ചെറുചിന്ത: പരിശോധനകൾ തകർക്കുവാനുള്ളതോ? | ദീന ജെയിംസ് ആഗ്ര
മനുഷ്യജീവിതം കഷ്ടതകൾ കൊണ്ട് നിറഞ്ഞതാണ്. ഇയ്യോബിന്റെ ഭാഷയിൽ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു! ഓരോരുത്തരുടെയും ജീവിതത്തിൽകഷ്ടങ്ങൾക്ക് വ്യത്യാസമുണ്ടെങ്കിലും ആരും അതിൽ നിന്ന് ഒഴിവുള്ളവരല്ല. കഷ്ടത്തിന്റെ ധൈർഘ്യമേറുമ്പോൾ, അസഹനീയമായി മാറുമ്പോൾ പല ചിന്തകളും മനുഷ്യഹൃദയത്തെ കവർന്നെടുക്കാറുണ്ട്. തെറ്റായ തീരുമാനങ്ങളിലേക്കും നാശത്തിലേക്കും ആ ചിന്തകൾ മനുഷ്യനെ കൊണ്ടെത്തിക്കാറുമുണ്ട്.
ഒരു ഭക്തനെ സംബന്ധിച്ചടുത്തോളം ദൈവമനുവദിക്കുന്ന കഷ്ടതകൾ, പരിശോധനകൾ അവന്റെയന്ത്യമല്ല, മറിച്ച് ചില ദൈവീകനിയോഗങ്ങളുടെ തുടക്കമാണ്. ഓരോ കഷ്ടതയിലൂടെ ദൈവം കടത്തിവിടുമ്പോഴും അതിന് മുന്നേ പോംവഴിയും അവൻ ഒരുക്കിയിട്ടുണ്ട്.(1കൊരി 10:13)
എനിക്കുമാത്രം എന്തേ ഈ പരിശോധന, ഈ വേദന എന്ന് ദൈവത്തോട് ചോദിക്കുന്നവരാണ് നമ്മിൽ പലരും. അതിനുള്ള മറുപടി ദൈവം പറയുന്നത് നിന്നെ മാത്രമാണ് എന്റെ പദ്ധതികൾക്കായി ഞാൻ നിയമിച്ചിരിക്കുന്നത് എന്നാണ്. ഇന്ന് നമുക്ക് മുന്നിൽ ഒന്നിനുപിറകേ ഒന്നായി കഷ്ടങ്ങൾ മാത്രമായിരിക്കും കാണുവാൻ കഴിയുന്നത്. എന്നാൽ അതിനുമപ്പുറം ദൈവപ്രവർത്തികൾ വെളിപ്പെടാൻ ബാക്കിയുണ്ട്. അബ്രഹാമിനോട് യഹോവയായ ദൈവം അരുളിച്ചെയ്തതാണ് നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് നാനൂറു സംവത്സരം പ്രവാസികളായിരിക്കുമെന്നും അതിന്റെ ശേഷം അവർ വളരെ സമ്പത്തോട്കൂടെ അവിടെനിന്നു പുറപ്പെട്ടു പോരുമെന്നും. (ഉല്പത്തി 15:13,14) അവരെ അവിടെ നിന്നും പുറപ്പെടുവിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവനായിരുന്നു മോശ. പക്ഷേ, മോശയുടെ ജീവിതത്തിൽ ജനനം മുതൽ പരിശോധനകളും കഷ്ടതകളും നിറഞ്ഞതായിരുന്നു. ജനിക്കുമ്പോൾ തന്നെ മരണം ഉറപ്പായിരുന്നെങ്കിലും നൈൽനദിയിൽ അവസാനിക്കുമെന്ന് കരുതിയെങ്കിലും ദൈവീകനിയോഗം മറ്റൊന്നായിരുന്നത്കൊണ്ട് കഷ്ടങ്ങൾ ഒന്നും അവനെ തകർത്തുകളയുവാൻ ദൈവം അനുവദിച്ചില്ല, അതിലുപരി കൂടുതൽ കരുത്തനായി ദൈവം മാറ്റുകയായിരുന്നു തന്റെ പദ്ധതിയ്ക്കായി!
നീണ്ട വർഷത്തെ പരിശോധനകളുടെ കടമ്പ പിന്നിട്ട് ദൈവീകപ്രവർത്തിയ്ക്കായി ദൈവം അവനെ പ്രാപ്തിയുള്ളവനാക്കി മാറ്റി!!! മോശയെപ്പറ്റി വായിക്കുമ്പോൾ മോശ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശയെപ്പോലെ ഒരു പ്രവാചകൻ യിസ്രയേലിൽ പിന്നെ ഉണ്ടായിട്ടില്ല (ആവർത്തനം 34:12)
പ്രിയരേ, പരിശോധനകൾ നമ്മെ തകർക്കുവാനുള്ളതല്ല, നമുക്ക് മുന്നിലുള്ള വലിയ ദൈവീകദൗത്യ നിർവ്വഹണത്തിന് നമ്മെ തികഞ്ഞവരാക്കി മാറ്റുവാനാണ്.
– ദീന ജെയിംസ് ആഗ്ര