പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്ത സംഭവത്തിൽ 129 പേർ അറസ്റ്റിൽ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ക്രിസ്തുമത വിശ്വാസി ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് ദേവാലയങ്ങൾ തകർത്ത സംഭവത്തിൽ 129 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണം നടന്ന പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിൽ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ആക്രമണം ഭയന്ന് ക്രിസ്തുമത വിശ്വാസികൾ കൂട്ടമായി ഒളിവിൽ പോയിരിക്കുകയാണ്.
ബുധനാഴ്ചയാണ് ജാറൻവാല സ്വദേശിയായ രാജാ അമിർ എന്ന ക്രിസ്തുമത വിശ്വാസിയും സുഹൃത്തും ഖുറാനെ അപമാനിച്ചെന്ന ആരോപണം പുറത്തുവന്നത്. ഇതോടെ ജനം ഒത്തുകൂടി പ്രദേശത്തെ ക്രിസ്ത്യൻ കോളനിയിലേക്ക് കുതിച്ചെത്തുകയും ദേവാലയങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം നടത്തുകയുമായിരുന്നു.
അക്രമാസക്തരായ ജനക്കൂട്ടം ഒരു ദേവാലയം പൂർണമായും തീവച്ച് നശിപ്പിച്ചപ്പോൾ മറ്റ് രണ്ട് ദേവാലയങ്ങൾക്ക് കേടുപാട് വരുത്തി. അമിറിന്റെ വീടും ഇവർ ഇടിച്ചുനിരത്തി.