ചെറു ചിന്ത: അവൻ വന്നിട്ടുണ്ട് | രാജൻ പെണ്ണുക്കര
കഴിഞ്ഞ ദിവസം നടന്ന ഞങ്ങളുടെ മകന്റെ വിവാഹശുശ്രുഷയിൽ സ്നേഹാദരവോടെ ഞങ്ങൾ ക്ഷണിച്ചവരിൽ തൊണ്ണൂറ്റിയെട്ടു ശതമാനം ആൾക്കാരും പങ്കെടുത്തു. എന്നാൽ വരാത്ത ബാക്കി രണ്ടുശതമാനത്തെ കുറിച്ച് ഓർത്തപ്പോൾ മാനുഷിക രീതിയിൽ പരിഭവവും നിരാശയും തോന്നി പോകുന്നത് സ്വാഭാവികമല്ലേ. സ്വന്തക്കാരെന്നു കരുതി സ്നേഹത്തോടെയും പ്രതീക്ഷയോടെയും ക്ഷണിച്ചിട്ടും ചിലർ വന്നില്ല. നമ്മുടെ നാട്ടിലെ സ്ഥിരം പല്ലവി പോലെ പലരും പലവിധ കാരണങ്ങൾ നിരത്തി വെച്ച് സോറിപറഞ്ഞ് ന്യായികരണ തൊഴിലാളികൾ ആകാൻ ശ്രമിച്ചു. ശരിയല്ലേ, ഓരോ വ്യക്തികൾക്കും അവരവരുടെ കാഴ്ചപാടിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അഥവാ മാറ്റിവെക്കാൻ പറ്റാത്ത മുൻഗണനയും പ്രാധാന്യവും (priorities, preferences, importance) ഉണ്ട്. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാകയാൽ അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല.
എന്നാൽ ഈ പരിഭവത്തിന്റേയും പ്രയാസത്തിന്റേയും ഇടയിൽ ഞങ്ങളുടെ സഹോദരി പുത്രി പറഞ്ഞ വാക്കാണ് ഞങ്ങളെ വളരെയധികം ചിന്തിപ്പിച്ചത്. ആര് വന്നില്ലെങ്കിലും നമുക്കെന്താണ്, മോന്റെ കല്യാണത്തിന് കാനാവിലെ കല്യാണ ദിനത്തിൽ കുറവുകൾ നികത്തിയവന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ പിന്നെന്തിന് വരാത്തവരെ കുറിച്ച് പരിഭവിക്കണം. ആ ദൈവീക സാന്നിധ്യം ഓരോ ഘട്ടത്തിലും ശുശ്രുഷയിലും ഞങ്ങൾ നന്നായി രുചിച്ചറിഞ്ഞു, തിരിച്ചറിഞ്ഞു അതുകൊണ്ടൊരു കുറ്റവും കുറവും ആർക്കുമെങ്ങും തോന്നിയില്ല. ആ സാക്ഷ്യം കേട്ടപ്പോൾ അറിയാതെ കർത്താവിനെ സ്തുതിച്ചു, ഞങ്ങളുടെ കണ്ണുകൾ നന്ദികൊണ്ട് നിറഞ്ഞു തുളുമ്പി ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത സന്തോഷവും സമാധാനവും സംതൃപ്തിയും മനസ്സിൽ അലയടിക്കാൻ തുടങ്ങി.
യേശുയില്ലാത്ത അഥവാ ദൈവീക സാന്നിധ്യം ഇല്ലാത്ത ശുശ്രുഷയിൽ നൂറുശതമാനം ആൾക്കാരും വന്നുവെങ്കിലും പ്രധാന VIP കൾ പങ്കെടുത്തു എന്ന പ്രസിദ്ധി നേടിയാലും സ്റ്റേജ് നിറയെ വെള്ളവസ്ത്ര ധാരികൾ നിരന്നിരുന്നാലും, സഭാശ്രേഷ്ഠൻ അധ്യക്ഷൻ ആയിരുന്നാലും എന്ത് പ്രയോജനം. അപ്പോൾ യേശുവിന് പ്രഥമ സ്ഥാനം കൊടുക്കാത്ത യേശുവിനെ ക്ഷണിക്കാത്ത ദൈവീക സാന്നിധ്യം ഒട്ടും ഇല്ലാത്ത ശുശ്രുഷയും, ഭവനവും, ജീവിതവും, ആരാധനയും, മഹായോഗങ്ങളും, മംഗളകർമങ്ങളും യേശു ഇല്ലാത്ത പടകും എങ്ങനെയായിരിക്കും എന്ന് ഊഹിക്കാൻ കഴിയുമോ?. നമ്മുടെ നീറുന്ന പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം ഉണ്ടാകണമെങ്കിൽ ആ നൂറുശതമാനമല്ല (100%) വേണ്ടത് മറിച്ച് യേശുവിന്റെ സാന്നിധ്യമാണ് അനിവാര്യമെന്ന് നാം തിരിച്ചറിയണം!.
നമ്മുടെ മാനേജ്മെന്റ് കഴിവും, മുൻകാല പ്രവർത്തന പരിചയവും, പഠിപ്പും, പണവും, പ്രതാപവും, പുണ്യവും കുടുബമഹിമ കൊണ്ടും കാര്യങ്ങൾ നേടാം വിജയിപ്പിക്കാം എന്ന് കരുതുന്നു എങ്കിൽ നമ്മുടെ ധാരണ തെറ്റി, നടക്കില്ല ഒരിക്കലും നടക്കില്ല. അവിടെ കുറ്റങ്ങളും കുറവുകളും സംഭവിക്കാം, നാം സമൂഹത്തിൽ, ബന്ധുക്കൾ ചർച്ചക്കാരുടെ നടുവിൽ നിന്ദിതരായി തീരാം. എന്നാൽ നമ്മുടെ ആവശ്യങ്ങൾ, അടുത്ത നിമിഷം നാം അഭിമുഖികരിക്കാൻ പോകുന്ന നമ്മേ അലട്ടാൻ പോകുന്ന പ്രതീക്ഷിക്കാത്ത പർവ്വത സമാനമായ പ്രശ്നങ്ങൾ മുൻകൂട്ടി നന്നായി അറിയുന്ന യേശു വന്നിട്ടുണ്ടെങ്കിൽ അതു മാത്രം മതി. അവന്റെ കാല്പാദം അവിടെ പതിയും മുൻപേ അവന്റെ സാന്നിധ്യം അവിടെ ഇറങ്ങുന്നതിന് മുൻപേ അവൻ അതിനെല്ലാം യഥാർത്ഥ പരിഹാരം കണ്ടിട്ടുണ്ട് എന്നതാണ് സത്യം.
ഒരുകാര്യം കൂടി തുറന്നുപറയട്ടെ അന്ന് കനാവിലെ കല്യാണ ദിനം യേശു പോയില്ലായിരുന്നു എങ്കിലും ആ കല്യാണത്തിന് വീഞ്ഞിന്റെ കുറവ് ഉണ്ടാകുമായിരുന്നു എന്നതൊരു സത്യം, മാത്രവുമല്ല ആ കുറവിന് ഉടൻ പരിഹാരം കൂടി ഇല്ലാതെയാകുമ്പോൾ ആ രണ്ട് കുടുംബ ബന്ധങ്ങൾ ശിതിലമായി പരിഹാസ വിഷയമായി സമൂഹമദ്ധ്യേ നിന്ദിതരാകുമായിരുന്നു എന്നതും യാഥാർഥ്യം. എന്നാലോ കാനാവിൽ യേശുവന്നതു കൊണ്ട് അവരുടെ കല്യാണ ദിനത്തിലെ കുറവിനു ഉടൻ പരിഹാരം ഉണ്ടായി അവർക്കാർക്കും പരിഹാസ വിഷയമായി നിന്ദിക്കപ്പെട്ട് ലജ്ജിക്കേണ്ട സംഗതി വന്നില്ല. യേശു കൂടെ ഉണ്ടെങ്കിൽ അങ്ങനെയാ, പലപ്പോഴും യേശു ഇല്ലാത്തതാണ് സകല പ്രശ്നങ്ങൾക്കും കാരണം എന്ന് നാം തിരിച്ചറിയണം.
അവിടെ വെച്ച് അമ്മയോട് യേശു പറയുന്ന മറുപടി തത്കാലം ചർച്ച ചെയ്യുന്നില്ല, എന്നാൽ ഇവിടെ ശ്രദ്ധേയമായ വിഷയം ഭവനത്തിലെ കുറവ് അഥവാ പ്രശ്നം അമ്മ മുഖേന യേശു അറിഞ്ഞപ്പോൾ കല്യാണവീട്ടിലെ കുടുംബനാഥൻ എന്നോട് വന്ന് കാര്യങ്ങൾ പറയട്ടെ അപ്പോൾ ഞാൻ കാര്യങ്ങൾ പരിഗണിക്കാം ഞാൻ ശ്രമിച്ചു നോക്കാം എന്നൊന്നും പറയാതെ അതിൽ ഇടപെടാൻ താല്പര്യം കാണിക്കുന്ന കർത്താവിന്റെ ആർദ്രതയുള്ള മനസ്സ് അവിടെ ദർശിക്കുന്നു. മാത്രവുമല്ല അവിടെ എത്ര വലിയ പത്രങ്ങൾ ഉണ്ടെന്ന് യേശു തിരക്കുന്നതായും കാണുവാൻ കഴിയുന്നില്ല. ഒരുകാര്യം ഞാൻ വിശ്വസിക്കുന്നു യേശു ആ പന്തലിൽ പാദങ്ങൾ വെച്ചപ്പോൾ തന്നേ ആ കല്പാത്രങ്ങളേ മുൻകൂട്ടി കണ്ടിരുന്നു തിരഞ്ഞെടുത്തിരുന്നു അഥവാ അടുത്ത നിമിഷം അവർ അഭിമുഖികരിക്കാൻ പോകുന്ന പർവ്വത സമാനമായ പ്രശ്നങ്ങൾ നന്നായി അറിഞ്ഞിരുന്നു എന്നതാണ് സത്യം. അതു കൊണ്ടല്ലേ വലിയ പാത്രങ്ങളുടെ ലഭ്യതയെ കുറിച്ച് യേശുവിൽ നിന്നും ഒരു ചോദ്യം പോലും ഉയരാഞ്ഞത്. എല്ലാം അറിയുന്ന സർവജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തിയുള്ള ദൈവത്തിന് എന്ത് ചോദ്യം. നമ്മുടെ വിഷയങ്ങളും പ്രശ്നങ്ങളും കാലേകൂട്ടി അറിയുന്ന കർത്താവ്, അറിയുക മാത്രമല്ല അതിന് യോഗ്യമായ പരിഹാരം കാണുന്ന നല്ല കർത്താവ് പറഞ്ഞാൽ നിറച്ചുകൊള്ളണം അൽപ്പം അല്ല അതും വക്കോളാം തന്നേ, കൊടുക്കാൻ പറഞ്ഞാൽ കൊടുക്കണം തൃപ്തിയാകും വരെ, മറുചോദ്യം ചോദിക്കാൻ ആർക്കും അവകാശം ഇല്ലായെന്നതാണ് തത്വം. ഇവിടെ പറയുന്ന ചില പദങ്ങൾ എന്നെയും ചിന്തിപ്പിച്ചു. നിറക്കാൻ പറഞ്ഞു നിറച്ചു, കൊടുക്കാൻ പറഞ്ഞു കൊടുത്തു, സംശയത്തിന്റെ ലാഞ്ചന പോലും ഇല്ലാത്ത വിശ്വാസത്തിന്റെ പ്രവർത്തി. തന്റെ സാന്നിധ്യത്തിന്റെ മറവിൽ ആയിരിക്കുന്നവരെ, തന്റെ നിഴലിൻ കീഴിൽ ആയിരിക്കുന്നവരെ, തന്റെ മുഖത്ത് നോക്കിയവരെ ലജ്ജിപ്പിക്കാത്ത കർത്താവാണ് നമ്മുടെ മധ്യത്തിൽ ഉലാവുന്നത് എന്ന സത്യം മറക്കരുത്. പിന്നെ എന്തിനി വ്യാകുലം എന്തിനി ഭാരങ്ങൾ കർത്താവിൻ കുഞ്ഞുങ്ങൾ പാട്ടുപാടും.
(രാജൻ പെണ്ണുക്കര)