ഭാവന: എഴുതാത്ത താളുകൾ | രാജൻ പെണ്ണുക്കര

ചിലവർഷമായി കൊറോണ മൂലം മുടങ്ങിയിരുന്ന പ്രധാന യാത്രകളെയും, കണ്ണീർവീണു കുതിർന്ന മണ്ണിന്റെ മണം നാസികയിൽ നിറഞ്ഞു നിന്ന കാലങ്ങളേയും ഓർത്തിരിക്കുമ്പോഴാണ് “ആർ എനിക്കുവേണ്ടി പോകുമെന്ന ശബ്ദം സ്വർഗ്ഗത്തിൽ മുഴങ്ങിയത്. ദശാബ്ദങ്ങളായി ഞാൻ തന്നെയല്ലേ ആ ദൗത്യം ചെയ്യുന്നത് എന്നോർത്ത് മൗനം പാലിച്ചെങ്കിലും, വീണ്ടും പേരെടുത്ത് വിളിച്ചപ്പോൾ ഒരുനിമിഷം സ്തബ്തനായി നിന്നുപോയി.

ക്ഷണത്തിൽ യാത്രക്ക്‌ പുറപ്പെടാൻ തുടങ്ങവെ “ജീവന്റെ പുസ്തകം” കൂടി കയ്യിൽ എടുക്കാൻ ആജ്ഞയും വന്നു. ഓർപ്പിച്ചത് നന്നായി, ചില നാളുകളായി ഒരു പേരുപോലും എഴുതി ചേർത്തിട്ടില്ലാത്ത പുസ്തകം തിരിച്ചു കൊണ്ടു വരേണ്ടുന്ന ഗതികേട് ഓർത്ത് വെറുതെ എന്തിന് എടുക്കണം എന്ന് വിചാരിച്ചു, എന്നാൽ നമ്മുടെ മനസ്സിലിരിപ്പ് നന്നായി അറിയുന്ന ദൈവം എല്ലാം മുന്നമേ അറിഞ്ഞിരിക്കുന്നു.

ഒരുകാലത്ത് കൺവെൻഷൻ സ്ഥലത്ത് ദൗത്യമായി പോകാൻ എന്തൊരു പ്രതീക്ഷയും, പ്രത്യാശയും കൗതുകവും ആയിരുന്നു. ജാതി മത ഭേതമെന്യേ എല്ലാവരും വചനം കേൾക്കാൻ ഓല പന്തലിൽ വന്നുകൂടി, പാപികൾ മനംതിരിയുന്നതും പാപവഴികൾ വിട്ട് കണ്ണിരോടെ ക്രിസ്തുവിനെ സ്വീകരിച്ച് പുതിയ സൃഷ്ടിയായി മാറുന്നവരുടെ പേരുകൾ ജീവ പുസ്തകത്തിൽ എഴുതി വെച്ച കാലവും, സകല മാനവും മഹത്വവും ത്രിയേക ദൈവത്തിനു മാത്രം അർപ്പിച്ചു യേശുവിനേയും യേശുവിന്റെ നാമത്തേയും ഉയർത്തിയിരുന്നതും ഓർത്തുപോയി.

പേരും പ്രശസ്തിയും മറന്ന് ആത്മാവിന്റ രക്ഷയും പാപികളുടെ മനസാന്തരവും മാത്രം ലക്ഷ്യം വെച്ച വലിയ കർത്താവിന്റെ എളിയ ദാസി ദാസന്മാർ വിയർത്തൊലിച്ച് പ്രസംഗിച്ചിരുന്ന കാലം. പകലന്തിയോളം അധ്വാനിച്ചതിനു ശേഷം കാൽനടയായി വന്ന് പായിൽ ഇരുന്ന് അനുഗ്രഹവും വിടുതലും പ്രാപിച്ചും ഭൂതങ്ങൾ അലറിയോടിയും സന്തോഷത്തോടെ മടങ്ങി പോയവരെ കണ്ട് സ്തോത്രം പറഞ്ഞവർ അനേകർ. സഭയിൽ ആളിനെ കൂട്ടുന്നതിൽ ഉപരി ആത്മാവിന്റ വിടുതൽ മാത്രം കൊതിച്ചിരുന്ന കാലമായിരുന്നു അതു.

ഇന്ന് എല്ലാമുണ്ട്. എല്ലായിടത്തും എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉണ്ട്, പക്ഷേ വിടുതൽ എവിടെ?  ഇന്നു പേരുണ്ട്, പ്രശസ്തി ഉണ്ട്, വലിയ ശുശ്രുഷാ ഗണം ഉണ്ട്, ഡയറിയും അതിന്റെ ഓരോ താളിലും കൂട്ടിയും കുറച്ചും, ഗുണിച്ചും ഹരിച്ചും എഴുതിയ വലിയ കണക്കുകളും പേരുവിവരങ്ങളും ഉണ്ട്. പേരും പെരുമയും നേടാൻ കോടികൾ വാരിയെറിയുന്ന മനുഷ്യനോ ഇരുപത്തിനാല് മണിക്കൂർ കിട്ടിയിട്ടും തികയുന്നില്ല.

വെറും ആവിയായ മനുഷ്യനെ ദൈവത്തെക്കാൾ ഉപരിയായി പ്രശംസിക്കുന്നു, പ്രകീർത്തിക്കുന്നു, ആദരിക്കുന്നു, പുകഴ്ത്തുന്നു. സകല ബഹുമാനവും മനുഷ്യന് പോകുന്നു. വെറും മേമ്പൊടിയായി മാത്രം കേൾക്കുന്നു യേശുവിൻ നാമം.

അദൃശ്യനാം ഞാൻ ചുറ്റുപാടും കണ്ടതോ, കണക്കു പറയുന്ന ഒരു കൂട്ടം, ഇലക്ഷൻ ചർച്ചകളും ക്യാൻവാസ്സിംങ്ങും പൊടിപൂരം നടക്കുന്നുണ്ടു പുറകിൽ, നീരോട്ടമുള്ള മേച്ചിൽ പുറത്തിനായുള്ള ശുപാർശകൾക്കും കുറവില്ല.

ഇന്നെവിടെ മാനസാന്തരം, എവിടെ കണ്ണീർ, കണ്ണീർ വീണ മണ്ണിന്നെവിടെ, നനയുന്നുണ്ടോ ആ മണ്ണുകൾ ഇന്നും, എത്ര പേരുകൾ ജീവപുസ്തകത്തിൽ എഴുതപെടുന്നു.

ഇത്രയും ചിലവഴിച്ചിട്ടും ഒരു പേരുപോലും എഴുതുവാൻ ഇന്നും കഴിഞ്ഞില്ലല്ലോ എന്ന പരിഭവത്തോടെ പുസ്തകം മടക്കി തിരിച്ചു പോകാൻ ഒരുങ്ങവേ കേട്ടു ഞാൻ അശരീരി “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു”, “കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ””, “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല”, “നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;” ( 2 പത്രൊ 3:9, യാക്കോ 5:7, എബ്ര 10:37, സഭാ 11:1).

“മാറാനാഥാ”

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply