ഏകീകൃത സിവില്‍കോഡ് അപ്രായോഗികവും അസാധ്യവും: കെ സി ബി സി
ഏകീകൃത സിവില്‍കോഡ് അപ്രായോഗികവും അസാധ്യവുമെന്ന് കേരളാ കത്തോലിക്ക മെത്രാന്‍ സമിതി ( കെ സി ബിസി)ഏകീകൃത സിവില്‍ കോഡിന്റെ അന്തസത്തയെക്കുറിച്ചുള്ള അജ്ഞത നിമിത്തം, അത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയിരിക്കുന്ന മത സ്വാതന്ത്ര്യത്തെ അത് ഏതുവിധത്തിലാണ് ബാധിക്കുക എന്നുള്ളതിന് വ്യക്തതക്കുറവുണ്ടെന്നും കെ സി ബി സി ജാഗ്രതാകമ്മീഷന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ജനതയുടെ വിശാലമായ വൈവിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍ സാംസ്‌കാരികവും മതപരവുമായി ഏകീകൃത സിവില്‍ കോഡ് എന്ന ആശയം അപ്രായോഗികവും, അസാധ്യവുമാണ്. ഇരുപത്തൊന്നാമത് നിയമ കമ്മീഷന്‍ 2018 ല്‍ പുറത്തിറക്കിയ കണ്‍സള്‍ട്ടേഷന്‍ പേപ്പറിലൂടെ വ്യക്തമാക്കിയതുപോലെ, ഈ പ്രത്യേക വിഷയം പരിഗണനയ്ക്കെടുക്കാനുള്ള സമയം ഇനിയുമായിട്ടില്ല എന്ന നിലപാടാണ് കേരള കത്തോലിക്കാ സഭയ്ക്കുമുള്ളതെന്നും കെ സി ബി സി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പഠനത്തിന് കൂടുതല്‍ സമയം ആവശ്യമുള്ള വിഷയമായതിനാല്‍, അഭിപ്രായം സമര്‍പ്പിക്കാന്‍ പരിമിതമായ സമയം മാത്രം നല്‍കിയിരിക്കുന്ന നടപടി സന്ദേഹം ഉളവാക്കുന്നതാണ്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍, അതുവഴി മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും, പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങള്‍ ചവിട്ടി മെതിക്കപ്പെടാനുമുള്ള സാധ്യതകളുള്ളത് ആശങ്കാജനകമാണ്.
ഏകീകൃത സിവില്‍കോഡ് നിലവില്‍വരുന്നതുവഴിയായി ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തിന്റെ ഭാഗമായ വിവിധ ജനവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും യാതൊരു വിധത്തിലും തടസപ്പെടുത്തുകയോ തകര്‍ക്കുകയോ ചെയ്യരുത്. ഏതെങ്കിലും വിധത്തിലുള്ള വിവേചനങ്ങളുടെ പേരിലോ, ലിംഗഭേദ അനീതിയുടെ പേരിലോ പൂര്‍ണ്ണമായും മതപരവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ വ്യക്തിനിയമങ്ങളുടെ മറവില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്നും കെ സി ബി സി പറഞ്ഞു.




- Advertisement -