ലേഖനം: ഇന്ത്യൻ മണ്ണിലെ ബൈബിൾ പരിഭാഷകൾ
ഇന്ത്യയിലെ ആദ്യത്തെ ബൈബിൾ അച്ചടി നിർവ്വഹിച്ചത് ഡാനിഷ് മിഷണറിയായിരുന്ന ബർത്തലോമിയോ സീഗൻബാഗിന്റെ നേതൃത്വത്തിലായിരുന്നു.
സെപ്റ്റംബർ 30, അന്താരാഷ്ട്ര പരിഭാഷാ ദിനം. ബൈബിൾ വിവർത്തകർ നൽകിയ സംഭാവനകൾക്ക് ആദരവുകൾ അർപ്പിക്കുന്ന ദിനമാണിത്. രാഷ്ട്രങ്ങളെയും ആശയങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിലും, സംഭാഷണം, സഹകരണം എന്നിവ സുഗമമാക്കുന്നതിലും, വികസനത്തിന് സംഭാവന നൽകുന്നതിലും ലോക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിലും വിവർത്തനത്തിന്റെ പങ്ക് വിലയേറിയതാണ്. 2017 മെയ് 24-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ച പ്രമേയം ഭാഷാ വിദഗ്ദരുടെയും വിവർത്തകരുടെയും പങ്ക് അനുസ്മരിക്കുന്നതായിരുന്നു. ആയതിനാൽ, ബൈബിൾ വിവർത്തകരുടെ തുടക്കക്കാരിൽ ഒരാളായ സെന്റ് ജെറോമിന്റെ ഓർമ്മയ്ക്കായി ഐക്യരാഷ്ട്രസഭ സെപ്റ്റംബർ 30 എന്ന ദിവസം ഇതിനായി വേർതിരിച്ച് അന്താരാഷ്ട്ര പരിഭാഷാ ദിനമായി പ്രഖ്യാപിച്ചു.
ബൈബിൾ പരിഭാഷകൾ ഭാരതത്തിൽ:- ഇന്ത്യയിലെ ആദ്യത്തെ ബൈബിൾ അച്ചടി നിർവ്വഹിച്ചത് ഡാനിഷ് മിഷണറിയായിരുന്ന ബർത്തലോമിയോ സീഗൻബാഗിന്റെ നേതൃത്വത്തിലായിരുന്നു. 17 ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ മിഷണറി പ്രവർത്തനങ്ങൾ യൂറോപ്പിന്റെ പലഭാഗങ്ങളിലും സജീവമായിരുന്നതിനാൽ 1698 ൽ ഇംഗ്ലണ്ടിൽ സൊസൈറ്റി ഫോർ പ്രൊമോട്ടിങ്ങ് ക്രിസ്റ്റ്യൻ നോളജ് (SPCK) രൂപീകരിക്കപ്പെടുകയും പിന്നീട് സൊസൈറ്റി ഫോർ പ്രൊപ്പഗേഷൻ ഓഫ് ഗോസ്പൽ ഇൻ ഫോറിൻ പാർട്ട്സ് (SPGFP) ന്റെ രൂപീകരത്തിന് കാരണമാകുകയും ചെയ്തു. ഇത് എ.ഡി. 1706 ൽ ഡോ. ലെഡ്കിൻസ്, ബർത്തലോമിയോ സീഗൻബാഗ് എന്നിവരുടെ തമിഴ്നാട്ടിൽ തരംഗംബാടി (Tranquebar) യിലേക്കുള്ള വരവിന് വഴിയൊരുക്കുകയും ചെയ്തു. എ.ഡി. 1714 ജനുവരി 3 ന് നാലു സുവിശേഷങ്ങളും അപ്പൊസ്തല പ്രവർത്തികളും പിന്നീട് 1726 ൽ സമ്പൂർണ്ണ ബൈബിളും ഹെൻട്രി പ്ലഷ്യൂവിന്റേയും തദ്ദേശീയ ഭാഷാ വിദഗ്ദരുടെയും സഹായത്താൽ തരംഗംബാടിയിൽ അച്ചടിച്ചത് ചരിത്രത്തിന്റെ ഭാഗമായി.
ക്ലോഡിയസ് ബുക്കാനന്റെ നേതൃത്വത്തിൽ അന്നത്തെ മലങ്കര സഭയുടെ മേലധ്യക്ഷൻ മാർ തോമാ VI സമ്മാനിച്ച സിറിയൻ ബൈബിളിൽ (ഇന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ) നിന്നും പുതിയ നിയമത്തിന്റെ നാലു സുവിശേഷങ്ങൾ തർജ്ജിമ ചെയ്തെങ്കിലും വലിയ പ്രചാരം നേടിയില്ല. പിന്നീട് ചർച്ച് മിഷണറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ (CMS) മേൽനോട്ടത്തിൽ ബഞ്ചമിൻ ബെയ്ലിയാണ് പ്രാദേശിക ഭാഷാ വിദഗ്ദരുടെ സഹായത്തോടെ ആദ്യത്തെ മലയാളം ബൈബിൾ പ്രസിദ്ധീകരിച്ചത് (1817- 1841).
പ്രാദേശിക ഇന്ത്യൻ ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്ത വില്യം കേരിയുടെ പേര് തങ്കലിപികളിൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ജന്മദേശമായ ഇംഗ്ലണ്ടിൽ നിന്നും 32 മത്തെ വയസ്സിൽ (എ.ഡി. 1793) ചെരുപ്പു കുത്തിയായ കേരി ഇന്ത്യയിലെ കൽക്കട്ടയിൽ എത്തുകയും 8 വർഷങ്ങൾക്കു ശേഷം ബംഗാളി പുതിയ നിയമവും വീണ്ടും 8 വർഷങ്ങൾ എടുത്തു സമ്പൂർണ്ണ ബംഗാളി ബൈബിൾ പരിഭാഷ നിർവ്വഹിക്കുകയും ചെയ്തു. 74 മത്തെ വയസ്സിൽ നിത്യതയിൽ പ്രവേശിക്കുന്നതിന് മുൻപ് സംസ്കൃതം, ഹിന്ദി, ഒറിയ, മറാത്തി എന്നീ ഭാഷകളിൽ ഉൾപ്പെടെ മറ്റു പതിനാല് ഭാഷകളിൽ (ആസാമീസ്, ചൈനീസ്, സിഖ്, പാഷ്ടോ/ അഫ്ഗാനി, ഗുജറാത്തി, കാശ്മീരി, കനൗജി, ലാൺഡാ, മലയ, നേപ്പാളി, പഞ്ചാബി, തെലുഗു, ഉർദു, വികാനേരാ) ബൈബിൾ തിരുവെഴുത്തുകളുടെ ഭാഗങ്ങളും പുസ്തകങ്ങളും പരിഭാഷ ചെയ്തു. കേരിയും സഹപ്രവർത്തകരും ചേർന്ന് ഇന്ത്യയിലും, ബർമ്മ, നേപ്പാൾ, സിലോൺ മുതലായ അയൽദേശങ്ങളിലും 40 ൽ അധികം ഭാഷകളിൽ ബൈബിൾ പരിഭാഷ നിർവ്വഹിക്കുകയുണ്ടായി. ഇന്ത്യാ ഗവൺമെന്റ് 1993 ൽ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ബഞ്ചമിൻ ഷൽറ്റ്സെ (തെലുഗു), നഥാൻ ബ്രൗൺ (ആസാമീസ്) മുതലായവരുടെയും ഡേവിഡ് ബ്രൗൺ, ക്ലോഡിയസ് ബുക്കാനൻ എന്നിവരുടെ കൂട്ടായ പ്രവർത്തനത്താൽ ഫോർട്ട് വില്യം കോളജിൽ നടന്ന പേർഷ്യൻ, ഹിന്ദുസ്ഥാനി, ഒറിയ, മറാത്തി പരിഭാഷ സംഭാവനകളെയും ഭാരതീയ സഭയ്ക്ക് ഒരിക്കലും വിസ്മരിക്കാവുന്നതല്ല. ഭാരതത്തിലെ ബൈബിൾ പരിഭാഷകളുടെ ചരിത്രം കുറിക്കുമ്പോൾ വിദേശ മിഷണറിമാരുടെ പങ്ക് രേഖപ്പെടുത്തുന്നതു പോലെ തന്നെ, സഹായമായി പ്രവർത്തിച്ച തദ്ദേശീയരായ ഭാഷാവിദഗ്ദരെ മറന്നു കളയാവുന്നതല്ല.
ഇന്ത്യയിലെ 1652 ഔദ്യോഗിക ഭാഷകളിൽ 72 ൽ പരം ഭാഷകളിൽ സമ്പൂർണ്ണ ബൈബിളും, ഇതു കൂടാതെ 80 ൽ പരം ഭാഷകളിൽ പുതിയ നിയമവും, 48 ൽ പരം ഭാഷകളിൽ ബൈബിൾ ഭാഗങ്ങളും ലഭ്യമാക്കി എന്നത് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയ്ക്കും അഭിമാനിക്കത്തക്ക നേട്ടമാണ്. ഇതേ പോലെ, ദർശനം ഉൾക്കൊണ്ട് ഭാരതത്തിൽ ഉടനീളം പ്രവർത്തിക്കുന്ന നിരവധി പരിഭാഷ പ്രസ്ഥാനങ്ങൾ അവരുടെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കൊണ്ടിരിക്കുന്നു എന്നത് ഏറെ സന്തോഷപ്രദമാണ്. കർത്താവിന്റെ പുനരാഗമനത്തിനു മുൻപ് എല്ലാ ഭാരതീയനും മാതൃഭാഷയിൽ വേദപുസ്തകം എന്ന ലക്ഷ്യം നിറവേറപ്പെടാൻ ഇനിയും ഒരുപാട് പരിശ്രമം ആവശ്യമായിട്ടുണ്ട്.
🖋️ ജോൺ എം. തോമസ്