ഭാവന: അന്ന് സംഭവിച്ചത് | സോളിൻ സ്റ്റാൻലിംഗ്

അപ്പം വാങ്ങി വരാനാണ് അമ്മ അന്ന് എന്നെ കടയിലേക്ക് പറഞ്ഞുവിട്ടത്. മല മുകളിലാണ് എൻറെ വീട്. എൻറെ വീട് പോലെ ചുരുക്കം ചില വീടുകൾ മാത്രമാണ് ഈ മലമുകളിൽ ഉള്ളത്. കടയിൽ പോകാനും സാധനം വാങ്ങാനും മലയടിവാരം വരെ ചെല്ലണം. സൂര്യൻറെ കനത്ത ചൂട് വകവയ്ക്കാതെ ഒട്ടും സുഗമമല്ലാത്ത

വഴിയിലൂടെ ഞാൻ ധൃതി പിടിച്ചു താഴേക്ക് നടന്നു. വിശപ്പിന്റെ കാഠിന്യം കൊണ്ടാവണം ഓടിയും നടന്നും ഞാൻ വേഗം മലയാടിവരം എത്തി. താഴെ അതാ തിബര്യയാസ് തടാകം സൂര്യ കിരണങ്ങൾ ഏറ്റു സ്ഫടികം പോലെ തിളങ്ങുന്നുണ്ട്. ഇവിടെ കാഴ്ചകൾ കാണാൻ നല്ല രസമാണ് – ധനികരുടെ ഭംഗിയുള്ള വീടുകളും പലതരം കച്ചവട സ്ഥാപനങ്ങളും മലയുടെ ഓരം പറ്റി ഒഴുകുന്ന പളുങ്ക് തടാകവും – കാഴ്ചകളൊക്കെ കണ്ടു രസിച്ചു നടക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോൾ സമയമില്ല. ഞാൻ കൊണ്ട്ചെല്ലുന്ന ആഹാരം പ്രതീക്ഷിച്ചു അമ്മ വീട്ടിലുണ്ട്. ഇന്നലെ രാത്രിയും ഒന്നും കഴിച്ചിരുന്നില്ല.

കടക്കാരനായ വൃദ്ധൻ പരിചയക്കാരൻ ആണ്. കയ്യിൽ ഉണ്ടായിരുന്ന സഞ്ചി കുടഞ്ഞു ചില്ലറ തുട്ടുകൾ കൂട്ടിനോക്കി. 5 അപ്പം വാങ്ങാൻ ഉള്ള കാശ് കഷ്ടിച്ച് ഉണ്ട്. ഞാൻ അത് അദ്ദേഹത്തിന്റെ നേരെ നീട്ടി. ചില്ലറതുട്ട് എന്റെ കയ്യിൽ നിന്നും വാങ്ങി പകരം ഒരു പൊതി എന്റെ കയ്യിൽ വച്ചു തരുമ്പോൾ പതിഞ്ഞ സ്വരത്തിൽ എന്റെ ചെവിയിൽ അദ്ദേഹം മന്ത്രിച്ചു “രണ്ടു മീനും കൂടെ വച്ചിട്ടുണ്ട് കേട്ടോ”

മീൻ എന്ന് കേട്ടപ്പോൾ എന്റെ കണ്ണുകളിൽ നക്ഷത്രത്തിളക്കം. മീൻ ഒക്കെ കഴിച്ച കാലം മറന്നു. തിരികെ വീട്ടിൽ എത്താൻ ഇനി പൊള്ളുന്ന ചൂടിൽ മല കയറണം. സൂര്യന്റെ ചൂടിന് ശക്തി കൂടിയിരിക്കുന്നു. വകവെയ്ക്കാതെ കുന്നു ചാടി ഓടി കയറാൻ തുടങ്ങി. പ്രതീക്ഷിക്കാതെ മീൻ കിട്ടിയതുകൊണ്ട് കയറാൻ ഒരു ഉത്സാഹം. മല പകുതി കയറി. ഒരാൾക്കൂട്ടം ശ്രദ്ധയിൽ പെട്ടു. ചെറിയ ആൾക്കൂട്ടം അല്ല. പത്തു അയ്യായിരം പേര് ഉണ്ടാവും. എന്താണ് അവിടെ നടക്കുന്നത് എന്നറിയാൻ ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ നുഴഞ്ഞു കയറി. തട്ടിയും മുട്ടിയും മുന്നിലെത്തിയപ്പോൾ മലയുടെ പൊക്കം കൂടിയ ഒരു സ്ഥലത്ത് ഒരു ഗുരുവിനെ പോലെ തോന്നിക്കുന്ന ഒരു മനുഷ്യൻ ഇരുന്ന് ജനക്കൂട്ടത്തെ ഉപദേശിക്കുന്നു. ഇതുപോലുള്ള ഗുരുക്കന്മാരും അവരുടെ പുറകേ നടക്കുന്ന ഒരു പറ്റം ശിഷ്യന്മാരും ഇവിടെ സർവ്വസാധാരണമായ കാഴ്ചയാണ്. എന്നാൽ ഇത്രയധികം ആൾകാർ ഒരാളുടെ പുറകേ നടക്കുന്നത് ആദ്യമായാണ് കാണുന്നത്. എനിക്ക് ഇവിടെ നില്കാൻ സമയമില്ല. വേഗം വീട്ടിൽ ചെല്ലണം. എന്നാൽ ഈ ആൾക്കൂട്ടത്തിനിടയിലൂടെ ഉന്തി തള്ളി പുറത്തു കടക്കുന്നത് ശ്രമകരമായ കാര്യമാണ്. എല്ലാ ആളുകളും വളരെ ശ്രദ്ധയോടെ അദ്ദേഹം പറയുന്നത് കേട്ടു നിൽക്കുന്നുണ്ട്. എന്താണ് അദ്ദേഹം പറയുന്നത് എന്ന് കേൾക്കാൻ ഞാൻ രണ്ട് മിനിറ്റ് ഒന്ന് ശ്രദ്ധിച്ചു. രണ്ട് മിനിറ്റ് ശ്രദ്ധിച്ചത് മാത്രമേ ഓര്മയുള്ളു. പിന്നെ പരിസരബോധം വന്നത് അദ്ദേഹം സംസാരിച്ചു നിർത്തിയപ്പോ ആണ്.

ചുറ്റും നോക്കിയ ഞാൻ ഞെട്ടി. സൂര്യൻ അസ്‌തമിക്കാറായിരിക്കുന്നു. വെളിച്ചം മങ്ങിതുടങ്ങി. ഞെട്ടലോടെ ഞാൻ ഓർത്തു – എൻറെ അമ്മ! എന്നെ കാണാതെ വല്ലാതെ പേടിച്ചിരിപ്പുണ്ടാവും. എത്രയും വേഗം ഈ ആൾക്കൂട്ടത്തിൽ നിന്നും പുറത്തു കടക്കണം. കയ്യിലെ ആഹാരപൊതി മുറുക്കിപ്പിടിച്ചു ഞാൻ തിരിഞ്ഞപ്പോൾ ആരോ ഉച്ചത്തിൽ വിളിച്ച് ചോദിക്കുന്നു – ” ആരുടെ എങ്കിലും കയ്യിൽ ആഹാരം വല്ലതുമുണ്ടോ? ” ഞാൻ വീണ്ടും ഞെട്ടി. ആ ഗുരുവിന്റെ കൂടെ നിന്ന 10-12 ശിഷ്യന്മാർ ആരുടെ എങ്കിലും കയ്യിൽ ആഹാരം ഉണ്ടോന്നു തിരയുന്നു. എന്റെ കയ്യിലെ പൊതി ഒളിപ്പിക്കാൻ ഒരു ശ്രമം നടത്തി. ഈ ആഹാരം കഴിച്ചിട്ട് വേണം എനിക്കും അമ്മയ്ക്കും വിശപ്പടക്കാൻ.ആൾക്കൂട്ടത്തിനിടയിൽ നുഴഞ്ഞു കയറി ഒളിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ വൈകിപ്പോയി. അവരിൽ ഒരാൾ എന്റെ കയ്യിലെ പൊതി കണ്ടുപിടിച്ചു കഴിഞ്ഞു. എന്റെ കയ്യിലെ പൊതി അയാൾ ബലമായി എടുത്ത് തുറന്നു നോക്കി. ” ഇവിടെ ഒരു ബാലന്റെ കയ്യിൽ 5 യവത്തപ്പവും രണ്ട് മീനും ഉണ്ട് ” അയാൾ ആ ഗുരുവിനോടായി വിളിച്ചു പറഞ്ഞു. ” ആളുകളെ ഇരുത്തുവിൻ ” എന്ന് അദ്ദേഹത്തിന്റെ ഒരു കല്പനയും! എന്റെ കയ്യിലെ പൊതി എടുത്ത് അവർ ഗുരുവിന്റെ കയ്യിൽ കൊടുത്തു കഴിഞ്ഞു. അദ്ദേഹം അത് എടുത്ത് കയ്യിൽ വച്ചു സ്വർഗത്തിലേക്ക് നോക്കി വാഴ്ത്തി പ്രാർത്ഥിക്കുന്നുണ്ട്.

എന്റെ ഹൃദയം നീറി. നെഞ്ച് പിടഞ്ഞു. അമ്മയോട് ഇനി ഞാൻ എന്തു പറയും. പുറം തിരിഞ്ഞു നിന്നു കരഞ്ഞു. വഴിയിൽ കാണുന്ന ഇടത്തൊക്കെ നിന്നു നേരം കളയരുത് എന്ന അമ്മയുടെ ഉപദേശത്തിന്റെ വില ഇപ്പോഴാണ് ശെരിക്കും ബോധ്യമായത്. വീണ്ടും മലയടിവരാം വരെ പോയി അപ്പം വാങ്ങാൻ ഇനി കാശില്ല. അവിടെ വരെ ചെന്ന് എത്താൻ ഉള്ള സമയവും ഇല്ല. വേദനയോടെ വെറും കയ്യായി തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോ ഒരു അവസാന പ്രതീക്ഷ – ഒരു അപ്പം എങ്കിലും തിരിച്ചുകിട്ടാൻ വല്ല വഴിയും ഉണ്ടോ എന്നറിയാൻ ഒന്ന് തിരിഞ്ഞുനോക്കി. ആൾക്കൂട്ടം മുഴുവൻ പുല്ലിൽ നിരന്ന് ഇരുന്നു കഴിഞ്ഞിരിക്കുന്നു. എന്റെ പൊതി ഒരു ശിഷ്യൻ കയ്യിൽ പിടിച്ചിട്ടുണ്ട്. ബാക്കി എല്ലാവരും അതേ പൊതിയിൽ നിന്നും എടുത്ത് ഇരിക്കുന്നവർക്ക് പങ്കിട്ടു കൊടുക്കുന്നു. അവരങ്ങനെ വിളമ്പിക്കൊണ്ടേയിരിക്കുന്നു!!!

കുറേപ്പേർക്ക് അവർ കൊടുത്തു കഴിഞ്ഞു. അപ്പം മാത്രമല്ല, മീനും കൊടുക്കുന്നുണ്ട്. ഇത് എന്ത അത്ഭുതമാണ്! ആകെ 5 അപ്പവും 2 മീനും മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളുവല്ലോ. എന്റെ അടുത്ത് ഇരിക്കുന്നവർ അങ്ങോട്ടും ഇങ്ങോട്ടും നോക്കി അടക്കം പറയുന്നു. ഈ ഗുരു വേറെയും എന്തോക്കെയോ അത്ഭുതം ചെയ്തത്രേ. വെള്ളം വീഞ്ഞ് ആക്കിയത്രേ – മുടന്തരെ നടക്കുമാറാക്കിയത്രേ – അങ്ങനെ പലതും. യേശു എന്നാണ് അത്രേ അദ്ദേഹത്തിന്റെ പേര്. വിളമ്പുകാർ എന്റെ അടുക്കലും എത്തി. എന്നോട് പുല്ലിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. താഴെ ഇരുന്ന എനിക്കും കിട്ടി കൈ നിറയെ അപ്പവും മീനും. കണ്ണീർ കുപ്പായത്തിൽ തുടച്ചു ഞാൻ കഴിച്ചു. വിശപ്പിന്റെ ആധിക്യം കൊണ്ട് ഞാൻ വേറെ ഒന്നും ഓർത്തില്ല. കാലങ്ങൾക്ക് ശേഷം ഞാൻ ആദ്യമായി വയറു നിറച്ചു കഴിച്ചു. തൃപ്തിയായി കഴിച്ചു. ഞാൻ മാത്രമല്ല, എന്റെ കൂടെ അവിടെ ഉണ്ടായിരുന്ന എല്ലാവരും.

ഒരു വലിയ പൊതി അപ്പവും മീനുമായി ഞാൻ വീണ്ടും മല കയറാൻ തുടങ്ങിയിരിക്കുന്നു പ്രിയപെട്ടവരെ. പൊതിയുടെ ഭാരം കാരണം ഞാൻ അത് രണ്ടു കൈ കൊണ്ടും എന്റെ ശരീരത്തോട് ചേർത്ത് പിടിച്ചാണ് നടക്കുന്നത്. എന്റെ വീട് എത്താറായി.
അങ്ങ് ദൂരെ മലമുകളിൽ എന്നെയും കാത്തു നിൽക്കുന്ന അമ്മയുടെ രൂപം എനിക്ക് അവ്യക്തമായി കാണാം. എന്റെ കയ്യിലെ പൊതി കാണുമ്പോ അമ്മ തീർച്ചയായും ഞെട്ടും. ആ ഗുരുവിനെ പറ്റി അമ്മയോട് പറയണം. അമ്മയോട് മാത്രമല്ല, ഈ മലമുകളിൽ ഉള്ള സകലരോടും പറയണം. അദ്ദേഹത്തെ അനുഗമിക്കാൻ പറയണം. നിങ്ങളും എല്ലാവരോടും പറയുമല്ലോ അല്ലേ. അനുഗമിച്ചാൽ മാത്രം മതിയെന്നേ, അത്ഭുതങ്ങൾ ഇനിയും ധാരാളം കാണാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply