ജറുസലേമില്‍ ക്രിസ്ത്യാനികളെ ജൂത ദേശീയവാദികള്‍ തുപ്പി അപമാനിക്കുന്നു; നടപടി എടുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു
ജറുസലേമില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ ജൂത ദേശീയവാദികള്‍ തുപ്പി അപമാനിച്ച സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം.
ജറുസലേമിലെ പള്ളി പരിസരത്തുനിന്നും വലിയ മരക്കുരിശുമേന്തി വരുന്ന ക്രിസ്ത്യന്‍ വിശ്വാസികളെയാണ് ചിലര്‍ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ വിഡിയോ എക്‌സിലൂടെ പുറത്തെത്തുകയും ചര്‍ച്ചയാകുകയും ചെയ്തതോടെ സംഭവത്തെ അപലപിച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേര്‍ രംഗത്തെത്തി.
കുട്ടികള്‍ അടക്കമുള്ളവരാണ് ക്രിസ്ത്യന്‍ വിശ്വാസികളെ തുപ്പി അപമാനിച്ചത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ക്ക് നേരെയുള്ള അധിക്ഷേപം വച്ചുപൊറുപ്പിക്കില്ലെന്നും സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വിവിധ മതവിശ്വാസികളുടെ വിശുദ്ധസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനവും ആരാധനയും തടസമില്ലാതെ നടക്കുന്നതിന് ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണ്. ഈ സംഭവം വളരെയധികം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ വീഴ്ചകൂടാതെ നടപടി സ്വീകരിക്കുമെന്നും നെതന്യാഹു ഉറപ്പുനല്‍കി. മതവിശ്വാസികള്‍ക്ക് നേരെയുള്ള നിന്ദ്യമായ പെരുമാറ്റം ദൈവനിന്ദയും അസ്വീകാര്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും യാഥാസ്ഥിതിക ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം അവസാനം അധികാരത്തില്‍ വന്നതു മുതല്‍ പ്രദേശത്തെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ആശങ്ക വ്യാപിച്ചിട്ടുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം മാത്രം ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 16 കേസുകളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും 21 അറസ്റ്റുകള്‍ നടത്തിയതായും പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.