ഐറിൻ മോളുടെ ഒന്നാം പിറന്നാളിന് കാക്കാതെ സിബിൻ എബ്രഹാം യാത്രയായി

തിരുവല്ല : ഒന്നാം പിറന്നാളിന് ഐറിൻ മോളെ വാരിയെടുത്ത് ഓമനിക്കാൻ ഓഗസ്റ്റിൽ പറന്നെത്തുമെന്ന വാഗ്ദാനം പാലിക്കാൻ ഇനി സിബിനില്ല. കീഴ്വായ്പൂരിലെ തേവരോട്ട് വീട്ടിലുള്ള ഭാര്യ അഞ്ജുവിനോട് ഇക്കാര്യം പറഞ്ഞ് കുവൈത്തിലെ രണ്ടാം നമ്പർ ഫ്ളാറ്റിൽ 4242 മുറിയിൽ ഉറങ്ങാൻ കിടന്ന സിബിൻ മടക്കമില്ലാത്ത യാത്രയിലായി.

2020 ഒക്ടോബർ 20-നായിരുന്നു ഇവരുടെ വിവാഹം. ഒന്നുമറിയാത്ത കുഞ്ഞിനെ ചേർത്ത് പിടിച്ച് കേട്ടതൊന്നും വിശ്വസിക്കാനാവാത്ത ആഘാതത്തിലാണ് അഞ്ജു. ‘എന്നെ ദൈവം വിളിച്ചപ്പോൾ ഏകനായി ഞാൻ പോകുന്നേ…’ എന്ന് തുടങ്ങുന്ന ഗാനം 2022 ജനുവരി 22-ന് സിബിൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പിൻ ചെയ്തതിനാൽ ആ പോസ്റ്റാണ് ഇപ്പോൾ ആദ്യം കാണുന്നത്.

വെണ്ണിക്കുളം സെയ്ൻറ് ബഹനാൻസിൽ പഠിക്കുന്ന കാലം മുതലേ ആത്മീയ കാര്യങ്ങളിൽ സിബിൻ ആകൃഷ്ടനായിരുന്നു. ദൈവവചനങ്ങളും ആരാധനാഗീതങ്ങളും സമൂഹമാധ്യമങ്ങളിൽ നിരന്തരം പങ്കുവെച്ചിരുന്നു. ദൈവത്തോട് ചേർന്ന് നിന്നിരുന്ന ആ ജീവിതം അവിടെത്തന്നെ അലിഞ്ഞുചേർന്നെങ്കിലും ആശ്വസിപ്പിക്കാൻപോലുമാകാത്ത നൊമ്പരത്തിലാണ് നാട്. പത്തനംതിട്ട കീഴ്വായ്‌പൂര് നെയ്തേലിപ്പടി സ്വദേശിയാണ് സിബിൻ ടി.എബ്രഹാം. എട്ടുവർഷമായി കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു. സൂപ്പർമാർക്കറ്റിൽ കാഷ്യറായിരുന്നു സിബിൻ. പത്തുമാസം മുൻപായിരുന്നു സിബിൻ്റെ അമ്മ മരിച്ചത്. നാലുമാസം മുൻപ് ഭാര്യാ മാതാവും മരിച്ചു. കുഞ്ഞിന്റെ മാമോദീസ ചടങ്ങിനായാണ് അവസാനമായി സിബിൻ നാട്ടിലെത്തിയത്. ഓഗസ്റ്റിൽ കുഞ്ഞിൻ്റെ ഒന്നാം പിറന്നാളിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തമുണ്ടായത്.

പിതാവും ബന്ധുക്കളും നെടുമ്പാശേരി വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. ഭൗതികദേഹം സ്വദേശത്തെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി.. ഉറ്റ ബന്ധുക്കൾ കൂടി എത്തിയശേഷം തിങ്കളാഴ്‌ചയായിരിക്കും സംസ്ക്കാരം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.