ചെറു ചിന്ത: പ്രത്യാശ നഷ്ടപ്പെട്ടവരാകരുതേ! | പാസ്റ്റർ ബോവാസ് പി. വർഗ്ഗീസ്

ഓരോ ശവസംസ്കാരങ്ങൾ കഴിയുമ്പോഴും ഹൃദയത്തിന്റെ കോണിൽ മായാതെ മങ്ങാതെ കിടക്കുന്ന വാക്കാണ് പ്രത്യാശയോടെ വിട ജീവിതമാകുന്ന പടകിൽ ഒരുപാട് പ്രതീക്ഷകളുമായി ഉറ്റവരുടെയും ഉടയവരുടെയും സുഹൃത്തുക്കളുടെയും സഭാ ജനങ്ങളെയും ഒക്കെ മുമ്പിൽ ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചിരുന്ന പലരും തങ്ങളുടെ ജീവിതയാത്രയുടെ മധ്യത്തിൽ എവിടെയോ വച്ച് എല്ലാം അവസാനിപ്പിച്ച് പരിഭവങ്ങളും പരാതികളും ഇല്ലാത്ത ജീവിതത്തിന്റെ തിരക്കുകൾ ഒഴിഞ്ഞു എന്നന്നേക്കുമായി യാത്ര പറയുമ്പോൾ പ്രിയപ്പെട്ടവരെ എല്ലാവരുടെയും അവസാന വാക്കുകളാവും പ്രിയ സുഹൃത്തേ/ മകനെ നിനക്ക് പ്രത്യാശയോടെ വിട. ഇന്നിന്റെ കാലഘട്ടത്തിൽ പ്രത്യാശ എന്ന പദം കേവലം മരണാനന്തര അനുശോചന വാചകങ്ങളായി മാത്രം മാറ്റപ്പെടുമ്പോൾ മൂല്യങ്ങൾ നഷ്ടപ്പെട്ടു പോകുന്ന പുതിയ ആത്മീയ യുഗത്തിൽ നാം മറന്നു പോകുന്നതും നമ്മുടെ ഭാഗ്യകരമായ പ്രത്യാശയാണ് അപ്പോസ്തലനായ പൗലോസ് തന്റെ തൂലികയിലൂടെ പ്രിയ സ്നേഹിതൻ തീത്തോസിനു കൈമാറുന്ന ഒരു അനുഗ്രഹീത പദമാണ് ഭാഗ്യകരമായ പ്രത്യാശ (തീത്തോസ് 2:12 )ഈ ലോകത്തിലുള്ള സകല മനുഷ്യർക്കും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ എന്തെങ്കിലും പ്രത്യാശ ഉള്ളവർ തന്നെയാണ് ചിലരൊക്കെ അത് തങ്ങളുടെ ജീവിതത്തിൽ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നവരും ആയിരിക്കാം എന്നാൽ ഒരു ലോക മനുഷ്യന്റെ പ്രത്യാശ ഇവിടത്തെ സുഖഭോഗങ്ങളിൽ മാത്രം തളിർത്തു പൂത്തു വിടരുമ്പോൾ പ്രതിസന്ധികളും പ്രശ്നങ്ങളും ആകുന്ന ചൂട് തട്ടുമ്പോൾ ഒരുപക്ഷേ അതൊക്കെ വാടിത്തളർന്ന് തകർന്നുപോയേക്കാം എന്നാൽ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരുറപ്പുണ്ട് മരണത്തിനുമപ്പുറം നിലനിൽക്കുന്ന ഒരു പ്രത്യാശ അതേ ഭാഗ്യകരമായ പ്രത്യാശ ലോക മനുഷ്യന്റെ പ്രത്യാശ കല്ലറകൾക്കപ്പുറത്തേക്ക് കടക്കാൻ കഴിയാത്തത് ആണെങ്കിൽ ക്രിസ്തുഭക്തന്റെ പ്രത്യാശ മരണത്തിനുമപ്പുറം ഒരു നിത്യജീവൻ കാത്തിരിപ്പുണ്ട് എന്നതാണ്. ദുഃഖം മാത്രം തളം കെട്ടിനിൽക്കുന്ന നൊമ്പരം നിറഞ്ഞ ജീവിതയാത്രയിൽ പ്രത്യാശ നഷ്ടപ്പെടാത്ത ഭക്തന്മാർ അതുകൊണ്ടാണ് പാടുന്നത് ” പ്രത്യാശയോടെ ഇതാ ഭക്തരെന്ന് ഉണരുന്നേ വന്നു ഉദിക്കും പൊന്നുഷസേ ഓർക്കുംതോറും ധന്യം”.

ക്രിസ്തുഭക്തന്റെ പ്രത്യാശയുടെ പ്രത്യേകത അത് രക്തം നൽകി രക്ഷ നൽകിയവന്റെ കൂടെ നിത്യകാലം നിലനിൽക്കുന്നതായ പ്രത്യാശയാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് സൗജന്യമായി ലഭിക്കുന്ന രക്ഷ പ്രത്യാശയുടെ നിത്യ പ്രതീക്ഷ നൽകുന്ന നിത്യജീവനെ നൽകുന്നതാണ്. അതിനാൽ ആണ് ഒരു ക്രിസ്തു ഭക്തന് മരണത്തെ മുഖാമുഖം കാണുമ്പോഴും കൊടിയ പീഡനങ്ങളും പ്രയാസങ്ങളും നേരിടുമ്പോഴും സധൈര്യം അതിനെ നേരിടാൻ കഴിയുന്നത്. താങ്ങുവാൻ ആകാത്ത പ്രതിസന്ധികൾക്കിടയിലും ഭക്തനായ ഇയ്യോബ് തന്റെ വിശ്വാസത്തെ മുറുകെ പിടിച്ചത് തന്റെ ദേഹം ഇങ്ങനെ തന്നെ നശിച്ചു പോയാലും ദേഹസഹിതനായി പ്രിയന്റെ മുഖം നിത്യതയിൽ കാണാം എന്നുള്ള തികഞ്ഞ പ്രത്യാശ ഉള്ളിൽ തുടിച്ചതിനാൽ ആണ്. അതുകൊണ്ടുതന്നെ താൻ ഇപ്രകാരം പറയുന്നത് ഒരു വൃക്ഷം ആയാൽ അതിനൊരു പ്രത്യാശയുണ്ട് അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും അത് ഇളങ്കുമ്പുകൾ വിടാതിരിക്കുകയില്ല അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും വെള്ളത്തിന്റെ ഗന്ധം കൊണ്ടത് കിളിർക്കും ഒരു തൈ പോലെ തളിർ വിടും അതെ അത് തന്നെയാണ് രക്ഷിക്കപ്പെട്ട ക്രിസ്തുഭക്തന്റെ ജീവിക്കാനുള്ള ചാലക ശക്തി മാനുഷികമായ നിലയിൽ മരണം നമ്മുടെ പ്രിയപ്പെട്ടവരെ നിനക്കാത്ത നാഴികയിൽ അടർത്തിയെടുക്കുമ്പോഴും എല്ലാം തകർന്നവരെ പോലെ ചില പ്രിയപ്പെട്ടവരെ നാം യാത്രയാക്കുമ്പോഴും തികഞ്ഞ ധൈര്യത്തോടെ നാം പറയുന്നത് സുഹൃത്തേ മകനെ മകളെ മാതാവേ പിതാവേ, പ്രത്യാശയോടെ നിനക്ക് വിട. ഉള്ളം ഉരുകുന്ന തീവ്ര ദുഃഖത്തിന്റെ നടുവിലും ഭാഗ്യകരമായ നിത്യതയിൽ ഇന്നല്ലെങ്കിൽ നാളെ ഒന്നിച്ച് കാണാൻ കഴിയും എന്ന് തികഞ്ഞ പ്രത്യാശയ്ക്ക് ലോകത്താർക്കും പകർന്നു നൽകാൻ കഴിയാത്ത ധൈര്യം നൽകുവാൻ കഴിയുന്നതിന്റെ കാരണം നമ്മുടെ പ്രത്യാശ നിത്യതയിൽ മാത്രമായതിനാലാണ്. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നുവെങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാർ അത്ര എന്നാണ് പൗലോസ് പറയുന്നത് (1കൊരിന്ത്യർ 15:19)

മരണങ്ങളും ദുഃഖവും അപകടങ്ങളും ഒക്കെ ഒരുപക്ഷേ ആ പ്രത്യാശയിൽ നിന്ന് നമ്മെ അകറ്റുവാൻ തക്കവണ്ണം നിർബന്ധിക്കുമ്പോൾ അപ്പോസ്തലനായ പൗലോസ് കഷ്ടതയുടെ ഗന്ധമുള്ള തന്റെ ക്രിസ്തീയ ജീവിതത്തിൽ നമുക്ക് നൽകുന്ന ഒരു സന്ദേശമാണ് ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൗലോസ് എന്ന് ഞാൻ ശുശ്രൂഷകനായി തീർന്നു നിങ്ങൾ കേട്ടു ഇരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽ നിന്നും നിങ്ങൾ ഇളകാതെ അടിസ്ഥാന പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ട് അങ്ങനെ അവന്റെ മുമ്പിൽ നിലനിൽക്കും (കൊലോസ്യർ 1:23) അതെ നമ്മുടെ കാന്തനായ കർത്താവ് മേഘത്തിൽ വേഗത്തിൽ വരുമെന്ന് പ്രത്യാശ കൈവിടാതെ വിശ്വാസജീവിതം ഇനിയും മുന്നോട്ടു പോകാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply