ഒരു കുടുംബ പ്രശ്നം തീർക്കാനായി ഒരു ഭവനത്തിൽ പോകേണ്ടതായി വന്നു. ആ ദൗത്യത്തിൽ ഞാൻ പരാജയപ്പെട്ട് പോയെങ്കിലും, ജീവിതത്തിൽ 50 കഴിഞ്ഞ എനിക്ക് അതുവരെ അറിയാത്ത ചില തിരിച്ചറിവുകൾ അതുമൂലം ലഭിക്കുവാനിടയായി.
ഇത്തരം പല കുടുംബങ്ങളിലും വില്ലൻ കഥാപാത്രങ്ങളായി തീരുന്നത് അവരുടെ മാതാപിതാക്കൻമാരോ, ബന്ധുക്കളോ ആകുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇത് ഇവർ തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും കാലം വളരെ കഴിഞ്ഞ് പോയിട്ടുണ്ടാകും. ഒരു ദൈവ ശുശ്രൂഷകൻ എന്ന നിലയിൽ, ഇത്തരം സന്ദർഭങ്ങളെ നേരിടേണ്ടി വരുന്നത് തികച്ചും സങ്കടകരമാണ്. ഒരു ഭവനത്തിൽ പാർത്തിട്ടും പരസ്പരം വിശ്വാസമില്ലാത്ത,തമ്മിൽ തമ്മിൽ അംഗീകരിക്കാത്ത, തമ്മിൽ ക്ഷമിക്കുവാൻ കഴിയാത്ത, സ്നേഹിക്കുവാൻ മറന്ന് പോയ ഈ കൂട്ടർ, പലപ്പോഴും നമ്മുടെ സമൂഹത്തിലും, സഭകളിലും നല്ല അഭിനയം കാഴ്ച്ചവയ്ക്കുന്നവരാണ്.
“കോപിച്ചാൽ പാപം ചെയ്യരുത്; സൂര്യൻ അസ്തമിക്കുവോളം നിൻ്റെ കോപം വച്ചു കൊണ്ടിരിക്കരുത് (എഫെസ്യർ 4:26 )
വിശുദ്ധ സത്യവേദപുസ്തകത്തിലൂടെ ഇതാണ് ദൈവം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. എന്നിരുന്നാലും ഈ വചനം ഇവർ മറന്ന് പോകുന്നു. നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്ന ഒരു ക്രിസ്തീയ കുടുംബത്തിലെ മാതാപിതാക്കൻമാർ ഒരു ഭവനത്തിൻ്റെ കീഴിൽ പാർത്തിട്ടും, വാർദ്ധക്യത്തിൽ അവർ ഇരുവരും മരിക്കുന്നതുവരെ തമ്മിൽ തമ്മിൽ സ്നേഹിക്കാതെ വിരുദ്ധ ധ്രുവങ്ങളിൽ കോപത്തിൽ ജീവിച്ച് തീരുന്നത് ഞാൻ കണ്ടിട്ടുണ്ട്. നമ്മുടെ ഈ സംഭവ കഥയിലെ വേർപാട് പശ്ചാത്തലമുള്ള സഹോദരനും, പെന്തകോസ്ത് പശ്ചാത്തലമുള്ള സഹോദരിയും കൂടിചേർന്ന ഈ കുടുംബം നല്ല വിദ്യാസമ്പന്നരും സമ്പത്തുള്ളവരും, വിശ്വാസ പാരമ്പര്യമുള്ളവരുമാണ്. അവർ തമ്മിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ ഇവിടെ പറയുന്നില്ലങ്കിലും, അവരിൽ എനിക്ക് ലഭിച്ച ഒരു തിരിച്ചറിവ് മാത്രം പങ്ക് വയ്ക്കട്ടെ. ഭർത്താവ് മദ്യപിക്കുമെന്ന് ആ ഭാര്യ പറഞ്ഞപ്പോൾ; അതിനെ നിഷേധിക്കാതെ അത് തുറന്ന് സമ്മതിച്ചിട്ട് അൽപ്പം അഹങ്കാരത്തോടെ ആ സഹോദരൻ മറുപടി പറഞ്ഞത് ” അതേ ഞാൻ മദ്യപിക്കും; ഞാനും എൻ്റെ അപ്പനും ഒന്നിച്ച് ഞങ്ങളുടെ വീട്ടിലിരുന്ന് യോഗ്യമായിട്ടാ മദ്യപിക്കുന്നത്; അല്ലാതെ നിൻ്റെ അപ്പനെപ്പൊലെ കുടിച്ചിട്ട് വഴിയിൽ കിടക്കുന്നവരല്ലാ”യെന്ന്.
അന്നാണ് എനിക്ക് മനസ്സിലായത് പെന്തകോസ്തുകാർക്ക് മദ്യം കഴിക്കാനും ഒരു യോഗ്യത വേണമെന്ന്.
ഒരു കാലത്ത് നന്നായി മദ്യം കഴിച്ചിരുന്ന ഞാൻ യേശു കർത്താവിനെ എൻ്റെ ജിവിതത്തിൻ്റെ കർത്താവായി സ്വീകരിച്ച് കഴിഞ്ഞപ്പോൾ യേശു കർത്താവിന് യോഗ്യമല്ലാത്തതിനെ എൻ്റെ ജീവിതത്തിൽ നിന്ന് വിട്ട് കളഞ്ഞ കുട്ടത്തിൽ മദ്യപാനശീലവും ഉണ്ടായിരുന്നു.ഇത് ഞാൻ സ്വയമായി ഉണ്ടാക്കിയതല്ല. വിശുദ്ധ ബൈബിളിലൂടെ പരിശുദ്ധനായ ദൈവം സ്വർഗ്ഗരാജ്യ പ്രവേശനത്തിനായ് ഓരോ പുതിയ നിയമ വിശ്വാസിയോടും ആവശ്യപ്പെടുന്നതാണ്. സമൂഹമധ്യേ ഇന്ന് മാന്യതയോട് ജിവിക്കുന്നവരിൽ പലരും, ഇത്തരത്തിൽ പല യോഗ്യതകളും ജീവിതത്തിൽ പ്രാപിച്ചവരാണ്. വിവാഹജീവിതത്തിലെ സ്വന്തപങ്കാളിയെ കബളിപ്പിക്കുന്ന യോഗ്യത, പാപം ചെയ്യ്തിട്ടും അത് മറച്ച് വയ്ക്കാൻ പഠിച്ച യോഗ്യത, സഭയിൽ ഗ്രൂപ്പിസവും, പ്രശ്നങ്ങളും സൃഷ്ടിച്ച് തനിക്ക് കസേര ഒപ്പിച്ചെടുക്കുകയും & അത് നിലനിർത്തുകയും ചെയ്യുന്ന യോഗ്യത. ഈ കൂട്ടരുടെ യോഗ്യതകളിൽ ഇവ ചിലത് മാത്രമാണ്.
പാപം ചെയ്യുന്നതും; അവയെ ആരും അറിയാതെ മറച്ച് വയ്ക്കുന്നതും യോഗ്യതയല്ല.
ആകയാൽ ജീവിതത്തിൽ അയോഗ്യതയുടെ വിത്ത് വിതച്ച് നിത്യ നാശം കൊയ്യാനിടയാകാതെ ബുദ്ധിയുള്ളവരാകുക.
ഭൂമിയിലെങ്ങും ഉടാടി സഞ്ചരിക്കുന്ന കണ്ണുള്ള ദൈവത്തിൻ്റെ ദ്യഷ്ടിയ്ക്ക്, മറഞ്ഞിരിക്കുന്നതൊന്നുമില്ല. മനുഷ്യരുടെ സകല രഹസ്യ പാപങ്ങളും ദൈവത്തിൻ്റെ മുൻപിലുണ്ട്. സകല മനുഷ്യരും നേരിടേണ്ടിയ ദൈവീക ന്യായവിധി ദിവസത്തിൽ ഇവ നിമിത്തം ദൈവ മുൻപാകെ ധൈര്യത്തോടെ നിൽക്കുവാൻ നമുക്ക് കഴിയാത്തതിനാൽ മാനസാന്തരപ്പെട്ട് ദൈവീക ഫലം കായ്ക്കാം.