മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി കര്‍ണാടക

ബംഗളൂരു: ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന പേരിലാണ് കര്‍ണാടകയിലെ ക്രിസ്ത്യൻ മതപ്രബോധന പ്രവര്‍ത്തനങ്ങളെ ലക്ഷ്യമിട്ട് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. 2021 ഡിസംബറിലാണ് നിയമം നിയമസഭയില്‍ അവതരിപ്പിച്ചത്. പിന്നീട് ഓര്‍ഡിനൻസിലൂടെ നിയമം കൊണ്ടുവരികയായിരുന്നു. 2022 മേയ് 17ന് കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്ലോട്ട് ഓര്‍ഡിനൻസിന് അംഗീകാരവും നല്‍കി.

നിയമത്തിനെതിരെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷം ശക്തമായി രംഗത്തുണ്ടായിരുന്നു. ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ വേട്ടയുടെ ഭാഗമാണ് നിയമമെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരമേറ്റതിനു പിന്നാലെ മുൻ ബി.ജെ.പി സര്‍ക്കാരിൻരെ നിരവധി നിയമങ്ങള്‍ പുനഃപരിശോധിക്കാൻ തീരുമാനമെടുത്തിരുന്നു. സ്ഥാപകനേതാവ് കെ.ബി ഹെഡ്‌ഗെവാര്‍ ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളെക്കുറിച്ചുള്ള പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍നിന്ന് നീക്കം ചെയ്യാൻ മന്ത്രിസഭ ദിവസങ്ങള്‍ക്കുമുൻപ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനാ ആമുഖം വായിക്കല്‍ നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply