ചെറു ചിന്ത: ദൈവം സൗഖ്യമാക്കും | ആശിഷ് ജോസഫ്, സലാല

ദൈവം സൗഖ്യമാക്കും …!! ഇങ്ങനെയൊരു പ്രസ്താവന കേൾക്കുമ്പോൾ കൈമുട്ട് വേദന, കാൽമുട്ട് വേദന , തലവേദന , കഫക്കെട്ട് , ഛർദി , വയറിളക്കം തുടങ്ങി അങ്ങാടി മരുന്നുകൾ പൊതുസ്ഥലത്തു വിൽക്കാനിടുമ്പോൾ കേൾക്കുന്ന രോഗങ്ങൾ മാത്രം സൗഖ്യമാക്കുന്നവനാണ് ദൈവം എന്നുള്ളതാണ് “ഇന്നത്തെ” വിശ്വാസ സമൂഹത്തിന്റെ കാഴ്ചപ്പാട് . മനുഷ്യസഹജമായ ഇത്തരം രോഗങ്ങൾക്ക് മാത്രമല്ല ദൈവം സൗഖ്യം തരുന്നത് മറിച്ച് മാറാ രോഗങ്ങൾക്കും സൗഖ്യം ലഭിക്കും എന്ന് വിശ്വസിക്കുന്നവരും അത് ലഭിച്ചവരും അവിടവിടെയായിട്ടുണ്ട്. അത് മറുഭാഗം..!!

ദൈവീക സൗഖ്യത്തെ രണ്ടായി വിഭജിക്കാം . ഒന്ന് , തൽക്ഷണം കിട്ടുന്നത് , രണ്ട് ചികിൽസിച്ചു ഭേദമാക്കുന്നത് .
ഇതിൽ ഒന്നാമത്തേത് ഒറ്റ വാക്കിൽ, നോട്ടത്തിൽ , കൈവെയ്പ്പിൽ ….. അങ്ങനെ ലഭിക്കുന്നവ . (ഉദാ : യേശുവിന്റെയും ശിഷ്യന്മാരുടെയും പ്രവൃത്തി)
രണ്ടാമത്തേത്
ഹോശയ പ്രവാചകൻ പറയുന്നതാണ് – ചികിൽസിച്ചു സൗഖ്യമാക്കുക

ഞാൻ അവരുടെ പിന്മാറ്റത്തെ “ചികിൽസിച്ചു” സൗഖ്യമാക്കും ” (ഹോശയ 14 : 4)

ദൈവസാനിധ്യം അനുഭവിച്ചുകൊണ്ടിരുന്നവൻ , അതിനെ ഉപേക്ഷയായി വിചാരിച്ച് ദൈവ സാനിധ്യം വിട്ടു അകന്നു പോകുന്നതിനെ പിന്മാറ്റം എന്ന് ലളിതമായി പറയാം . അതൊരു മാറാ രോഗമായി പ്രവാചകൻ ഇവിടെ എടുത്തു കാണിക്കുന്നു .
ഞാൻ യിസ്രായേലിന്നു ‘ചികിത്സ’ ചെയ്യുമ്പോൾ എഫ്രയിമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെട്ടു വന്നു. (ഹോശയ 7 : 1) . പിന്മാറ്റത്തിന്റെ കാരണക്കാരായ അകൃത്യവും ദുഷ്ടതയും ഹൃദയത്തിൽ വർധിച്ചപ്പോൾ ദൈവം ചികിത്സ ആരംഭിച്ചു . ഒരു വൈദ്യൻ രോഗത്തിന്റെ യഥാർത്ഥ കാരണത്തെ കണ്ടെത്തി ചികിൽസിക്കുന്നതുപോലെ ദൈവവും താൻ തെരെഞ്ഞെടുത്തവനെ ചികിൽസിച്ചു . ശാരീരികമായ രോഗത്തെ ഒരു വാക്കിൽ സൗഖ്യം കല്പിക്കുന്ന ദൈവം , ഹൃദയത്തിൽ ഉണ്ടാകുന്ന ഈ മാറാ രോഗത്തെ ചികിൽസിച്ചു ഭേദമാക്കുന്ന രീതി അവലംബിക്കുന്നു . പെട്ടെന്നൊരു നിമിഷം പ്രത്യക്ഷത്തിൽ കാണുവാൻ സാധിക്കില്ലെങ്കിലും , ചികിത്സക്കനുസരിച്ച് ക്രമേണ സൗഖ്യം ഹൃദയത്തിനകത്തേക്ക് വ്യാപരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

യഹോവ നമ്മെ കടിച്ചു കീറിയിരിക്കുന്നു ; അവൻ സൗഖ്യമാക്കും (ഹോശയ 6 : 1)

പല പ്രാവശ്യം ദൈവത്തെ മറന്നു , പല കാര്യങ്ങളിലും ഏർപ്പെട്ടു ,തിരഞ്ഞെടുപ്പിനെ വികലമാക്കി കളഞ്ഞ യിസ്രായേലിനെ ഒരു സിംഹം കടിച്ചു കീറുന്നതുപോലെ ദൈവം കീറിക്കളഞ്ഞു എന്ന് പ്രവാചകൻ പറയുമ്പോ യഥാർത്ഥത്തിൽ കടിച്ചു കീറപ്പെടുമ്പോഴുണ്ടാകുന്ന വേദനാ ജനകമായ അനുഭവം യിസ്രായേലിന്റെ ഹൃദയത്തിൽ രൂപപ്പെടുകയാണ് . അവന്റെ ഹൃദയം കീറി മുറിഞ്ഞിരിക്കുന്നു.
ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൻ ദൈവത്തെ അന്വേഷിക്കാതെ പിന്തിരിഞ്ഞു നടന്നാൽ അവന്റെ മടങ്ങി വരവിനു വേണ്ടി ദൈവം അവന്റെ ഹൃദയത്തിൽ മുറിവുകളെ സൃഷ്ടിക്കും . നമ്മെ കടിച്ചുകീറാൻ ചില മനുഷ്യരെ തന്നെ ദൈവം എഴുന്നേല്പിക്കും . അവരുടെ വാക്കുകളും പ്രവർത്തികളും ഹൃദയത്തെ കീറി മുറിച്ചുകൊണ്ട് കടന്നു പോകുമ്പോൾ, അസഹ്യമായ മനോ വേദനയിൽ ദൈവമാണ് കീറിയിരിക്കുന്നതെന്നു മനസിലാക്കി തിരികെ നടക്കുമ്പോൾ കീറി മുറിഞ്ഞതെല്ലാം ദൈവം ‘ചികിൽസിച്ചു’ സൗഖ്യമാക്കും .

അതെ അവൻ സൗഖ്യമാക്കും, ഒറ്റവാക്കിൽ മാത്രമല്ല , ചികിൽസിക്കേണ്ടതിനെ ചികിൽസിച്ചു തന്നെ ഭേദമാക്കും. കാരണം അവനു മറ്റൊരു പേരുകൂടി ഉണ്ട്
“ഗിലെയാദിലെ വൈദ്യൻ ”

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply