അനുസ്മരണം: ബ്രദർ ജെ വിത്സൻ ഇന്ത്യയേ ഹൃദയത്തിലേറ്റിയ പ്രാർത്ഥനാ പോരാളി
✍️അലക്സ് പൊൻവേലിൽ. ബെംഗളൂരു
ഒരു പടയാളിയുടെ ഊർജ്ജസ്വലതയോടെ കർമ്മനിരതനായിരുന്ന അഭിഷക്തൻ. അടുത്ത ഗ്രാമം, അടുത്ത ജില്ല, അടുത്ത സംസ്ഥാനം അടുത്ത പ്രാർത്ഥനാ മീറ്റിംഗ് ഇതായിരുന്നു തന്റെ ലക്ഷ്യം, ഈ തിരക്കിലും ആരുടെ ആവശ്യം മുമ്പിൽ വന്നാലും, ഒരു സാന്ത്വന വാക്ക്, ഹൃദയപൂർവ്വം ഒരു പ്രാർത്ഥന, ദൈവം അറിയിക്കുന്ന ആലോചനകൾ ഇതൊക്കെ കൈമാറാൻ താൻ ഒരു പിശുക്കും കാട്ടിയിട്ടില്ല, ഇതായിരുന്നു ബ്രദർ ജെ വിത്സൻ, 59 ആം വയസ്സിൽ യാത്ര അവസാനിപ്പിക്കുമ്പോൾ അതും ഹരിയാനയിലെ രേവാഡി എന്ന പ്രാർത്ഥന മീറ്റിംഗിൽ നിന്നും വാഹനം ഓടിച്ച് അടുത്ത സ്ഥലത്തേക്ക് പോകുമ്പോൾ, പലരും തുരുമ്പിച്ചും അയ്യം വിളിച്ചും കിടക്കയിൽ നെടുവീർപ്പിടീമ്പോൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തന നിരതനായി കർമ്മ സ്ഥലത്ത് നിന്നും അയച്ചവന്റെ അരികിലേക്ക്.
ചില വർഷങ്ങൾക്കു മുമ്പ് ഞാൻ ശുശ്രൂഷകനായിരുന്ന ബാംഗ്ലൂരിലെ സഭയിലെ അംഗമായ ബി എസ് എഫ് ഉദ്യോഗസ്ഥനായ തങ്കച്ചായൻ എന്നോട് പറയുന്നു, കാസറഗോഡ് നിന്നും ഒരു പ്രാർത്ഥന യാത്ര ആരംഭിക്കുന്നു പാസ്റ്റർ കാഞ്ഞങ്ങാട് ഉള്ള സഭാ ഹാളിൽ എത്തണം, എന്തോ ആ യാത്രയിൽ പങ്കാളി ആകണം എന്ന് എനിക്ക് ആത്മ പ്രരണ തോന്നി, ട്രെയിനിൽ ബെംഗളൂരുവിൽ നിന്നും യാത്ര തിരിച്ച് കാഞ്ഞങ്ങാട് എത്തി ആ രണ്ടു ദിവസങ്ങളിൽ തന്നോടൊപ്പം കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട്,ഈ മൂന്നു ജില്ലകളിലൂടെ യാത്ര ചെയ്ത് പ്രാർത്ഥിച്ചത് ഇന്നും മറക്കാൻ കഴിയാത്ത ഓർമ്മകളായി മനസ്സിൽ ശേഷിക്കുന്നു. കാഞ്ഞങ്ങാട് നിന്നും ടെമ്പോ ട്രാവലറിൽ ആണ് കണ്ണൂര് എത്തിയത്. ഓരോ മീറ്റിംഗ് കഴിയുമ്പോഴേക്കും ഞാൻ ആകെ അത്ഭുതപ്പെട്ടു, തിരുവനന്തപുരത്തിനും തെക്ക് താമസിക്കുന്ന ഒരാൾ ഈ വടക്കൻ മലബാറിൽ ഉൾ ഗ്രാമങ്ങളിൽ, ജാതി മത വ്യത്യാസമില്ലാതെ ഒരു കുടുംബത്തിലെ അംഗം എന്നപോലെ ഓരോരുത്തരും തന്നെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നു.
താൻ നേതൃത്വം കൊടുക്കുന്ന ലൗ ആർമി ക്രൂസേഡ് എന്ന പ്രസ്ഥാനം അക്ഷരാർത്ഥത്തിൽ ഞാൻ നേരിട്ട് കാണുകയായിരുന്നു ലൗ ആർമിയുടെ ക്യാപ്റ്റൻ താൻ തന്നെ എന്ന് ജീവിതം കൊണ്ട് തെളിയിച്ചു.
താൻ ചെയ്തുവന്ന ശുശ്രൂഷകൾ കുടുംബാംഗങ്ങളിലൂടെ ടീം അംഗങ്ങളിലൂടെ വീണ്ടും തുടരട്ടെ. അദ്ദേഹം കർമ്മനിരതനായിതന്നെ ഓട്ടം അവസാനിപ്പിച്ചു, ഇത് അയച്ചവന്റെ വേലയാണ് നമുക്ക് തുടരാം കുടുംബാങ്ങളെ ടീം അംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ.