യുകെയില്‍ നഴ്‌സായി ജോലി ചെയ്ത മലയാളി ഇനി വൈദികന്‍
ആതുര സേവനത്തിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ യുകെയിലെ മലയാളി നഴ്‌സ് ഇനി അജപാലനത്തിന്റെ വഴിയില്‍. കഴിഞ്ഞ 20 വര്‍ഷമായി യുകെയില്‍ ഡെപ്യൂട്ടി ചാര്‍ജ് നഴ്സായിരുന്ന ഡീക്കന്‍ ഷിലോ വർഗീസ് കുന്നുംപുറത്താണ് ഞായറാഴ്ച ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വൈദികനായി അഭിഷിക്തനാകുന്നത്. അദ്ദേഹത്തിന്റെ പൗരോഹിത്യം 2023 ജൂണ്‍ 25 ഞായറാഴ്ച പീറ്റര്‍ബറോ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടും. ബ്രിക്‌സ്‌വര്‍ത്തിലെയും പീറ്റര്‍ബറോയിലെയും ബിഷപ്പ് റവ. ജോണ്‍ ഹോള്‍ബ്രൂക്കിന്റെ കാര്‍മ്മികത്വത്തിലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുക. പീറ്റര്‍ബറോയ്ക്ക് സമീപമുള്ള കാസ്റ്റര്‍ ബെനഫിസിലെ ആറ് ഗ്രാമീണ ഇടവകകളുടെ അസിസ്റ്റന്റ് വികാരിയായിരിക്കും അദ്ദേഹം.
പീറ്റര്‍ബറോ മേയര്‍ ഉള്‍പ്പെടെ ഫാ. ഷിലോയ്ക്ക് പിന്തുണ നല്‍കുന്നതിനായി നിരവധി സഭാ വിഭാഗങ്ങളും മറ്റ് വിശ്വാസ സമൂഹങ്ങളും ചടങ്ങില്‍ പങ്കെടുക്കും. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ കേരളത്തിലെ യുകെ-യൂറോപ്പ് സോണിന്റെ ഭാഗമായ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന് കീഴിലുള്ള കേംബ്രിഡ്ജ്‌ഷെയറിലെ പീറ്റര്‍ബറോയിലെ ഓള്‍ സെയിന്റ്‌സ് മാര്‍ത്തോമ്മാ സഭാംഗങ്ങളാണ് ഈ കുടുംബം. പത്തനംതിട്ട വാളക്കുഴി സ്വദേശിയാണ് ഷിലോ വർഗീസ്. വർഗീസ് ഫിലിപ്പ് കുന്നുംപുറത്തിന്റെയും ലിസി വർഗീസിന്റെ മൂത്ത മകനാണ്. ഭാര്യ- ബിൻസി. എയ്ഞ്ചൽ, ജുവൽ എന്നിവർ മക്കളാണ്.
ഫാ. റായ്ച്ചൂരിലെ നവോദയ മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സായി ബിരുദം നേടിയ ഷിലോ ലണ്ടനിലെ സിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്രിട്ടിക്കല്‍ കെയറില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം ഡീക്കന്‍ സ്ഥാനാരോഹണത്തിന് മുമ്പ് അദ്ദേഹം ഡര്‍ഹാം സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്ര ബിരുദം നേടി.
നഴ്സിങ് ജോലി കളഞ്ഞു ഒരാള്‍ അതിനേക്കാള്‍ വരുമാനം കുറഞ്ഞ വികാരി പദവിയിലേക്ക് പോകുന്നത് ആദ്യമാണ്. അതിനാല്‍ സാമ്പത്തിക ലാഭം വേണ്ടെന്നു വച്ചുള്ള വലിയൊരു ത്യാഗവും കൂടിയാണ് ഷിലോ വര്‍ഗീസിന്റെ പൗരോഹിത്യം. പ്രത്യേകിച്ചും ഭാര്യയും കുട്ടികളും ഉള്ള ഒരു കുടുംബം കൂടി സംരക്ഷിക്കേണ്ട പശ്ചാത്തലത്തില്‍ സാമ്പത്തിക ത്യാഗത്തിനു വലിയ പങ്കാണുള്ളത്.