പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം മെയ് 28ന്
ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച പുതിയ പാർലമെന്റ് മന്ദിരം ഉടൻ പ്രവർത്തനസജ്ജമാകും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി ഈമാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കുമെന്നാണ് സൂചന. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 970 കോടി രൂപ ചെലവിട്ടാണു പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചത്.
ത്രികോണാകൃതിയിൽ പണികഴിപ്പിച്ച പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2021 ജനുവരി 15നാണ് ആരംഭിച്ചത്. 64,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാലു നിലകളായി നിർമിച്ചിട്ടുള്ള മന്ദിരത്തിൽ 1224 അംഗങ്ങളെ ഉൾക്കൊള്ളാനാകും. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ എന്നിങ്ങനെ പുതിയ പാർലമെന്റ് മന്ദിരത്തിൽ മൂന്നു പ്രധാന പ്രവേശന കവാടങ്ങളാണുള്ളത്.
എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും പ്രത്യേകം പ്രവേശന കവാടങ്ങൾ ഉണ്ടാകും. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി നിർമിച്ച പ്രത്യേക ഭരണഘടനാഹാളും കെട്ടിടത്തിലുണ്ട്. ഭരണഘടനയുടെ ഒരു പകർപ്പ് ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്.
ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് റൂമുകൾ എന്നിവയും കെട്ടിടത്തിന്റെ ഭാഗമാണ്.