എഡിറ്റോറിയൽ: വ്യത്യസ്തനായിരുന്ന നേതാവ് | ബിൻസൺ കെ. ബാബു
“എന്നെ എല്ലാവരും അവരുടെ സ്വന്തമായി കരുതുന്നു ; ഞാൻ എല്ലാവരെയും എന്റെ സ്വന്തമായിക്കാണുന്നു”. – ഉമ്മൻ ചാണ്ടി
കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കേരളം മാത്രമല്ല ലോകം മുഴുവൻ പുതുപ്പള്ളിയിലേക്ക് ആയിരുന്നു. ചരിത്രത്തിൽ ഇതുവരെയും ഉണ്ടായിട്ടില്ലാത്ത വിലാപയാത്രയ്ക്ക് കേരളം സാക്ഷ്യം വഹിക്കുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന ആ മഹാവ്യക്തിത്വം എത്രമാത്രം ജനമനസ്സുകളിൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചു എന്ന് മനസ്സിലാക്കുവാൻ കഴിയും.
പാർട്ടിക്ക് അതീതമായി എല്ലാവരെയും ഒരുപോലെ കണ്ട നല്ല മനസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് 30 മണിക്കൂറിലേറെയെടുത്തു തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ വിലാപയാത്ര പൂർത്തിയാക്കാൻ വേണ്ടി. തന്റെ പൊതുപ്രവർത്തനമേഖലയിൽ അടുത്ത് വരുന്ന ഓരൊരുരുത്തരുടെയും ആവശ്യങ്ങൾ എന്താണെന്ന് നോക്കി അതിനിവേണ്ടുന്ന പരിഹാരം താൻ കൊടുക്കാമായിരുന്നു. എപ്പോഴും ജനങ്ങളുടെ കൂടെയായിരിക്കണം എന്ന് തനിക്ക് നിർബന്ധമായിരുന്നു. വിശ്രമജീവിതം തനിക്ക് കൂടുതൽ ക്ഷീണമാണ് എന്നാണ് താൻ പറഞ്ഞിരുന്നത്. ഇതുപോലെയുള്ള ജീവിതം നയിച്ചിരുന്ന, അല്ലെങ്കിൽ ആഡംബരം ഇല്ലാത്ത ജീവിതം മുന്നോട്ട് കൊണ്ടുപോയ ഉമ്മൻ ചാണ്ടിയെ കാണാൻ വേണ്ടി രാത്രിയും, പകലുമില്ലാതെ, മഴയും, ചൂടുമില്ലാതെ, കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായം ഉള്ളവർ വരെ ഒരുപോലെ വഴി വക്കുകളിൽ ദീർഘ സമയങ്ങൾ കാത്തിരുന്നത് വളരെ എടുത്ത് പറയേണ്ടുന്ന കാര്യമാണ്. എങ്ങനെയായിരിക്കണം ഒരു പൊതുപ്രവർത്തകൻ എന്ന് ജീവിതനുഭവം കൊണ്ട് പഠിപ്പിച്ചു തന്ന വ്യക്തിത്വമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ആത്മീയ രംഗത്തും തന്റെ ജീവിതരീതി നന്നായി കൊണ്ടുപോകാൻ വളരെ ശ്രദ്ധിച്ചിരുന്നു. ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്ക് ശ്രദ്ധേയമാണ്, “ഞാൻ ഒരു ദൈവ വിശ്വാസിയാണ്. ദൈവാശ്രയവും, ദൈവത്തിലുള്ള ഭയവുമാണ് എനിക്കുള്ളത്. തെറ്റായ കാര്യങ്ങൾ ചെയ്താൽ എനിക്ക് ആപത്തുണ്ടാകും”. ഇതിലൂടെ മനസ്സിലാകും തന്നിൽ ദൈവത്തിലുള്ള സ്ഥാനം എന്താണെന്ന്. അതുകൂടാതെ എല്ലാ ഞാറാഴ്ച്ചയും മുടങ്ങാതെ പള്ളിയിൽ പോയി കുർബാന അരിപ്പിക്കുമായിരുന്നു. പള്ളിയുടെ ഒരു വാതിലിൽ ഇരുന്നു ശ്രദ്ധയോടെ ആരാധനയിൽ പങ്കെടുക്കുമായിരുന്നു. ഏതൊരു കാര്യങ്ങൾ താൻ ചെയ്യുവാൻ പോയാലും പള്ളിയിൽ വന്നു പ്രാർത്ഥിക്കുന്ന സ്വഭാവം തന്നിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പൊതുപ്രവർത്തന രംഗത്ത് എന്നും വിജയിച്ചിരുന്നു.
പലപ്പോഴും വിമർശനങ്ങൾ വന്ന സമയത്തു അതിനെയെല്ലാം പുഞ്ചിരിയോടെ പ്രതികരിക്കുകയും അതിനോട് പ്രതികാരം ചെയ്യാതെ സത്യം മാത്രമേ ജയിക്കു എന്ന് താൻ അടിയുറച്ച് വിശ്വസിക്കുകയും ചെയ്തു. അങ്ങനെ തന്നെ നടക്കുകയും ചെയ്തു. പ്രതികാര മനോഭാവങ്ങൾ വച്ച് പുലർത്താതെ സമാധാനപരമായി കാര്യങ്ങൾ ചെയ്യാൻ വളരെ ശ്രദ്ധിച്ചിരുന്ന വ്യക്തിത്വം തന്നെയായിരുന്നു അദ്ദേഹം. ഇതൊക്കെ തന്നെയാണ് കുഞ്ഞുകുഞ്ഞ് എന്ന ഈ മഹാനായ മനുഷ്യനെ മറ്റുള്ള നേതാക്കന്മാരിൽ നിന്ന് വ്യത്യസ്തനാക്കിയത്.
ഒരു സാധാരണക്കാരനായി ജീവിക്കണം, ഒരു സാധാരണക്കാരനെപ്പോലെ യാത്രയാകണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ഓദ്യോധിക ബഹുമതികൾ ഇല്ലാതെ സംസ്കാര ശുശ്രൂഷകൾ നടക്കുബോൾ അവിടെയും ജനക്കൂട്ടമാണ് എനിക്ക് വലുത് എന്ന് തെളിയിക്കുകയാണ്.
ജനങ്ങളിൽ നിന്ന് ഇതുപോലൊരു ബഹുമതി ഇനി അദ്ദേഹത്തിന് കിട്ടാനില്ല, ചരിത്രത്തിൽ ഇതുപോലെയൊരു യാത്രയപ്പ് ആർക്കും കിട്ടിയിട്ടില്ല, പകരം വയ്ക്കാൻ പറ്റാത്ത നേതാവ്, ജീവിക്കുന്നു ഞങ്ങളിൽ തുടങ്ങി വാക്കുകളിൽ തന്റെ ജീവിതം വ്യക്തമാക്കുന്നു “വ്യത്യസ്തനായ നേതാവ്” എന്ന്.
ഓരോ വ്യക്തികളും ഈ മണ്ണിൽ നിന്ന് യാത്രയാകുമ്പോൾ അടുത്ത തലമുറയ്ക്ക് മാതൃകയാക്കാൻ കുറെ കാര്യങ്ങൾ മാറ്റിവച്ചിട്ടാണ് പോകുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ജീവിതം മുഴുവൻ പഠിക്കാൻ ഉള്ളതാണ്. എങ്ങനെയായിരിക്കണം ജീവിതം, എന്തായിരിക്കണം പൊതുപ്രവർത്തനം, എന്താണ് ലക്ഷ്യം ഇതെല്ലാം തന്നെ ഉമ്മൻ ചാണ്ടി എന്ന പാഠപുസ്തകത്തിൽ ഉണ്ട് എന്ന് മനസ്സിലാക്കി തന്നിട്ടാണ് ആ നല്ല മനസ്സ് ഇഹലോക ജീവിതം വിട്ട് പോയത്.