അമേരിക്കയിൽ കാറപകടം: പാസ്റ്റർ രഞ്ജൻ ജോർജും കുടുംബവും അത്ഭുതകരമായി രക്ഷപെട്ടു
അയോവ: ഒക്ലോഹോമ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രഞ്ജൻ ജോർജും ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബം സഞ്ചരിച്ച കാറിൽ കഴിഞ്ഞ ദിവസം അതിരാവിലെ 5 മണിക്ക് ഇരുട്ടുള്ളപ്പോൾ അയോവയിൽ വച്ച് ഹൈവേയിൽ റോഡിന് കുറുകെ എടുത്ത് ചാടിയ മാൻ വർഗ്ഗത്തിൽ പെട്ട ഒരു വലിയ മൂസ് വന്നിടിച്ചു. ഈ സമയം പാസ്റ്റർ രഞ്ജൻ ജോർജായിരുന്നു കാർ ഓടിച്ചിരുന്നത്.
തന്റെ ഭാര്യയും കുഞ്ഞുങ്ങളും പിൻ സീറ്റിൽ ഇരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂസിന്റെ കാലുകൾ കാറിന്റെ മുൻ വശത്തെ ഗ്ലാസിന്റെ ചില്ല് തകർത്ത് പാസ്റ്റർ രഞ്ജൻ ഇരുന്ന ഭാഗത്തേക്ക് തള്ളി കയറുകയും കാറിന്റെ മുൻ ഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും കാറിൽ ഉണ്ടായിരുന്ന ആർക്കും ഒരു ചെറു പോറൽ പോലും ഏൽക്കാതെയും ഇടിയുടെ ആഘാതത്തിൽ കാർ മറിയാതെയും വലിയ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. അപകട നടന്ന സമയത്ത് ഹൈവേയിൽ ഏകദേശം 140 കിലോമീറ്റർ സ്പീഡിലായിരുന്നു വാഹനം ഓടിക്കൊണ്ടിരുന്നത്.
ഉടൻ തന്നെ പോലീസും ആംബുലൻസും സംഭവ സ്ഥലത്ത് എത്തി ഇവരെ മറ്റൊരു വാഹനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഭാര്യാമാതാവിന്റെ സംസ്കാര ശുശ്രൂഷയിൽ സംബന്ധിക്കുവാൻ നാട്ടിൽ പോയിരുന്ന ഭാര്യയെ ഷിക്കാഗോ എയർപോർട്ടിൽ നിന്നും വിളിച്ച് കൊണ്ട് വരികയായിരുന്നു പാസ്റ്റർ രഞ്ജൻ ജോർജും കുടുംബവും.