ക്രൈസ്തവർക്കു നേരേ നൈജീരിയയിൽ വ്യാപക അക്രമം; 30 പേർ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിൽ തെരഞ്ഞെടുപ്പിനുശേഷം ബെന്യു സംസ്ഥാനത്തെ ഗ്രാമങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ മുപ്പതിലേറെ ക്രൈസ്തവർ കൊല്ലപ്പെട്ടു.
മകുർദി രൂപത ജസ്റ്റീസ് ആൻഡ് പീസ് കമ്മീഷൻ(ജെപിസി) ഡയറക്ടർ ഫാ. റെമിജിയുസ് ഇഹ്യുലയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെത്തുടർന്ന് രൂപതയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ അഗാഗ്ബെ ക്യാന്പിലെ ജീവനക്കാരെ സൈന്യം സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.
സൈനികരുടെ ആയുധങ്ങളുമായെത്തിയാണ് ഫുലാനി ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. അധികൃതരുടെ സഹായം ഫൂലാനി ഭീകരർക്കു ലഭിച്ചെന്ന് സംശയിക്കുന്നതായി ഫാ. റെമിജിയുസ് പറഞ്ഞു.
ഫെബ്രുവരി 23നും മാർച്ച് ഒന്നിനും ഇടയിലാണ് ആക്രമണമുണ്ടായത്. ട്യോപാവ്, അൻവാസ്, ഗ്രാമങ്ങളിലായിരുന്നു രൂക്ഷമായ ആക്രമണം. ഏഴ് ഗ്രാമങ്ങളിൽ ക്രൈസ്തവർ കൂട്ടക്കൊലയ്ക്കിരയായി. ക്രൈസ്തവരെ പുറത്താക്കി കൂടുതൽ ഗ്രാമങ്ങൾ ഫൂലാനി ഭീകരർ പിടിച്ചെടുത്തു.