യുദ്ധം: 10 നേപ്പാളി വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 10 നേപ്പാളി വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിരീകരിച്ചതായി നേപ്പാൾ എംബസി. “10 നേപ്പാളികളുടെ മൃതദേഹങ്ങൾ സ്ഥിരീകരിച്ചതായി ഇസ്രായേൽ പോലീസ് ഞങ്ങൾക്ക് വിവരം നൽകി. ഇനിയും നിരവധിപേർ അവിടെയുണ്ട്.ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് എഎൻഐയുമായുള്ള സംഭാഷണത്തിൽ ഇസ്രായേലിലെ നേപ്പാളി എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അർജുൻ ഗിമിയർ പറഞ്ഞു.അതേസമയം, ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി എൻ.പി. സൗദ് ഞായറാഴ്ച സൂചന നൽകി.
നിലവിൽ, ഏകദേശം 4,500 നേപ്പാളി പൗരന്മാർ ഇസ്രായേലിൽ കെയർ ടേക്കർമാരായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ, 265 നേപ്പാളി വിദ്യാർത്ഥികൾ ഇസ്രായേൽ ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന സർവകലാശാലകളിൽ പഠിക്കുന്നു. ഈ വിദ്യാർത്ഥികളിൽ 119 പേർ അഗ്രികൾച്ചർ ആൻഡ് ഫോറസ്ട്രി യൂണിവേഴ്സിറ്റിയിൽ നിന്നും 97 പേർ ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ നിന്നും 49 പേർ ഫാർ-വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും വന്നവരാണ്. സുദുർപശ്ചിം യൂണിവേഴ്സിറ്റിയിലെ 49 വിദ്യാർത്ഥികളിൽ 17 പേരും തെക്കൻ ഇസ്രായേലിലെ കിബ്ബട്ട്സ് അലൂമിമിൽ പഠിക്കുന്നവരായിരുന്നു.
നേപ്പാളി എംബസിയിൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ഹമാസ് ഗ്രൂപ്പ് കടുത്ത ആക്രമണം നടത്തിയ ഗാസ പ്രദേശത്തിന് അടുത്താണ് കിബ്ബത്സ് അലൂമിം. ആ പ്രദേശത്ത് പഠിക്കുന്ന 17 നേപ്പാളി വിദ്യാർത്ഥികളിൽ 2 പേർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു, 4 പേർക്ക് പരിക്കേറ്റു, നിലവിൽ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. നിർഭാഗ്യവശാൽ, ശേഷിക്കുന്ന 11 വ്യക്തികളുടെ നില അനിശ്ചിതത്വത്തിലാണ്. അവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും സ്ഥിതിഗതികൾ സമഗ്രമായി വിലയിരുത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.