യൂ.കെയിൽ എ ലെവല്‍ പരീക്ഷയിൽ മുഴുവന്‍ വിഷയത്തിലും എ സ്റ്റാര്‍ നേടി എഡ് സജി
ലണ്ടൻ: യൂ.കെയിൽ സർവകലാശാലാ പ്രവേശനം നേടുന്നതിന് പ്രാഗൽഭ്യം തെളിയിക്കുന്നതിൽ സുപ്രധാനമായ എ ലെവല്‍ പരീക്ഷ ഫലം പുറത്തു വന്നപ്പോള്‍ ലണ്ടനിലെ ഈസ്റ്റ്ഹാമിൽ താമസിക്കുന്ന എഡ് സജിക്ക് തിളക്കമാര്ന്ന വിജയം. കടുപ്പമുള്ള പരീക്ഷയും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളും വന്നതോടെ അനേകം വിദ്യാര്‍ത്ഥികളാണ് മികച്ച ഗ്രേഡ് കിട്ടുന്നതില്‍ കാലിടറി വീണത്. എന്നാല്‍ ആദ്യ റിസള്‍ട്ടുകള്‍ ലഭ്യമാകുമ്പോൾ എഡ് സജി കരസ്ഥമാക്കിയത് ഏറ്റവും മികച്ച വിജയമാണ്. എഡിന് മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ ലഭിച്ചു. ജി സി എസ് ഇ പരീക്ഷയില്‍ നേടിയ ഫുള്‍ സ്‌കോര്‍ വിജയം തന്നെയാണ് എ ലെവലിലും ആവര്‍ത്തിച്ചിരിക്കുന്നത്.
ലണ്ടനിലെ ബ്രാംപ്ടണ്‍ മനോര്‍ അക്കാദമിയില്‍ പഠിച്ച എഡ് സജിക്ക് മാത്‌സ്, ഫര്‍ദര്‍ മാത്‌സ്, ഇക്കണോമിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് എ സ്റ്റാറുകള്‍ ലഭിച്ചത്. എഡ് സജി തന്റെ ഭാവി ജീവിതം ലക്ഷ്യമിടുന്നത് കംപ്യുട്ടര്‍ സയന്‍സ് കോഴ്‌സിലാണ്. കംപ്യുട്ടര്‍ സയന്‍സ് പഠിക്കുന്നതിനു യുകെയിലെ തന്നെ ഏറ്റവും മികച്ച സര്‍വകലാശാലയായ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലേക്കാണ് തുടർന്നുള്ള പഠനത്തിനായി എഡ് കടന്നുപോകുന്നത്. ലോകത്തിന്റെ ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആയിരിക്കും എന്നുറപ്പിക്കുന്ന അനേകം ചെറുപ്പക്കാരാണ് കംപ്യുട്ടര്‍ സയന്‍സിലേക്ക് ഇപ്പോൾ ആവേശത്തോടെ എത്തിക്കൊണ്ടിരിക്കുന്നത്.
ലണ്ടൻ പെന്തക്കോസ്ത് സഭയിലെ സജീവ കുടുംബമായ തൃശൂർ വടക്കാഞ്ചേരി സ്വദേശികളായ സജി പീലി – ബിന്ദു സജി ദമ്പതികളുടെ നാലു മക്കളില്‍ ഒരാളാണ് എഡ്. ഫെന്‍ സജി, റെ സജി എന്നിവര്‍ സഹോദരന്മാരും നിസ് സജി ഏക സഹോദരിയുമാണ്. സഭയിലെ സണ്ടേസ്കൂൾ യുവജന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് എഡ്. 2007 മുതൽ യു കെയിൽ സ്ഥിര താമസമാണ് എഡിൻറെ കുടുംബം. തിളക്കമാർന്ന വിജയം നേടിയ എഡിന് ക്രൈസതവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!