എഡിറ്റോറിയൽ: സൗഹൃദത്തിന്റെ സ്വാതന്ത്ര്യം | ജോൺസൻ വെടികാട്ടിൽ
സ്വാതന്ത്ര്യദിന ചിന്തകൾ
ഏതൊരു പുരുക്ഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുള്ളപോലെ യാഥാർഥ്യമാണ് ഏതൊരു വ്യക്തിയുടെയും വിജയത്തിന് പിന്നിൽ ഒരു സുഹൃത് ഉണ്ടാകും എന്നുള്ളതും. സൗഹൃദ ദിനം ആഘോഷിക്കപ്പെടുന്ന ഈ വേളയിൽ നമ്മളെ സ്വാധീനിക്കത്തക്ക സ്വാതന്ത്ര്യം നേടിയെടുത്ത ആ നല്ല സൗഹൃദത്തിന്റെ സഭാവനകൾ ഒരു നിമിഷം ഓർക്കാം . മനസ് ഒന്ന് തണുക്കട്ടെ, ഒരു പുഞ്ചിരി ഉണ്ടാകട്ടെ.
ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധമാണ് സുഹൃദ് ബന്ധം. നല്ല സുഹൃത് ബന്ധങ്ങൾക്ക് രക്തബന്ധത്തേക്കാൾ ആഴവും പരപ്പും ഉണ്ട്. ശലോമോൻ പറയുന്നത് ശ്രദ്ധിക്കുക ” സ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്ത് അവൻ സഹോദരനായി തീരുന്നു “( സദുശ്യവാഖ്യം 17 :17 )
നമ്മുടെ ഓരോ ദിവസത്തിനും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്, ഓർമ്മയുടെ താളിയോല ഗ്രന്ഥങ്ങളിൽ സൂക്ഷിക്കപ്പെടേണ്ടതാണ് ഓരോ ദിനങ്ങളും. അതുകൊണ്ടുതന്നെയാണ് പലപ്പോഴും നല്ല സൗഹൃദങ്ങൾ മധുരമുള്ള നൊമ്പരങ്ങളായി തീരുന്നതും.
മനുഷ്യന്റെ സൃഷ്ടിപ്പ് തന്നെ സഹവർത്തിത്വത്തിൽ അടിസ്ഥാനപ്പെടുത്തിയാണ്. ഒരു വ്യക്തിയുടെ ജീവിതം തുടങ്ങുനന്നതും കടന്നു പോകുന്നതും സൗഹൃദത്തിന്റെ പല മേഖലകൾ ആസ്വദിച്ചുകൊണ്ടാണ്. ആദ്യമായി വിദ്യാലയത്തിൽ നമുക്ക് ലഭിക്കുന്ന കൂട്ടുകാരികളുടെയും കൂട്ടുകാരന്റെയും കൈപിടിച്ചു തുടങ്ങിയ ശേഷം വിദ്യാലയ ജീവിതത്തിന്റെ മനോഹര ആസ്വദിച്ച് തൊഴുത്തിലും പറമ്പിലും കാട്ടിലും മേട്ടിലും കയറിയിറങ്ങുന്ന സൗഹൃദം , കുറച്ചുകൂടി വിശാലമാകുന്ന കോളേജ് തലം , ഔദ്യോഗീക മേഖല, കുടുംബ സൗഹൃദങ്ങൾ, തുടങ്ങി സൗഹൃദത്തിലെ അമൂല്യനിമിഷങ്ങൾ അനവധിയാണ്.
പക്ഷെ, നിർഭാഗ്യവശാൽ ഇന്നത്തെ തലമുറയിൽ ഭൂരിപക്ഷംപേർക്കും പച്ചയായ സൗഹൃദത്തിന്റെ മാധുര്യം നുണയാൻ അവസരം ലഭിക്കുന്നില്ല, പകരം അവരുടെ ലോകം സോഷ്യൽ മീഡിയ സൗഹൃദങ്ങളിൽ പെട്ട് കുരുങ്ങി പോകുന്നു. പലരും തന്മൂലം ചതികുഴുകളിൽ പെടുന്നു. നല്ല സൗഹൃദത്തിന്റെ വില നമ്മുടെ കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചും മാതൃക കാണിച്ചും കൊടുക്കേണ്ടിയത് ഇന്നിന്റെ അത്യാവശ്യമായി വന്നിരിക്കുന്നു. കുടുംബ ബന്ധങ്ങളിലെ ഊഷ്മളത, കുടുംബാംഗങ്ങൾ തമ്മിലുള്ള സൗഹൃദം, ഇതൊക്കെ പുത്തൻ തലമുറയെയും അവരുടെ വ്യക്തിത്വ വികസനത്തെയും സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. ആരോഗ്യകരമായ ബന്ധങ്ങൾ ഉള്ള ഭവനത്തിലെ കുട്ടികളും മികച്ച മാനസിക ആരോഗ്യം ഉള്ളവരും ഉയർന്ന വ്യക്തിത്വ വികാസം പ്രാപിച്ചവരും ആയിരിക്കും.
ഇന്നത്തെ പല സൗഹൃദങ്ങളും വെറും ചാറ്റ് റൂം ബന്ധങ്ങൾ മാത്രം ആണ്, ആത്മാര്ഥതയില്ലാത്ത സൗഹൃദങ്ങളുടെ അതിപ്രസരം പലപ്പോഴും പുതു തലമുറയെ ഡിപ്രെഷൻ പോലെയുള്ള അവസ്ഥകളിലേക്ക് പോലും എത്തിക്കാറുണ്ട്. തമ്മിൽ തമ്മിൽ ശകാരിക്കാനും തിരുത്താനും പിണങ്ങാനും ആശ്വസിപ്പിപ്പാനും സ്വാതന്ത്ര്യമില്ലാത്ത സൗഹൃദങ്ങൾ ആത്മാർത്ഥത ഇല്ലാത്തതാണ്.വേദപുസ്തകം പ്രഘോഷിക്കുന്ന ഏറ്റവും മികച്ച സൗഹ്രദ കൂട്ട് ദാവീദും യോനാഥാനും തമ്മിലാണ്. പരസ്പരം സ്വാധീനിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു അവരുടെ സൗഹൃദത്തെ വേറിട്ട് നിർത്തിയതും.
നല്ല സൗഹൃദങ്ങൾ ഉണ്ടാകട്ടെ.. സ്വാതന്ത്ര്യം ഇല്ലാത്ത സൗഹൃദങ്ങൾക്ക് ആത്മാർത്ഥതയും കുറവായിരിക്കും. ശകാരിക്കാൻ നല്ല ഒരു സുഹൃത് ഇല്ലാത്തതിന്റെ അഭാവം മൂലമാണ് ഇന്നത്തെ തലമുറ പലപ്പോഴും മയക്കു മരുന്ന് മാഫിയയാകളുടെ സൗഹൃദ വലയത്തിൽ പെട്ട് പോകുന്നത്. നല്ല സുഹൃത്തുക്കൾക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കണ്ട… സൗഹൃദത്തിന്റെ ചതിക്കുഴിയിൽ വീഴാതെ നല്ല സുഹൃത്ത് ബന്ധത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുത്തു സംസ്കാര സമ്പന്നനായ ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഈ സുഹൃത് ദിനം നമ്മൾക്ക് ഉപയോഗിക്കാം. നമ്മൾക്കും ഒരു നല്ല സുഹൃത്താകാം.