ഇന്ത്യയിലെ മനുഷ്യാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നീ വിഷയങ്ങള് ഉന്നയിച്ചതായി അമേരിക്ക
ന്യൂഡൽഹി: ഇന്ത്യയിലെ മനുഷ്യാവകാശം, മാധ്യമസ്വാതന്ത്ര്യം എന്നിവയിൽ ഇടപെട്ട് അമേരിക്ക. ഇന്ത്യ-യുഎസ് സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കൊപ്പം ഇന്ത്യയിലെ മനുഷ്യാവകാശം, മാധ്യമസ്വാതന്ത്ര്യം എന്നിവ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിയറ്റ്നാമിലെ ഹാനോയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും, പൗരസമൂഹത്തിനും സ്വതന്ത്രമാധ്യമങ്ങൾക്കുമുള്ള പങ്കിനെക്കുറിച്ചും സംസാരിച്ചതായി ബൈഡൻ വ്യക്തമാക്കി.
ജി 20 ഉച്ചകോടിക്കായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ബൈഡൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്തപ്രസ്താവന ഇറക്കിയെങ്കിലും ബൈഡന്റെ സംഘത്തിലെ മാധ്യമപ്രവർത്തകർക്കുപോലും ചോദ്യം ചോദിക്കുന്നതിന് അവസരം നൽകിയില്ല. ഇതിനെതിരേ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.
മോദിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയായിരുന്നെന്നും അതിനാലാണു മാധ്യമങ്ങളെ കാണാതിരുന്നതെന്നും അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവൻ പറഞ്ഞു.
അതേസമയം, വാർത്താസമ്മേളനം നടത്താൻ ബൈഡനെ മോദി അനുവദിച്ചില്ലെന്ന വിമർശനമുന്നയിച്ച് കോണ്ഗ്രസ് രംഗത്തെത്തി.
“വാർത്താസമ്മേളനം നടത്തില്ല, നടത്താൻ ഞാൻ അനുവദിക്കില്ല’’ എന്ന് ബൈഡനോട് മോദി പറഞ്ഞതായി കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഇന്ത്യയിൽ മോദിയുടെ മുഖത്തു നോക്കി ബൈഡൻ പറഞ്ഞ കാര്യങ്ങൾ വിയറ്റ്നാമിൽ പറയുന്നു എന്ന അടിക്കുറിപ്പോടെ വാർത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവച്ചായിരുന്നു വിമർശനം.




- Advertisement -