മെത്രാന്മാരുടെ ആഡംബരഭ്രമത്തെ വിമര്‍ശിച്ച പ്രസംഗം വൈറല്‍; ഉദ്ദേശിച്ചത് എല്ലാ സഭകളെയുമെന്ന് ജിജി തോംസൺ

ആലപ്പുഴ: ഏതെങ്കിലും ഒരുസഭയെ ഉദ്ദേശിച്ചല്ല, എല്ലാവരെയും ഉദ്ദേശിച്ചുള്ള പ്രസംഗമാണ് താൻ എടത്വാ ആനപ്രമ്പാലിൽ നടത്തിയതെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. അഞ്ചു സഭകളിലെ ബിഷപ്പുമാരെ വേദിയിലിരുത്തി നടത്തിയ പ്രസംഗം വൈറലായതിനെത്തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർത്തോമ്മസഭയിൽ മൂന്നു പുതിയ എപ്പിസ്കോപ്പമാരെ വാഴിക്കുന്നതിന്റെ ഭാഗമായി നടന്ന അനുമോദനസമ്മേളനത്തിലാണ് മെത്രാൻമാരുടെ ആഡംബരഭ്രമത്തെ ജിജി തോംസൺ വിമർശിച്ചത്. വിദേശത്തുപോയപ്പോൾ ഒരു മെത്രാന്റെ ഓഫീസിൽ പോയെന്നും അവിടത്തെ ആഡംബര സൗകര്യങ്ങൾ കണ്ടപ്പോൾ കോർപ്പറേറ്റ് കമ്പനിയുടെ സി.ഇ.ഒ.യുടെ ഓഫീസ് പോലെ തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം വിമർശനം തുടങ്ങിയത്.

‘തിരുമേനി പറഞ്ഞത് താൻ എല്ലാം പ്രൊഫഷണലൈസ് ചെയ്തുവെന്നാണ്. കോവിഡ് ബാധയെക്കാൾ അപകടകാരിയാണ് ഈ പ്രൊഫഷണലിസം.’- ജിജി തോംസൺ കുറ്റപ്പെടുത്തി.

പ്രസംഗത്തിന്റെ പ്രസക്തഭാഗം: വൈദികൻ ഒരു പ്രൊഫഷണൽ അല്ല. ഇതു മനസ്സിലാക്കാത്ത വൈദികർ അപ്രസക്തരാകുമെന്നതിൽ ഒരു സംശയവുമില്ല. തിരുമേനിമാരെ വഷളാക്കുന്നതു വിശ്വാസികളാണ്. അവരോടു നമ്മൾ സങ്കടം ഉണർത്തിക്കാറേയുള്ളൂ. പറയാറില്ല. സഭയുടെ പരമാധ്യക്ഷൻ എന്നേ പറയൂ. പരം എന്നുവെച്ചാൽ അന്തിമം എന്നാണ്. അപ്പോൾ കർത്താവ് എവിടെപ്പോകും?

തിരുമേനി റോൾസ് റോയ്‌സിൽ പോകണമെന്നു വിശ്വാസി നിർബന്ധംപിടിക്കും. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ലംബോർഗിനി കാർ ഒരാൾ ഫ്രാൻസിസ് മാർപാപ്പയ്ക്കു കൊടുത്തു. അതിൽ കൈയൊപ്പിട്ടു ലേലംചെയ്ത് പണം ജീവകാരുണ്യത്തിന് ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. തിരുമേനിമാർ സംസാരിക്കില്ല, കല്പിക്കുകയേയുള്ളൂ. നടന്നുവരില്ല, എഴുന്നള്ളുകയേയുള്ളൂ. ഇരിക്കില്ല, ആരൂഢരാകുകയേയുള്ളൂ.- അദ്ദേഹം വിമർശിച്ചു.

ജിജി തോംസൺ ഓർത്തഡോക്സ് സഭാംഗമാണ്. പ്രസംഗത്തിനെതിരേ ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് പ്രതികരിച്ചിരുന്നു.

മറ്റൊരു ചടങ്ങിൽ ഗീവർഗീസ് മാർ പക്കോമിയോസിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗം: അദ്ദേഹം ഓഫീസിലിരുന്നപ്പോൾ സാർ എന്നു വിളിക്കാതെ കേൾക്കുമായിരുന്നോ? ജിജി തോംസൺ ചീഫ് സെക്രട്ടറിയായിരിക്കേ, അദ്ദേഹത്തിന്റെ ഓഫീസിൽ ഒരു അപേക്ഷയുമായി പോയിരുന്നു. റമ്പാച്ചനായിരുന്നു ഞാനന്ന്. എന്റെ പള്ളിയുടെ കാര്യത്തിനാണു പോയത്. ഞാൻ കൊടുത്ത അപക്ഷേ എന്റെ മുമ്പിലേക്കു വലിച്ചെറിഞ്ഞ് ഇതൊന്നും നോക്കാനല്ല തന്റെ സമയമെന്നു പറഞ്ഞു. – മെത്രാപ്പൊലീത്ത കുറ്റപ്പെടുത്തി.

സ്വന്തംപള്ളിയുടെ കാര്യം പറഞ്ഞുവന്ന ഒരാളോട് അതു ചീഫ്സെക്രട്ടറിയുടെ പണിയല്ല എന്നു പറഞ്ഞെങ്കിൽ അത് അഭിനന്ദനമായി കണക്കാക്കുന്നുവെന്ന് ജിജി തോംസൺ പ്രതികരിച്ചു. ഞാനും അതേ സഭക്കാരനായിട്ടും അങ്ങനെ ചെയ്തെങ്കിൽ ആവശ്യം ന്യായമായിരുന്നില്ലെന്നു വ്യക്തമല്ലേ? സർവീസ്ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരപേക്ഷയും വലിച്ചെറിഞ്ഞിട്ടില്ല – ജിജി തോംസൺ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.