എരുമേലി വിമാനത്താവളം: പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി
ന്യൂഡൽഹി: എരുമേലിയിലെ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കേരള സർക്കാർ സംരംഭമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനാണ് 2020 ജൂണിൽ 2008ലെ ഗ്രീൻഫീൽഡ് എയർപോർട്ട് പോളിസിയനുസരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചത്.
എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ (എഎഐ), പ്രതിരോധ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എന്നീ സ്ഥാപനങ്ങൾ അപേക്ഷ പരിഗണിച്ചതിനു പിന്നാലെയാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുവദിക്കുന്നത്. വിമാനത്താവളത്തിന്റെ ടെക്നോ-ഇക്കോണമിക് ഫീസിബിലിറ്റി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഐഡിസിയോട് എയർപോർട്ട് അഥോറിറ്റി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 2022 ജൂണിലാണ് കെഎസ്ഐഡിസി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
എരുമേലി ശബരിമല വിമാനത്താവളത്തിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി നൽകിയ ചോദ്യത്തിനാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി.