എഡിറ്റോറിയൽ : നിനക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു | ഫിന്നി കാഞ്ഞങ്ങാട്
ലോകം യുദ്ധത്തിൻ്റെയും കണ്ണീരിൻ്റെയും വേദനയുടെയും ശത്രുത മനോഭാവത്തിൻ്റെയും ഭീതിയുടെയും അവസ്ഥകൾ പേറുമ്പോൾ സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശം പകരുവാൻ ക്രിസ്തുമസ് എത്തിക്കഴിഞ്ഞു.
ക്രിസ്മസ് – ലോകം മുഴുവൻ സന്തോഷിക്കുന്ന സുദിനം… ഈ സാഹചര്യത്തിൽ ക്രിസ്തുവിന്റെ ജനനത്തിന്റെ പ്രസക്തി എന്താണ്?
ലിറ്ററുകണക്കിന് മദ്യവും വിഭവ സമൃദമായ ആഹാരവും ക്രിസ്തുമസ് കരോളും പുൽക്കൂടും ക്രിസ്മസ് നക്ഷത്രങ്ങളും മാത്രമാണോ യേശുവിന്റെ ജനനത്തിന്റെ പ്രസക്തി?
അതാണോ നമ്മുക്ക് ലോകത്തിന് നൽകേണ്ട സന്ദേശം? പാപത്തിൽ നിന്നും മാനവരാശിയെ രക്ഷിക്കുവാൻ വന്ന രക്ഷകന്റെ ജനനത്തെ കുറിച്ച് തെറ്റായ സന്ദേശമാണോ നാം സമൂഹത്തിന് നൽകേണ്ടത്?
പാപം നിറഞ്ഞ ഈ ലോകത്ത് മനുഷ്യനെ പാപത്തിൽ നിന്നും രക്ഷിക്കുവാനും അവന് നിത്യമായ ജീവൻ നൽകുവാനുമാണ് യേശു ഈ ഭൂമിയിൽ ജനിച്ചത്…
പുൽകൂട്ടിൽ എല്ലാ വർഷവും ജനിക്കുന്ന യേശുവിനെക്കാൾ നമ്മുടെ ഹൃദയത്തിൽ ജനിച്ച യേശുവിനെ സമൂഹത്തിന് നാം കാണിച്ചു കൊടുക്കുക എന്നതായിരിക്കണം നമ്മുടെ ദൗത്യം.
യേശുവിനെ ഹൃദയത്തിൽ കൈക്കൊണ്ട് ഒരു ദൈവമകനായി / മകളായി മാറുക എന്നതാണ് യഥാർത്ഥ ക്രിസ്തുമസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്… യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ച് ഒരു നല്ല ഒരു വ്യക്തിയായി മാറുവാൻ ഈ ക്രിസ്മസ് ഒരോരുത്തരേയും സഹായിക്കട്ടെ.. യഥാർത്ഥ സത്യം എന്തെന്ന് അറിയുവാനുള്ള അവസരമായി ഈ ദിനം മാറട്ടെ..
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. യഥാർത്ഥ സമാധാനവും സന്തോഷവും ജീവിതത്തിൽ പ്രാപിക്കണമെങ്കിൽ നമ്മുടെ ഹൃദയത്തിൽ യേശുവിനെ സ്വീകരിച്ച് പുതിയ സൃഷ്ടിയായി മാറണം.
ക്രിസ്തു ഹൃദയത്തിൽ ജനിച്ച എല്ലാ വായനക്കാർക്കും ക്രൈസ്തവ എഴുത്തുപുര മാഗസിന്റെ ക്രിസ്തുമസ് ആശംസകൾ…
ഫിന്നി കാഞ്ഞങ്ങാട്