പീഡിപ്പിച്ചതായും നിർബന്ധിത മതംമാറ്റം നടത്തുന്നുവെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: തമിഴ്നാട്ടിൽ വിഎച്ച്പി നേതാവ് അറസ്റ്റിൽ
ചെന്നൈ: കത്തോലിക്കാ വൈദികനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് അറസ്റ്റിൽ. വിഎച്ച്പി അരിയാളൂര്‍ ജില്ലാ സെക്രട്ടറി മുത്തുവേൽ (40) ആണ് അറസ്റ്റിലായത്. അരിയാളൂര്‍ ലൂർദ് മാതാ ദേവാലയ വികാരി ഫാ. ഡൊമിനിക് സാവിയോയെയാണ് പ്രതി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്.
25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ അപകീർത്തിപ്പെടുത്തുമെന്ന് മുത്തുവേൽ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വിദ്യാർഥിനികളെ പീഡിപ്പിച്ചതായും നിർബന്ധിത മതംമാറ്റം നടത്തുന്നുവെന്നും പ്രചരിപ്പിക്കുമെന്നും മതസംഘർഷമുണ്ടാക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. കഴിഞ്ഞ ജനുവരിയിൽ ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ മുത്തുവേൽ. വിദ്യാർഥിനിയുടെ മരണത്തിനു പിന്നിൽ മതംമാറ്റമാണെന്ന തരത്തിൽ ഇയാളുടെ നേതൃത്വത്തിൽ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ മുത്തുവേലിന്റെ പങ്ക് തെളിഞ്ഞത്.
മതംമാറ്റ ആരോപണം ഉന്നയിച്ച് തമിഴ്നാട്ടിൽ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും നേരേ സംഘപരിവാർ സംഘടനകൾ പ്രചാരണം അഴിച്ചുവിടുന്നത് പതിവാണ്.