കുവൈറ്റ് അഗ്നിബാധയിൽ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ സംസ്കാരം ജൂലൈ 25 ന് തലവടിയിൽ
KE News Desk Kuwait
കുവൈറ്റ് :അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിൻ്റെ സംസ്കാരം 25 ന് ഉച്ചയ്ക്ക് 1.15 ന് തലവടി പടിഞ്ഞാറേക്കര മർത്തോമ്മാ പള്ളിയിൽ നടക്കും. കുട്ടനാട് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു വർഗ്ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒൻപതാം ക്ലാസ് വിദ്യർഥിനിയായ മൂത്ത മകൾ ഐറിൻ (14), അഞ്ചാം ക്ലാസ് വിദ്യർഥിയായ ഇളയ മകൻ ഐസക്ക് (11) എന്നിവരാണ് മരിച്ചത്.
സ്കൂൾ അവധി കഴിഞ്ഞ് കുട്ടികളുമൊത്ത് വെള്ളിയാഴ്ച പുലർച്ചെ നാട്ടിൽ നിന്ന് കുവൈറ്റിൽ എത്തിയ കുടുംബമാണ് വൈകിട്ടോടെ മരണപ്പെട്ടത്. എ.സി കത്തിപ്പടർന്ന തീയിൽ നിന്ന് വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാധമിക നിഗമനം.
22 ന് പുലർച്ചെ 4.30 ന് എമിറേറ്റ്സ് എയർവേസിന്റെ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദ്ദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 8 മണിയോടെ ബന്ധുക്കളും ജനപ്രതിനികളും ഏറ്റുവാങ്ങും. 12 മണിയോടെ തിരുവല്ല സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. 25 ന് രാവിലെ 5.30 ന് വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹങ്ങൾ ജിജോ പണി കഴിപ്പിച്ച വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. 11.30 ഓടെ കുടുംബ വീട്ടിൽ എത്തിക്കുന്ന മൃതദേഹങ്ങൾ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് പള്ളിയിൽ എത്തിച്ച് 1.15 ന് സംസ്കാരം നടത്തും. ജിജോ കുവെറ്റിൽ റോയിട്ടേഴ്‌സ് ജീവനക്കാരനായും തലവടി അർത്തിശ്ശേരി പുത്തൻപറമ്പ് കുടുംബാംഗമായ ലിനി നേഴ്സായും ജോലി നോക്കി വരുകയായിരുന്നു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ കുവൈറ്റിലെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രവർത്തകരാണ് ചെയ്തു നൽകിയത്. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എം.പി., കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ എന്നിവർക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു


- Advertisement -