സെഹിയോൻ മാളിക മുറിയുടെ ജനാല തകർത്തു
ജറുസലേം: യേശുവിന്റെ അന്ത്യത്താഴം നടന്ന സ്ഥലത്തുള്ള സെഹിയോൻ മാളികയുടെ ഒരു ജനാല തകർത്തതായി കഴിഞ്ഞ ദിവസം കാണപ്പെട്ടു. ജറൂസലെം സ്വദേശിയായ ഒരു യഹൂദൻ കല്ലെറിഞ്ഞാണ് ജനാല തകർത്തത്. അറസ്റ്റിലായ അക്രമി കൃത്യം ചെയ്തത് മദ്യലഹരിയിലാണെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കർശന ഉപാധികളോടെ ഇയാൾക്ക് ജാമ്യം നൽകിയിട്ടുണ്ട്.
അടുത്ത കാലത്തായി ജറൂസലെമിലെ വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ നേർക്ക് യാഥാസ്ഥിതിക യഹൂദർ നടത്തുന്ന അതിക്രമങ്ങൾ വർധിച്ചിട്ടുണ്ട്.
പള്ളികളും സ്ഥാപനങ്ങളും കുരിശുകളും മാത്രമല്ല സമർപ്പിതവ്യക്തികളും അക്രമത്തിനും അധിക്ഷേപത്തിനും ഇരയാകുന്നുണ്ട്. കഴിഞ്ഞയാഴ്ച ഹൈഫയിലെ കർമലീത്താ ആശ്രമത്തിൽ തള്ളിക്കയറാൻ ശ്രമിച്ച തീവ്രവാദിയെ തടഞ്ഞവരുടെ പേരിലാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഏപ്രിലിൽ അയിൻ കെറെമിലെ മഠത്തിൽ കയറിയ മോഷ്ടാക്കൾ കന്യാസ്ത്രീയെ ബന്ധിച്ചശേഷം മഠം കൊള്ളയടിക്കുകയുണ്ടായി. ഒരാൾ അറസ്റ്റിലായി. ജനുവരിയിൽ ഉത്തര ഇസ്രായേലിലെ മാഅല്ലോത്ത് താർഷിഹായിലെ മാറോനൈറ്റ് ക്രിസ്ത്യൻ സെന്റർ അക്രമികൾ അടിച്ചുതകർത്തു.
തുടർന്ന് ഒരാഴ്ചയ്ക്കകം ജറൂസലെമിലെ സീയോൻ കുന്നിലുള്ള സെമിത്തേരിയിലെ ശവകുടീരങ്ങൾ ആക്രമിക്കുകയും ഓൾഡ് സിറ്റിയിലുള്ള അർമേനിയൻ ആശ്രമഭിത്തികളിൽ ക്രൈസ്തവവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തു.