ഫീച്ചർ: കരുതലിന്റെ കരസ്പർശവുമായി പാസ്റ്റർ സന്തോഷ് പൊടിമല | തയ്യാറാക്കിയത്: പ്രകാശ് പി കോശി
കുടിയേറ്റക്കാരുടെ സ്വപ്‍നഭൂമി എന്നറിയപ്പെടുന്ന അമേരിക്ക ഏതു മനുഷ്യന്റെയും സ്വപ്നഭൂമിയാണ്. അധ്വാനിച്ചു ജീവിച്ചാൽ മനോഹരമായ ജീവിതം കെട്ടിപ്പെടുക്കാൻ എല്ലാ സാഹചര്യങ്ങളുമുള്ള ഈ രാജ്യത്ത് തെരുവിൽ അകപ്പെട്ടുപോയ ഒരു കൂട്ടം മനുഷ്യരുമുണ്ട്. അംബര ചുംബികളും നിയോൺ വെളിച്ചം വീശുന്ന തെരുവുകളും അഭിവൃദ്ധിയും സമ്മാനിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളുടെ മറുവശത്ത് അമേരിക്കയിലെ ഒരു കഠിന യാഥാർഥ്യമാണ് വീടില്ലാതെ തെരുവിൽ അലയുന്ന ജനങ്ങൾ. അമേരിക്കയിൽ ആറ് ലക്ഷത്തിൽ അധികം പേർ ഈ പറഞ്ഞ ഹോംലെസ്സ് ആണ്. ഡാളസ് പട്ടണത്തിൽ തന്നെ നാലായിരത്തോളം ഹോംലെസ്സ് ആളുകൾ ഉണ്ട്. ജനങ്ങൾ തെരുവിൽ അകപ്പെട്ടുപോകാൻ വിവിധ കാരണങ്ങൾ ഉണ്ട് : തകർന്ന കുടുംബങ്ങളിലെ അംഗങ്ങൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ജയിൽ ശിക്ഷ കഴിഞ്ഞവർ, അനാഥരായ കുഞ്ഞുങ്ങൾ എന്നിവരൊക്കയാണ് തെരുവിൽ അഭയം തേടുന്നത്. ഇക്കൂട്ടരിൽ മിക്കവരും മയക്കുമരുന്ന് ഉപയോഗത്തിലും ദാരിദ്ര്യത്തിലും വീണ് തെരുവിൽ തന്നെ പൊലിഞ്ഞു പോകുന്നവരാണ്.
ഡാളസിൽ ബെയ്ലർ ഹോസ്പിറ്റലിൽ മാന്യമായ ജോലിയും ബെഥേൽ പെന്തകോസ്തൽ അസംബ്ളിയിൽ ഇടയശുശ്രൂഷയുള്ള പാസ്റ്റർ സന്തോഷ് പൊടിമലയുടെ മനസ്സിൽ നഗരത്തിന്റെ കോണുകളിൽ ഒരു കഷണം റൊട്ടിയ്ക്ക് വേണ്ടി കാത്തിരിക്കുന്ന അശരണരുടെ നിസ്സാഹായ മുഖങ്ങൾ നോവായി മാറി. എന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ കാണുന്ന വേദന ഉളവാക്കുന്ന കാഴ്ചകൾ അധികകാലം കണ്ടുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹോംലെസ്സ് ആയ ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവർക്ക് ആഹാരവും വസ്ത്രവും എത്തിക്കാനും പാസ്റ്റർ സന്തോഷ് സമയം കണ്ടെത്താൻ തുടങ്ങി. കുളിക്കാതെയും വൃത്തിയുള്ള വസ്ത്രം ധരിക്കാതെയും നാറ്റം വമിക്കുന്ന ശരീരവുമായി, അടുക്കുവാൻ ആരും അറയ്ക്കുന്ന ഇവരുടെ അടുക്കലേക്ക് വരുവാൻ മലയാളി സഭകളോ വിശ്വാസികളോ താല്പര്യം പ്രകടിപ്പിക്കാറില്ല. ഇവിടെയാണ് പാസ്റ്റർ സന്തോഷ് പൊടിമല വ്യത്യസ്തനാകുന്നത്. പാത കഠിനവും ഇടുക്കവുമാണെങ്കിലും പാപികളെ തേടി തെരുക്കോണുകളിൽ എത്തിയ ക്രിസ്തുവിന്റെ പാതയിലൂടെ പോകുവാൻ പാസ്റ്റർ സന്തോഷ് തീരുമാനിച്ചു. സമാനചിന്താഗതിക്കാരായ സഹപ്രവർത്തകരെയും സഭയിലെ വിശ്വാസികളെയും ഉൾപ്പെടുത്തി അദ്ദേഹം സേക്രെഡ് ഹാൻഡ്‌സ് ഓഫ് ഹോപ്പ് ഇന്ത്യൻ മിനിസ്ട്രിസ് എന്ന സംഘടന ആരംഭിച്ചു. തന്റെ വാനിൽ ആഹാരവും വസ്ത്രവും സോപ്പും ഒക്കെ നിറച്ച് ആഴ്ചയിൽ പല പ്രാവശ്യം ഹോംലെസ്സ് ആളുകൾ കൂടുന്നിടത്ത് എത്തി അവരെ സഹായിക്കും. അവരെ ആരാധനയ്ക്കും കൂട്ടായ്മയ്ക്കും ക്ഷണിക്കും. ഇക്കൂട്ടരിൽ ചിലർ യോഗങ്ങളിൽ സംബന്ധിക്കാറുണ്ട്. ചില സമയത്ത് ശരാശരി 60 ആളുകൾ കൂട്ടായ്മയ്ക്ക് എത്താറുണ്ട്. എല്ലാ വർഷവും ഇക്കൂട്ടർക്കു വേണ്ടി പാസ്റ്റർ സന്തോഷും തന്റെ സംഘടനയും വലിയ ക്യാമ്പുകളും കൺവെൻഷനും സംഘടിപ്പിക്കാറുണ്ട്. അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും പാട്ടുകൾ പാടാനും അവരുടെ പാദം കഴുകാനും നല്ല ആഹാരവും മരുന്നുകളും വസ്ത്രങ്ങളും ചെരുപ്പും നൽകാനും ഈ അവസരം ഉപയോഗിക്കുന്നു. രൂപാന്തരപ്പെടുത്തുന്ന ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ചും അവരോട് പറയുന്നു. ഈ ശുശ്രൂഷ മൂലം വളരെ മോശമായ ജീവിതം നയിച്ച, തെരുവിൽ ജീവിച്ച ചിലരെങ്കിലും ക്രിസ്തുവിനെ അറിയാൻ ഇടയായി. അവരെ പുനരധിപ്പിക്കാനും ഉപജീവനമാർഗ്ഗം കാണിച്ചുകൊടുക്കാനും പാസ്റ്റർ സന്തോഷ് പ്രയത്നിക്കുന്നു.
ഓരോ ആഴ്ചയിലും നൂറുകണക്കിന് ഭക്ഷണപൊതികളും സോക്സും പോഷകഹാര പൊതികളും പാസ്റ്റർ സന്തോഷ് വിതരണം ചെയ്യുന്നു.
ഡാളസിൽ പ്രവർത്തനം തുടങ്ങി അധികം സമയം കഴിയുന്നതിനു മുൻപ് അദ്ദേഹം തന്റെ പ്രവർത്തനം ഇന്ത്യയിലേക്കും ഫിലിപ്പിയൻസിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ നിരവധി ചിൽഡ്രൻസ് ഹോമുകളും തയ്യൽ പരിശീലന ക്‌ളാസുകളും
സേക്രെഡ് ഹാൻഡ്‌സ് ഓഫ് ഹോപ്പ് ഇന്ത്യൻ മിനിസ്ട്രിസ് നടത്തുന്നു. നൂറുകണക്കിന് തയ്യൽ മെഷീനുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് നൽകുന്നതിലൂടെ സ്വയം തൊഴിൽ കണ്ടെത്താൻ സംഘടന അവരെ സഹായിക്കുന്നു. നൂറുകണക്കിന് മിഷനറിമാർ പ്രവർത്തിക്കുന്ന ഇന്ത്യ ക്രിസ്ത്യൻ അസംബ്ളിയുടെ നേതൃത്വവും പാസ്റ്റർ സന്തോഷ് വഹിക്കുന്നു. ഒറീസ്സ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മുതിർന്നവർക്കുള്ള സാക്ഷരത മിഷൻ പദ്ധതികൾ സംഘടന നടത്തുന്നു. വിവിധ സംസ്ഥാനങ്ങളിൽ ചേരി നിവാസികൾക്കും അശരണർക്കും ആഹാര സാധനങ്ങളും പുതപ്പുകളും സ്ഥിരമായി വിതരണം ചെയ്യുന്നു. സേക്രെഡ് ഹാൻഡ്‌സ് ഓഫ് ഹോപ്പ് ഇന്ത്യൻ മിനിസ്ട്രിസിന്റെ ദർശനമാണ് ക്രിസ്തുവിന്റെ പരിജ്ഞാനം വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. അതിന്റെ സാക്ഷാതകരമായി റിഫോം ബുക്സ് നിലവിൽ വന്നു. ക്രിസ്തുവിന്റെ സ്നേഹത്തെ പരിചയപ്പെടുത്തുന്ന ഈടുറ്റ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയാണ് റിഫോം ബുക്സിന്റെ ലക്ഷ്യം. അതനുസരിച്ച്, നിരവധി ജീവചരിത്രങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചു.
പാസ്റ്റർ സന്തോഷ് പൊടിമലയുടെ സഹധർമ്മിണി സൂസനും, മക്കളായ സ്നേഹയും, സേത്തും തന്റെ ശുശ്രൂഷയിലും കാരുണ്യപ്രവർത്തനത്തിലും വലിയ കൈത്താങ്ങാണ്. പെന്തകോസ്ത്തിലെ നാലാം തലമുറക്കാരനായ പാസ്റ്റർ സന്തോഷ്, ആരംഭകാല സുവിശേഷകനായ പൊടിമല മത്തായിച്ചന്റെ കൊച്ചുമകൻ പാസ്റ്റർ ബെഞ്ചമിൻ തോമസിന്റെ മകനാണ്. മാതാവ് പൊന്നമ്മ കുമ്പനാട് ചെള്ളേത്ത് കുടുംബാംഗമാണ്. കരുതലിന്റെയും സ്നേഹത്തിന്റെയും സുവിശേഷത്തിന്റെ കരസ്പർശനം ഇനിയും കൂടുതൽ ആളുകളിൽ എത്തിക്കാനുള്ള യാത്രയിലാണ് പാസ്റ്റർ സന്തോഷ് പൊടിമല.