ലേഖനം: ഏഴഴകുള്ള കാന്തൻറെ കാന്തയാം ശൂലേംകാരി | ബിജു ജോസഫ്, ഷാർജ

കാന്തൻറെ ശരീരമായവൾ, കാന്തനുവേണ്ടി പൂർണമായും സമർപ്പിക്കപ്പെട്ടവൾ, കറ, ചുളുക്കം, മാലിന്യം ഒന്നും ഏൽക്കാതെ ശരീരത്തെ ആത്മാവിൽ സൂക്ഷിക്കുന്നവൾ.. ആത്മാവിൽ ജീവിക്കുന്നവൾ. വിഘർഷണശക്തി ആത്മാവിൽ പ്രാപിച്ചവൾ കാറ്റിന്റെ ഒരു ചെറു ചലനത്തിൽപോലും അപ്പുപ്പൻതാടികളെപ്പോലെ ഭാരമില്ലാതെ ആത്മാവിൽ.. അന്തരീക്ഷ മണ്ഡലങ്ങളിൽ ചിറകില്ലാതെപോലും സ്വതന്ത്രമായി പറക്കാൻ കഴിയുന്നവൾ.! വിശുദ്ധമായ പ്രണയത്തിന്റെ പൂർണതയുള്ള ശക്തി മായവർണഭംഗിയുള്ള ഈ പ്രപഞ്ചത്തിന്റെ ഗുരുത്വാകർഷണത്തെ അതിജീവിച്ചു മുന്നേറുവാനുള്ള ആത്മശക്തി കാന്തൻ അവൾക്കു പ്രണയോപഹാരമായ് നൽകുന്നു.

വിശുദ്ധ പ്രണയം ഹൃദയത്തിന്റെ അഗാധമായ അധോഭാഗങ്ങളിൽ നിന്നും ആത്മാവിൽ ഖനനം ചെയ്യപ്പെടുന്നു അതിനാൽ അതിനു പൊന്നിന്റെ ശോഭയും മനോഹരത്വവും വർദ്ധിക്കും അത് അനശ്വരമാണ് അതിൽ കീടം അൽപ്പം പോലും ഉണ്ടാകില്ല അതിനെ പിന്നെ ഒരു കൊല്ലന്റെ ആലയിൽ സ്പുടം ചെയ്തെടുക്കുവാൻ, കത്തുന്ന ചൂളയിൽ ഇട്ടുകൊടുക്കേണ്ട ആവശ്യവുമില്ല. കുറച്ചുകൂടെ വ്യക്തമാക്കിയാൽ ആത്മശോധനയുടെ തീച്ചൂളയിൽ ആത്മാവിൽ കറയും ചുളുക്കവും മാലിന്യവും നീക്കിക്കളഞ്ഞു കാന്തയെ തന്റെ മാറിൽ പൊൻകച്ചയായ് അലങ്കരിക്കുവാൻ സ്പുടം ചെയ്തെടുത്തതാണ്.

പ്രണയം ജഡത്തിൽ നിന്നും ഉത്ഭവിക്കുന്നു. വേഗത്തിൽ കത്തും വേഗത്തിൽ കീടം നീങ്ങാതെ തന്നെ ജഡത്തിലേക്കു തിരികെവന്നു അണയും. അശുദ്ധിവിമുക്തം അഥവാ സ്പുടവിമുക്തം. ജഡത്തിലെ പ്രണയം ഹൃദയത്തോട് ശത്രുത്വം പുലർത്തി മറ്റൊരു ജഡത്തോട് ചേരാൻ വീണ്ടും ആസക്തി കാണിക്കുന്നു അശുദ്ധിയിൽ നിന്ന് അശുദ്ധിയിലേക്കു തന്നെ പ്രയാണം തുടരുന്നു. അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ തിരുവചന സൂക്തം സാക്ഷ്യം. ആത്മാവിന്റെ പ്രണയത്തിനു പൂർണസ്‌നേഹവും പൂർണ്ണവിശ്വാസവും പൂർണപ്രത്യാശയും ഉണ്ട്. ഇവമൂന്നിനും വിശുദ്ധിയുടെ തേജസിന്റെ കറയും ചുളുക്കവും മാലിന്യവുമേൽക്കാത്ത കല്യാണപ്പുടവയും ചുറ്റിയിരിക്കും അഥവാ മണവാട്ടി വസ്ത്രവും അണിഞ്ഞിരിക്കും. കാന്തക്കു തുണനിന്ന ആത്മാവിന്റെ പൂർണ സാക്ഷ്യ സാക്ഷാത്കാരം.

അരുമ കാന്തനുവേണ്ടി സകലതും സഹിച്ചു ക്ഷമയോടെ പ്രത്യാശയോടെ വിശ്വാസ ചോർച്ചസംഭവിക്കാതെ പൂർണസ്നേഹത്തോടെ ഒരുങ്ങി കാത്തുനിന്ന ഏഴഴകുള്ള ശൂലേംകാരത്തിലൂടെ കാന്തനുമായുള്ള മഹാസന്തോഷത്തിന്റെ കല്യാണമല്ലോ, കല്യാണ സുദിനമല്ലോ ഇത്. വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്ന് പറയട്ടെ; ദഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ വെളിപ്പാട് 22:17 .

ശൂലേംകാരത്തിയുടെ പ്രണയത്തിന് ഹൃദയത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും ശക്തി ഒരുപോലെ ഉണ്ടായിരുന്നു. ഈ പ്രണയത്തെ തകർക്കാൻ വിശുദ്ധമായ ജീവനുള്ള പ്രണയത്തെ ലോകത്തിന്റെ ഒരു ആകർഷണശക്തിക്കും ധനം മാനം പ്രതാപം ഒന്നിനും കത്തിക്കാനോ അണക്കാനോ മുക്കാനോ നശിപ്പിക്കാനോ കഴിയുകയില്ല. ലോകത്തിലെ ഏറ്റവും കൂടുതൽ ധനവും മാനവും വിവേകവുമുള്ള രാജാവായ ശലോമോനു പോലും അവളുടെ പ്രണയത്തെ വിലക്കുവാങ്ങുവാനോ തകർക്കുവാനോ കഴിഞ്ഞില്ല. അവളുടെ മുന്തിരിത്തോട്ടത്തെ അവൾ കാത്തിരിക്കുന്ന കാന്തനല്ലാതെ ആർക്കും വിട്ടുകൊടുക്കാനോ തൊടുവാനോ കാണുവാനോ പോലും അനുവധിച്ചില്ല. ക്ഷണികസുഖത്തിനു തന്റെ തോട്ടം പാട്ടത്തിനുകൊടുത്തു തന്നെ ചേർക്കാൻ വരുന്ന കാന്തനുമായുള്ള നിത്യമായ സുഖം നഷ്ടപ്പെടുത്താൻ അവൾ തയാറായില്ല, ഇവളല്ലോ കറയും ചുളുക്കവും മാലിന്യവുമേൽക്കാത്ത സാക്ഷാൽ മണവാട്ടിസഭ, മണവാളന്റെ മണവാട്ടിസഭ. ശൂലേംകാരീ ഞങ്ങൾ നിന്നെ ഒന്ന് കണ്ടുകൊള്ളട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply