മണിപ്പുരിൽ തകർക്കപ്പെട്ട ആരാധനാലയങ്ങൾ; നടപടി അറിയിക്കാൻ സുപ്രീം കോടതി നിർദേശം
ന്യൂഡൽഹി: മണിപ്പുരിൽ കലാപത്തിനിടെ തകർക്കപ്പെട്ട ആരാധനാലയങ്ങൾക്കു സംരക്ഷണം ഒരുക്കാനും പുനരുദ്ധരിക്കാനും സ്വീകരിക്കുന്ന നടപടി വ്യക്തമാക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു. കോടതി നിയോഗിച്ച സമിതിയെ ഇക്കാര്യം അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ ഉത്തരവു പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതിനിടെ, കോടതി നിയോഗിച്ച സമിതിയുടെ കാലാവധി 6 മാസം കൂടി നീട്ടി.
മണിപ്പുർ കലാപത്തിനിടെ സംസ്ഥാനത്തെ ആരാധനാലയങ്ങൾ അടിച്ചുതകർത്തുവെന്നു വ്യക്തമാക്കി മണിപ്പുർ സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത്തരം ആരാധനാലയങ്ങൾ കണ്ടെത്തി സംരക്ഷിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
മെയ്തെയ് വിഭാഗത്തിന്റെ മാത്രം 247 ആരാധനാലയങ്ങൾ അടിച്ചുതകർപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷകനായ ഹുസെഫ അഹമ്മദി അറിയിച്ചു. തുടർന്നാണ് എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം തിട്ടപ്പെടുത്താനും സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി ആവശ്യപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട കേസന്വേഷണം അടുത്ത 10 ദിവസം നിരീക്ഷിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ക്രിസ്മസ് ഉൾപ്പെടെ വരാനിരിക്കെ ദുരിതാശ്വാസ ക്യാംപിലുള്ളവരുടെ കാര്യവും കോടതി ഓർമിപ്പിച്ചു. ക്യാംപിലുള്ളവർക്ക് എല്ലാ ഉത്സവങ്ങളിലും പങ്കെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്നു കേന്ദ്ര സർക്കാർ പ്രതികരിച്ചു.