അമേരിക്കയിൽ വെടിവെയ്പ്പ്, 22 മരണം; അക്രമിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
അമേരിക്കയിലെ ലെവിസ്റ്റന്‍ പട്ടണത്തിൽ വെടിവെയ്പ്പ്. 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മൂന്നിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. അജ്ഞാതനായ അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.
റോബർട്ട് കാർഡി എന്നയാളുടെ ഫോട്ടോയാണ് പോലീസ് പുറത്തുവിട്ടത്. പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുന്നു. 40 വയസ് പ്രായമുള്ള ഇയാൾ തോക്കുമായി വെടിവെക്കാൻ നിൽക്കുന്ന ചിത്രങ്ങളാണ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് പുറത്തുവിട്ടിട്ടുള്ളത്. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ ആയുധധാരിയും അപകടകാരിയും ആയതിനാൽ ജാഗ്രത പാലിക്കണമെന്ന് നഗരത്തിലെ ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.
ജനങ്ങൾ ജാഗ്രത പാലിക്കാനും വീടുകൾക്കുള്ളിൽ തന്നെ കഴിയാനും പ്രദേശവാസികളോട് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയടക്കം സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. 2022 മെയ് മാസത്തില്‍ ടെക്‌സാസിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ കുട്ടികളും അധ്യാപകരുമടക്കം 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷമുണ്ടാകുന്ന നടുക്കുന്ന സംഭവമാണിത്.